Connect with us

Kerala

നാളെ ഭാഗിക സൂര്യഗ്രഹണം; കേരളത്തിലും ദൃശ്യമാകും

കേരളത്തില്‍ ഗ്രഹണം വളരെ നേരിയ തോതിലെ ദൃശ്യമാവുകയുള്ളൂ. കോഴിക്കോട് നിന്നും നോക്കുന്നവര്‍ക്ക് സൂര്യന്റെ 7.6 ശതമാനം മറയുന്നതായി കാണാനാകും. കണ്ണൂരിലിത് 8.8 ശതമാനവും കാസര്‍കോട്ടുകാര്‍ക്ക് 10.6 ശതമാനവും ദൃശ്യമാകും.

Published

|

Last Updated

കോഴിക്കോട് | നാളെ ഭാഗിക സൂര്യഗ്രഹണം. കേരളത്തിലും ഇത് ദൃശ്യമാകും. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ദൃശ്യമാകുന്ന ആദ്യത്തെയും അവസാനത്തെയും സൂര്യഗ്രഹണമാണ് 2022 ഒക്ടോബര്‍ 25 ചൊവ്വാഴ്ച വൈകിട്ട് സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യക്കു പുറത്ത് റഷ്യയിലും, കസാഖിസ്ഥാനിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും കൂടിയ തോതില്‍ സംഭവിക്കുന്നതാണ് ഈ ഭാഗിക സൂര്യഗ്രഹണം (സൂര്യന്റെ 80 ശതമാനത്തിലേറെ വരെ മറയ്ക്കപ്പെടുന്നു.)

ഇന്ത്യയില്‍ നിന്ന് നിരീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കായിരിക്കും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയുക. ഇന്ത്യയില്‍ ഏറ്റവും നന്നായി കാണാന്‍ കഴിയുന്ന ഇടങ്ങളിലൊന്നായ ജമ്മു കശ്മീരിലെ ലേയില്‍ നിന്നും ശ്രീനഗറില്‍ നിന്നും നിരീക്ഷിക്കുന്നവര്‍ക്ക് സൂര്യന് 55 ശതമാനം ഗ്രഹണം സംഭവിക്കുന്നതായി കാണാന്‍ കഴിയും. അവിടെ നിന്ന് തെക്കോട്ടോ കിഴക്കോട്ടോ നീങ്ങുന്നതനുസരിച്ച് ഗ്രഹണതോത് കുറഞ്ഞുവരും.

കേരളത്തില്‍ ഗ്രഹണം വളരെ നേരിയ തോതിലെ ദൃശ്യമാവുകയുള്ളൂ. കോഴിക്കോട് നിന്നും നോക്കുന്നവര്‍ക്ക് സൂര്യന്റെ 7.6 ശതമാനം മറയുന്നതായി കാണാനാകും. കണ്ണൂരിലിത് 8.8 ശതമാനവും കാസര്‍കോട്ടുകാര്‍ക്ക് കുറച്ചുകൂടെ മെച്ചപ്പെട്ട കാഴ്ചയായ 10.6 ശതമാനം ഗ്രഹണവും ദൃശ്യമാകും.

എന്താണ് സൂര്യഗ്രഹണം?
ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. പൂര്‍ണ സൂര്യഗ്രഹണത്തില്‍ സൂര്യന്‍ മുഴുവനായും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞുപോകും. എന്നാല്‍ ഭാഗിക ഗ്രഹണത്തിലോ വലയ ഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല.

സൂര്യഗ്രഹണ നിരീക്ഷണം കോഴിക്കോട് പ്ലാനറ്റേറിയത്തില്‍
കോഴിക്കോട് പ്ലാനറ്റേറിയം കാലിക്കറ്റ് ബീച്ചിലെ ഓപ്പണ്‍ സ്റ്റേജിന് സമീപം ടെലിസ്‌കോപ്പും ഫില്‍ട്ടറുകളും ഉപയോഗിച്ച് (മേഘരഹിതമായ സാഹചര്യമെങ്കില്‍) ഒക്ടോബര്‍ 25ന് വൈകിട്ട് 5.15 മുതല്‍ സൂര്യാസ്തമയം വരെ നിരീക്ഷണ പരിപാടി സംഘടിപ്പിക്കുമെന്ന് പ്ലാനറ്റേറിയം അറിയിച്ചു.

കോഴിക്കോട് ദൃശ്യമാകുന്ന സമയം:
തുടക്കം: 5.16 P M
പരമാവധി: 5.52 P M
സമാപ്തി : 6.04 P M
ആകെ ഗ്രഹണസമയം: 48 മിനുട്ട്