National
പാർലിമെന്റ് അതിക്രമം: പ്രതികൾ സ്വയം തീകൊളുത്താനും പദ്ധതിയിട്ടെന്ന് പോലീസ്
ഗൂഢാലോചനകൾ ചോരാതിരിക്കാൻ ഇൻസ്റ്റന്റ് മെസ്സേജിംഗ് ആപ്പായ സിഗ്നൽ വഴിയാണ് പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നത്.
ന്യൂഡൽഹി | പാർലിമെന്റ് അതിക്രമക്കേസിലെ പ്രതികൾ പാർലിമെന്റിന് ഉള്ളിൽ സ്വയം തീകൊളുത്താനും പദ്ധതിയിട്ടിരുന്നതായി പോലീസ്. എന്നാൽ ശരീരത്തിൽ പുരട്ടുന്ന ഫയർ പ്രൂഫ് ക്രീം കിട്ടാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും പിന്നീടാണ് കളർ സ്പ്രേ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും പ്രതികൾ മൊഴി നൽകിയതായി ഡൽഹി പോലീസ് വെളിപ്പെടുത്തി. പാർലിമെന്റിന്റെ നടുത്തളത്തിലേക്ക് ചാടുന്നതിന് മുമ്പ് ലഘുലേഖകൾ വിതരണം ചെയ്യാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നുവത്രെ.
ഏഴ് കളർസ്പ്രേ ബോട്ടിലുകളുമായാണ് പ്രതികൾ പാർലിമെന്റിൽ എത്തിയതന്നും അന്വേഷണത്തിൽ വ്യക്തമായി. കൃത്യം നടപ്പാക്കുന്നതിന് മുമ്പ് പ്രതികൾ ഗൂഗിളിൽ പാർലിമെന്റ് പരിസരം വീക്ഷിച്ചിരുന്നു. പാർലിമെന്റിലെ സുരക്ഷാ പരിശോധനകളുടെ പഴ വീഡിയോകളും പ്രതികൾ കണ്ടിരുന്നു. എന്തെല്ലാം സുരക്ഷാപഴുതുകൾ ഉണ്ടെന്ന് കണ്ടെത്താനായിരന്നു ഈ നീക്കങ്ങളെല്ലാം.
പദ്ധതി പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ സുരക്ഷിതായി ചാറ്റ് ചെയ്യുന്നതിനുള്ള വഴികളും ഇവർ തേടിയിരുന്നു. ഇൻസ്റ്റന്റ് മെസ്സേജിംഗ് ആപ്പായ സിഗ്നൽ വഴിയാണ് പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നത്. മാധ്യമശ്രദ്ധ നേടുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു. പാർലിമെന്റിൽ അതിക്രമിച്ചു കയറുന്നതിന് മുമ്പ് തങ്ങളുടെ സന്ദേശം സർക്കാറിനെ അറിയിക്കാൻ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്നും പ്രതികൾ അന്വേഷിച്ചിരുന്നുവെന്നാണ് വിവരം.
പ്രതികൾക്ക് പാർലിമെന്റിൽ പ്രവേശിക്കാൻ പാസ് നൽകിയ ബി ജെ പിയുടെ മൈസൂർ എം.പി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.