Connect with us

From the print

ക്രിയാത്മകമായ രാഷ്ട്രീയ സമീപനം സ്വീകരിക്കാൻ പാർട്ടികൾക്ക് സാധിക്കണം: എസ് വൈ എസ്

രാഷ്ട്രീയത്തിൽ സംഭവിക്കുന്ന വിശ്വാസ്യതാ നഷ്ടമാണ് നവ തലമുറയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റുന്നത്

Published

|

Last Updated

കണ്ണൂർ | അരാഷ്ട്രീയവത്കരിക്കപ്പെട്ട തലമുറ നാടിന്റെ ഭാവിയെ അപകടപ്പെടുത്തുമെന്നതിനാൽ ക്രിയാത്മകമായ രാഷ്ട്രീയ സമീപനം സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. എസ് വൈ എസ് പ്ലാറ്റിനം ഇയറുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന മാനവ സഞ്ചാരത്തിൽ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ബോധമുള്ള യുവതയാണ് ജനാധിപത്യത്തിന്റെ ശക്തി. പുതുതലമുറയിൽ രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നുണ്ട്. രാഷ്ട്രീയത്തിൽ സംഭവിക്കുന്ന വിശ്വാസ്യതാ നഷ്ടമാണ് നവ തലമുറയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റുന്നത്. അഭ്യസ്തവിദ്യർക്കും ചെയ്യാൻ പറ്റുന്ന സേവനമാണ് രാഷ്ട്രീയമെന്ന ബോധമുണ്ടാകണം.

ഈ വിഷയം രാഷ്ട്രീയ പാർട്ടികൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയരംഗത്തെ പെരുമാറ്റ ദൂഷ്യം, അഴിമതി, വികസന മുരടിപ്പ്, സ്വജനപക്ഷപാതം, പുതിയ കാലത്തെയും ലോകത്തെയും തിരിച്ചറിഞ്ഞുകൊണ്ടുള്ള കർമപദ്ധതികളുടെ അഭാവം തുടങ്ങിയവയെല്ലാം രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളും പുതുതലമുറക്ക് അനഭിമതമാകാനുള്ള കാരണമായി വർത്തിക്കുന്നുണ്ട്.

വർഗീയ ചിന്ത ഉണ്ടാക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കം സംസ്ഥാനത്ത് നടക്കുന്നുണ്ട്. യുവാക്കൾ രാഷ്ട്രീയത്തിൽ നിന്നകന്നാൽ കഴിവില്ലാത്തവർ നേതൃത്വങ്ങളിലേക്ക് വരും. ഇങ്ങനെ വന്നാൽ സ്‌നേഹവും, സാഹോദര്യവും ദുർബലമാകുകയും അത് അപകടകരമായ ചലനങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഈ പശ്ചാലത്തിൽ സമൂഹത്തിൽ ഊഷ്മളമായ സൗഹൃദങ്ങൾ സ്ഥാപിക്കാനും വർഗീയ വിഭജന ആശയങ്ങൾക്കെതിരെ ജനകീയ പ്രതിരോധമൊരുക്കാനും ലക്ഷ്യമിട്ടാണ് എസ് വൈ എസ് മാനവ സഞ്ചാരം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സയ്യിദ് ത്വാഹ സഖാഫി, സിദ്ദീഖ് സഖാഫി നേമം, സ്വാദിഖ് സഖാഫി, നിസാർ അതിരകം സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest