Editorial
സംവാദങ്ങളില്ലാത്ത പാര്‍ലിമെന്റ്!
ഇന്നു പക്ഷേ അംഗങ്ങളുടെ ഭിന്നാഭിപ്രായങ്ങള്‍ക്കു നേരേ മുഖം തിരിച്ച് അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് പല ബില്ലുകള്‍ക്കും അംഗീകാരം നല്‍കുന്നത്.
പാര്‍ലിമെന്റിന്റെ കാര്യക്ഷമതയില്ലായ്മയിലും അപചയത്തിലും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. “പണ്ട് സഭയില്‍ ക്രിയാത്മക സംവാദങ്ങള്‍ നടന്നിരുന്നു. സാമ്പത്തിക ബില്ലുകളെപ്പറ്റിയുള്ള ഒട്ടേറെ നല്ല ചര്‍ച്ചകള്‍ കാണാമായിരുന്നു. നിയമ നിര്‍മാണത്തിന്റെ പ്രാധാന്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു അന്ന്. വേണ്ടവിധത്തിലുള്ള ചര്‍ച്ചകള്‍ നടക്കാതെയാണ് ഇപ്പോള്‍ നിയമ നിര്‍മാണങ്ങള്‍ നടത്തുന്നത്. ചില നിയമങ്ങള്‍ എന്തിന് വേണ്ടിയാണെന്ന് പോലും മനസ്സിലാകുന്നില്ല. ഇത് ജനങ്ങള്‍ക്കും കോടതിക്കും പലവിധത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും ഒട്ടേറെ വ്യവഹാരങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു. ഏറെ നിരാശാജനകമാണ് ഇപ്പോഴത്തെ സഭാ നടപടികള്‍’- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്ന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമാണ് നിയമ നിര്‍മാണ സഭകള്‍. ജനങ്ങളുടെ സുഗമമായ ജീവിതത്തിനാവശ്യമായ നിയമ നിര്‍മാണം നടത്തുകയും രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളിലെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുകയുമാണ് നിയമ നിര്‍മാണ സഭകളുടെ മുഖ്യ കര്‍ത്തവ്യങ്ങള്‍. സൂക്ഷ്മമായ പഠനത്തിനും ഫലപ്രദമായ സംവാദങ്ങള്‍ക്കും ശേഷമായിരിക്കണം ഭരണ നിര്‍വാഹകര്‍ നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടതും നിയമ നിര്‍മാണ സഭകള്‍ അത് അംഗീകരിക്കേണ്ടതും. ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയ പോലെ മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇത് കാണാമായിരുന്നു. ചര്‍ച്ച കൂടാതെ നിയമങ്ങള്‍ പാസ്സാക്കാറുണ്ടായിരുന്നില്ല. സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ ശക്തമായ വിയോജിപ്പുകളുള്ളപ്പോഴും സഭയുടെ അന്തസ്സിനെക്കുറിച്ചുള്ള ബോധ്യത്തില്‍ നിന്നുടലെടുത്ത സൗഹൃദം സഭക്കുള്ളില്‍ നിലനിന്നിരുന്നു. എഴുപതുകളില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രതിപക്ഷത്തോടുള്ള വിയോജിപ്പുകള്‍ക്കിടെ തന്നെ പല തലങ്ങളിലും അവരുമായി ആശയവിനിമയം നടത്തിയിരുന്നതായി ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ അനുസ്മരിക്കുന്നു. ഇന്നു പക്ഷേ അംഗങ്ങളുടെ ഭിന്നാഭിപ്രായങ്ങള്‍ക്കു നേരേ മുഖം തിരിച്ചും സംശയങ്ങള്‍ ദൂരീകരിക്കാതെയും അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് സുപ്രധാനമായ പല ബില്ലുകള്‍ക്കും അംഗീകാരം നല്‍കുന്നത്. പലപ്പോഴും പാര്‍ലിമെന്റ് സമ്മേളനം തീരാനുള്ള അവസാന മണിക്കൂറുകളിലായിരിക്കും ഒരു രാജ്യത്തിന്റെ ഭാഗധേയത്തെ തന്നെ നിയന്ത്രിക്കാനുള്ള ബില്ലുകള്‍ തിരക്കിട്ടു പാസ്സാക്കുന്നത്.
