Connect with us

From the print

പാര്‍ലിമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ

നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളുണ്ടാകും. വഖ്ഫ് ബില്ലടക്കം 16 ബില്ലുകള്‍ അവതരിപ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | ബജറ്റ് അവതരണത്തിനു വേണ്ടി ചേരുന്ന പാര്‍ലിമെന്റ്‌സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നാളെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കും. ഇതിനു മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. ലോക്സഭയിലാണ് സംയുക്ത സഭാ സമ്മേളനം ചേരുക.

രാഷ്ട്രപതിയുടെ പ്രസംഗത്തിനു പിന്നാലെ സാമ്പത്തിക സര്‍വേ റിപോര്‍ട്ട് ധനമന്ത്രി സഭയില്‍ വെക്കും. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാകും സാമ്പത്തിക സര്‍വേ റിപോര്‍ട്ട്. നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റില്‍ രാജ്യം പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന മധ്യവര്‍ഗത്തിന്റെ ഭാരം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍, കാര്‍ഷിക മേഖലക്ക് കൂടുതല്‍ ഇളവുകളും പ്രോത്സാഹനവും തുടങ്ങിയവ ബജറ്റിലുണ്ടാകുമെന്നാണ് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദായ നികുതിയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. ആദായ നികുതിദായകരുടെ നികുതി ബാധ്യതകള്‍ ലളിതമാക്കുന്നതിനുള്ള പുതിയ ആദായനികുതി ബില്ല് ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി എത്തിയേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ധനമന്ത്രി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ ഭാഗമായിട്ടായിരിക്കില്ല മറിച്ച് പ്രത്യേകം ബില്ലായി അവതരിപ്പിക്കുമെന്നാണ് വിവരം. അതേസമയം, ഇത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റില്‍ ഇടംപിടിച്ചേക്കും.

പഴയ നികുതി വ്യവസ്ഥ നിര്‍ത്തലാക്കുക, പ്രതിവര്‍ഷം പത്ത് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് പൂജ്യം വരുമാന നികുതി ഏര്‍പ്പെടുത്തുക എന്നിങ്ങനെ ചില നികുതി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. വഖ്ഫ് ഭേദഗതി ബില്ല് അടക്കമുള്ള 16 ബില്ലുകളാണ് രണ്ട് ഘട്ടങ്ങളായി നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

വഖ്ഫ് ഭേദഗതി ബില്ല്: ജെ പി സി റിപോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി വഖ്ഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലിമെന്ററി സമിതി (ജെ പി സി)യുടെ റിപോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് സമര്‍പ്പിച്ചു. ജെ പി സി ചെയര്‍മാന്‍ ജഗദംബിക പാലിന്റെ നേതൃത്വത്തില്‍ സംഘം ഇന്നലെ പാര്‍ലിമെന്റ് ഹൗസിലെ സ്പീക്കറുടെ ഓഫീസില്‍ വെച്ചാണ്് റിപോര്‍ട്ട് കൈമാറിയത്.

കഴിഞ്ഞ ദിവസം, പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളി റിപോര്‍ട്ട് ജെ പി സി യോഗം പാസ്സാക്കിയിരുന്നു. കരട് നിയമനിര്‍മാണത്തെക്കുറിച്ചുള്ള റിപോര്‍ട്ട് 11നെതിരെ 15 വോട്ടോടെ അംഗീകരിക്കുകയായിരുന്നു. ഭരണകക്ഷി അംഗങ്ങള്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ മാത്രമാണ് റിപോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ അംഗങ്ങള്‍ 44 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും ഒന്നുപോലും അംഗീകരിക്കപ്പെട്ടില്ല. വഖ്ഫ് ബോര്‍ഡുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നീക്കം ഭരണഘടനാവിരുദ്ധമാണെന്നും വിശേഷിപ്പിച്ച് പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പുകള്‍ സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകള്‍ കൂടുതല്‍ കടുപ്പിച്ചാണ് ജെ പി സി റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപോര്‍ട്ട് ഇന്ന് ലോക്സഭയില്‍ വെക്കും. തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് പോകുകയും റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള പുതിയ ബില്ല് ഈ പാര്‍ലിമെന്റ്‌സമ്മേളനത്തില്‍ തന്നെ എത്തിയേക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

 

 

Latest