Connect with us

National

പാര്‍ലമെന്റ് അതിക്രമ കേസ്; മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ അറസ്റ്റില്‍

കര്‍ണാടക ബാഗല്‍കോട്ട് സ്വദേശി സായ്കൃഷ്ണ ജഗലിയാണ് അറസ്റ്റിലായത്.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റ് അതിക്രമ കേസില്‍ ഒരാളെ കൂടി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബാഗല്‍കോട്ട് സ്വദേശി സായ്കൃഷ്ണ ജഗലിയാണ് അറസ്റ്റിലായത്. ഇദ്ദേഹം സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ്. സായ്കൃഷ്ണയുടെ പിതാവ് കര്‍ണാടക പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് ഇദ്ദേഹം പോലീസ് പിടിയിലായത്. സായ്കൃഷ്ണയെ പോലീസ് ഡല്‍ഹിയിലെത്തിച്ചു.

പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറിയ ഡി. മനോരഞ്ജന്റെ സുഹൃത്താണ് സായ്കൃഷ്ണ. മനോരഞ്ജനെ ചോദ്യം ചെയ്തപ്പോഴാണ് സായ്കൃഷ്ണയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. മനോരഞ്ജനൊപ്പം ബെംളുരുവിലെ എഞ്ചിനീയറിങ് കോളജില്‍ സായ്കൃഷ്ണ പഠിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

അതേസമയം സായ് കൃഷ്ണ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സഹോദരി സ്പന്ദന പറഞ്ഞു. ഡല്‍ഹി പോലീസ് വീട്ടില്‍ വന്നു സഹോദരനെ ചോദ്യം ചെയ്തു. ഞങ്ങള്‍ പോലീസിനോട് നല്ലരീതിയില്‍ സഹകരിച്ചു. സായ്കൃഷ്ണ തെറ്റൊന്നും ചെയ്തിട്ടില്ല. സഹോദരന്‍ കുറേക്കാലമായി വീട്ടിലിരുന്നാണ്‌ജോലി ചെയ്തിരുന്നതെന്നും സ്പന്ദന കൂട്ടിച്ചേര്‍ത്തു. .

പാര്‍ലമെന്റ് അതിക്രമവുമായി ബന്ധപ്പെട്ട് നേരത്തെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശൂന്യവേളയിലാണ് ലോക്‌സഭയിലെ സന്ദര്‍ശക ഗാലറിയില്‍നിന്ന് മനോരഞ്ജന്‍, സാഗര്‍ ശര്‍മ എന്നിവര്‍ ചാടിയിറങ്ങി പുകത്തോക്കില്‍നിന്ന് മഞ്ഞനിറത്തിലുള്ള പുക പരത്തിയത്. പാര്‍ലമെന്റിന് പുറത്ത് അമോല്‍ ഷിന്‍ഡെ, നീലം ദേവി എന്നിവരും പുകത്തോക്ക് പൊട്ടിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. ഇവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടുകയും ചെയ്തിരുന്നു.

 

 

---- facebook comment plugin here -----

Latest