കഴിഞ്ഞ സെപ്തംബറിലെ വര്‍ഷകാല സമ്മേളനത്തില്‍ കേവലം ഒരാഴ്ചക്കിടെ 22 ബില്ലുകളാണ് മോദി സര്‍ക്കാര്‍ പാസ്സാക്കിയത്. കൃഷി, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഈ ബില്ലുകളില്‍ പലതും ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്നതും വിശദമായ ചര്‍ച്ചക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്. സാധാരണ രീതിയില്‍ പ്രധാനപ്പെട്ട ബില്ലുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ സംയുക്ത പാര്‍ലിമെന്ററി സമിതിക്കോ സെലക്ട് കമ്മിറ്റിക്കോ വിടാറുണ്ട്. മേല്‍ പറഞ്ഞ പല ബില്ലുകളിലും പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചിട്ടും ഭരണപക്ഷം ചെവിക്കൊണ്ടതേയില്ല. മോദി സര്‍ക്കാര്‍ അധികാരമേറിയ ശേഷം ബില്ലുകള്‍ വിശദ പരിശോധനക്കായി പാര്‍ലിമെന്റ് കമ്മിറ്റികള്‍ക്കു വിടുന്ന സമ്പ്രദായം പാടേ കുറഞ്ഞുവരികയാണ്. പതിനാലാമത് ലോക്‌സഭയുടെ കാലത്ത് 60 ശതമാനവും പതിനഞ്ചാം ലോക്‌സഭാ കാലത്ത് 71 ശതമാനവും ബില്ലുകള്‍ പാര്‍ലിമെന്ററി സമിതികളുടെ പരിശോധനക്ക് വിധേയമായിരുന്നു. എന്നാല്‍ പതിനാറാം ലോക്‌സഭയുടെ കാലത്ത് ഇത് 27 ശതമാനമായി കുത്തനെ കുറഞ്ഞു.
ഇത്തവണത്തെ വര്‍ഷകാല സമ്മേളനത്തിലും ഇതു തന്നെ സംഭവിച്ചു. ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്‍, ഉള്‍നാടന്‍ നൗക ബില്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടെ പല ബില്ലുകളും ചര്‍ച്ച ചെയ്യാതെ പാസ്സാക്കി. പെഗാസസ് ഫോണ്‍ ചോര്‍ച്ചയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധം സര്‍ക്കാറിന് ഇതിനു തുണയാകുകയും ചെയ്തു. കാര്‍ഷിക നിയമ ഭേദഗതി പാസ്സാക്കിയ ജനാധിപത്യ വിരുദ്ധ നിലപാട് സുപ്രീം കോടതിയുടെ തന്നെ വിമര്‍ശത്തിന് വിധേയമാകുകയുണ്ടായി. സര്‍ക്കാര്‍ മതിയായ ചര്‍ച്ചകളില്ലാതെ ബില്‍ അംഗീകരിച്ചതാണ് കര്‍ഷക സമരത്തിന് ഇടയാക്കിയതെന്നും സമരത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണമെന്നുമാണ് കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജിയുടെ പരിഗണനാ വേളയില്‍ 2021 ജനുവരി 11ന് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞത്.
മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ചര്‍ച്ചകള്‍ നടക്കാത്ത പാര്‍ലിമെന്റിനെ വിമര്‍ശിച്ചിരുന്നു. “ചര്‍ച്ചകളില്ലാതെ നിയമം പാസ്സാക്കുന്നത് ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണ്. ഇത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. പ്രവര്‍ത്തിക്കുന്ന ഒരു നിയമ നിര്‍മാണ സഭയില്ലെങ്കില്‍ ഭരണവുമില്ല. ജനങ്ങളുടെ താത്പര്യമാണ് നിയമ നിര്‍മാണ സഭയില്‍ പ്രതിഫലിക്കേണ്ടത്. ചര്‍ച്ചകളിലൂടെയുള്ള പുരോഗമനപരമായ നിയമ നിര്‍മാണം ജനങ്ങളുടെ അഭിലാഷങ്ങള്‍ തിരിച്ചറിയാനുള്ള അവസരം സൃഷ്ടിക്കും. അതിനു വേണ്ടിയുള്ളതാണ് നിയമ നിര്‍മാണ സഭ’- അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 107ാം അനുഛേദത്തിലും വ്യക്തമാണ് നിയമ നിര്‍മാണത്തില്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ആവശ്യകത. പ്രതിപക്ഷ ബഹളത്തിന്റെയും സഭാ സ്തംഭനത്തിന്റെയും മറവിലാണ് സര്‍ക്കാര്‍ പലപ്പോഴും ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസ്സാക്കുന്നത്. കുറ്റം പ്രതിപക്ഷത്തിന്റെ മേല്‍ വെച്ചുകെട്ടുകയും ചെയ്യും. എന്നാല്‍ സഭയിലെ ബഹളാന്തരീക്ഷം വിവാദ ബില്ലുകള്‍ പാസ്സാക്കാനുള്ള അവസരമായി കാണുകയല്ല, പ്രതിപക്ഷ പ്രതിഷേധത്തിനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുകയും തുടര്‍ന്ന് അവരുടെ കൂടി സഹകരണത്തോടെ നിയമ നിര്‍മാണം നടത്തുകയുമാണ് സര്‍ക്കാര്‍ വേണ്ടത്. അതാണ് ജനാധിപത്യപരമായ മര്യാദ. സഭയില്‍ പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ തലമുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുരഞ്ജനത്തിന്റെ വഴി കണ്ടുപിടിക്കുമായിരുന്നു മുന്‍കാലങ്ങളില്‍. ഇന്ന് അത്തരം നേതാക്കളും ഇല്ലാതായിപ്പോയി.