Connect with us

National

പാര്‍ലമെന്റ് അതിക്രമകേസ്; പ്രശസ്തരാവാന്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രതികള്‍ ആഗ്രഹിച്ചെന്ന് ഡല്‍ഹി പോലീസ്

പ്രതികള്‍ക്ക് പിന്നില്‍ മറ്റ് പ്രേരകശക്തികളില്ലെന്നും പുറത്തുനിന്ന് ധനസഹായമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി|പാര്‍ലമെന്റ് അതിക്രമ കേസിലെ ആറ് പ്രതികളും പ്രശസ്തരാവാന്‍ എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചെന്ന് ഡല്‍ഹി പോലീസ്. പ്രതികള്‍ക്ക് പിന്നില്‍ മറ്റ് പ്രേരകശക്തികളില്ലെന്നും പുറത്തുനിന്ന് ധനസഹായമൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്താലും തങ്ങള്‍ കടുത്ത കുറ്റകൃത്യമല്ല ചെയ്യുന്നത് എന്നതിനാല്‍ പുറത്തുവിടുമെന്ന ധാരണയും പ്രതികള്‍ക്കുണ്ടായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സാഗര്‍ ശര്‍മ, മനോരഞ്ജന്‍ ഡി, നീലം ദേവി, അമോള്‍ ഷിന്‍ഡെ, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരാണ് പാര്‍ലമെന്റ് അതിക്രമ കേസിലെ പ്രതികള്‍.

ഭഗത് സിങ് ഫാന്‍ ക്ലബ് എന്ന ഫേസ്ബുക് ഗ്രൂപ്പുണ്ടാക്കിയ മനോരഞ്ജനാണ് സംഭവത്തിന്റെ സൂത്രധാരന്‍. സമാനസ്വഭാവമുള്ളവരെ കണ്ടെത്തി, പ്രശസ്തരാവാന്‍ എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. പ്രതികള്‍ നാലുവര്‍ഷമായി തമ്മില്‍ അറിയുന്നവരാണെന്നും പാര്‍ലമെന്റില്‍ അതിക്രമം നടത്താനുള്ള പദ്ധതി ഒരു വര്‍ഷം മുമ്പാണ് തയാറാക്കിയതെന്നും പോലീസ് വ്യക്തമാക്കി.

ബ്രിട്ടീഷ് ഭരണകാലത്ത് ഡല്‍ഹി നിയമസഭയില്‍ ഭഗത് സിങ് നടത്തിയതുപോലൊരു പ്രവൃത്തി പുനരാവിഷ്‌കരിക്കുകയാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 13നായിരുന്നു പാര്‍ലമെന്റിനകത്ത് അതിക്രമം നടന്നത്.

മൈസുരുവില്‍നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസില്‍ സന്ദര്‍ശക ഗാലറിയിലെത്തിയ സാഗര്‍ ശര്‍മയും മനോരഞ്ജന്‍ ഗൗഡയും എം.പിമാര്‍ക്കിടയിലേക്ക് ചാടിവീഴുകയായിരുന്നു. ഇവരെ എം.പിമാര്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. പാര്‍ലമെന്റിനു പുറത്ത് ഇവരുടെ കൂട്ടാളികളായ നീലവും അമോള്‍ ഷിന്‍ഡെയും പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തിയിരുന്നു. ഇവരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടത്തിലുള്ള രണ്ട് പ്രതികളെ പിന്നീടാണ് പോലീസ് പിടികൂടിയത്.

 

 

 

 

---- facebook comment plugin here -----

Latest