National
പാർലമെന്റ് സുരക്ഷാ വീഴ്ച തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം: രാഹുൽ ഗാന്ധി
പ്രധാനമന്ത്രിയുടെ നയം മൂലമുള്ള തൊഴിലില്ലായ്മയാണ് ഇത്തരമൊരു പ്രവർത്തി ചെയ്യാൻ യുവാക്കളെ പ്രേരിപ്പിച്ചതെന്ന് രാഹുൽ
ന്യൂഡൽഹി | പാർലമെന്റിൽ കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ വീഴ്ച്ചയിൽ ബിജെപിയെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ച് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ നയം മൂലമുള്ള തൊഴിലില്ലായ്മയാണ് ഇത്തരമൊരു പ്രവർത്തി ചെയ്യാൻ യുവാക്കളെ പ്രേരിപ്പിച്ചതെന്ന് രാഹുൽ വ്യക്തമാക്കി.
സുരക്ഷാ ലംഘനം ഉണ്ടായിട്ടുണ്ടെന്നും ഇത് രാജ്യത്തെ യുവാക്കൾക്കിടയിൽ സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് സംഭവിച്ചതാണെന്നുമായിരുന്നു രാഹുലിന്റെ വാദം. ലോക്സഭാ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് അതിക്രമ കേസിൽ അറസ്റ്റ് രേഖപെടുത്തിയ നാലുപേരും തൊഴിൽരഹിതരായിരുന്നു. ജോലി ലഭിക്കാത്തതിൽ യുവാക്കൾ നിരാശരായിരുന്നെന്ന് ഇവരുടെ വീട്ടുകാർ ഇതിനോടകം വ്യക്തമാക്കിയിരുന്നു.
ലോക്‌സഭയിൽ അതിക്രമം നടത്തിയ കേസിൽ ഡി മനോരജ്ഞൻ, സാഗർ ശർമ്മ എന്നിവരും പാർലമെന്റിനു പുറത്ത് മുദ്രാവാക്യം വിളിച്ചതിൽ നീവം , അമോൽ ഷിൻഡ എന്നിവരുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.