parliament
പാർലിമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും
പ്രതിപക്ഷ ഐക്യത്തിന് യോഗം
ന്യൂഡൽഹി | രാഹുൽ ഗാന്ധിയുടെ അയോഗ്യത, അദാനി വിഷയത്തിൽ ജെ പി സി അന്വേഷണം എന്നിവയെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലിമെന്റ്സ്തംഭനം തുടരുന്നു. ഇന്നലെയും ഇരു സഭകളും നടപടികൾ പൂർത്തിയാക്കാതെ പിരിഞ്ഞു. രാവിലെ 11ന് ചേർന്നപ്പോൾ തന്നെ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചു. ഇതോടെ സഭ രണ്ട് വരെ നിർത്തിവെച്ചു. തുടർന്ന് ചേർന്നപ്പോഴും പ്രതിഷേധം തുടർന്നതോടെ ഇരു സഭകളും ഇന്നലെത്തേക്ക് പിരിയുകയായിരുന്നു.
കഴിഞ്ഞ മാസം 13ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും. ലോക്‌സഭയിൽ ബജറ്റ് പാസ്സാക്കി ഇന്ന് അനശ്ചിതകാലത്തേക്ക് പിരിയും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതുമുതൽ പ്രതിപക്ഷവും ഭരണപക്ഷവും ഉയർത്തിയ പ്രതിഷേധങ്ങളെ തുടർന്ന് ഒരു ദിവസം പോലും ശരിയായ രീതിയിൽ സഭ നടന്നിട്ടില്ല. രാഹുൽ ഗാന്ധിയുടെ യു കെ പ്രസംഗത്തിലെ പരാമർശത്തിൽ മാപ്പ് പറയണമെന്നും പാർലിമെന്റിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ഭരണകക്ഷിയായ ബി ജെ പിയും സഖ്യകക്ഷികളും പ്രതിഷേധിച്ചിരുന്നത്.
എന്നാൽ, അപകീർത്തി കേസിൽ രാഹുലിനെ രണ്ട് വർഷത്തേക്ക് ശിക്ഷിക്കുകയും ലോക്‌സഭാംഗത്വം റദ്ദാക്കുകയും ചെയ്തതോടെ ബി ജെ പി പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ, അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സംയുക്ത പാർലിമെന്ററി സമിതി (ജെ പി സി) അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം രാഹുലിന്റെ അയോഗ്യതയോടെ ശക്തിപ്പെട്ടു. വിഷയത്തിൽ പ്രതിപക്ഷ നിരയിൽ ഐക്യം കൂടുതൽ ശക്തമായതോടെ പാർലിമെന്റ്നടപടികളുമായി സർക്കാറിന് മുന്നോട്ടുപോകാൻ പ്രയാസമായി.
പാർലിമെന്റിലെ പ്രതിഷേധം ആസൂത്രണം ചെയ്യാൻ ഇന്നലെയും പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ്സ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതിയിലായിരുന്നു യോഗം. ഡി എം കെ, എസ് പി, ശിവസേന ( ഉദ്ധവ്), തൃണമൂൽ, ജെഡിയു, എഎപി, സി പി ഐ, സി പി എം, ആർ ജെഡി, ജെ എം എം, ആർ എസ് പി, മുസ് ലിം ലീംഗ് ഉൾപ്പെടെയുള്ള കക്ഷികൾ യോഗത്തിൽ പങ്കെടുത്തു.