National
പാര്‍ലമെന്റ് അതിക്രമ കേസ്; മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്ന് മുഖ്യസൂത്രധാരന്റെ മൊഴി
കേസിലെ മറ്റ് പ്രതികളായ മഹേഷിനെയും കൈലാഷിനെയും തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിന് പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ട്.
ന്യൂഡല്‍ഹി| പാര്‍ലമെന്റ് അതിക്രമ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരന്‍ ലളിത് ഝാ. മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. സാങ്കേതിക തെളിവ് ശേഖരണത്തില്‍ ഇത് പോലീസിന് വെല്ലുവിളിയാകും. രാജസ്ഥാനില്‍വച്ച് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞെന്ന മൊഴി പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കേസിലെ മറ്റ് പ്രതികളായ മഹേഷിനെയും കൈലാഷിനെയും തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിന് പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ട്.
പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഇന്നലെയാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കര്‍ഥ്യവ് പഥ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യാനായി മാറ്റി. കേസില്‍ ആറു പേരാണ് ഉള്ളതെന്നാണ് ഡല്‍ഹി പോലീസ് പറഞ്ഞിരുന്നത്. ഇയാള്‍ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായതായി പോലീസ് വ്യക്തമാക്കുന്നു.
അതേസമയം, പാര്‍ലമെന്റ് സുരക്ഷ വീഴ്ചയില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു.