Kerala
പാര്‍ട്ടി നവീന്റെ കുടുംബത്തിനൊപ്പം, കള്ളപ്രചാരണങ്ങള്‍ തള്ളണം: സി പി എം
നവീന്‍ ബാബുവിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണം. പിന്നിലുള്ളവര്‍ ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം.
പത്തനംതിട്ട | പാര്‍ട്ടി നവീന്റെ കുടുംബത്തിനൊപ്പമാണെന്നും കള്ളപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും പത്തനംതിട്ട സി പി എം. കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമാണ്. വിഷയത്തില്‍ വ്യക്തമായ നിലപാടാണ് പാര്‍ട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആദ്യം മുതല്‍ സ്വീകരിച്ചിട്ടുള്ളതെന്നും സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു.
ഏറ്റവും കൂടുതല്‍ കാലം ജില്ലയില്‍ മികച്ച രീതിയില്‍ സേവനം ചെയ്ത ഉദ്യോഗസ്ഥനും സര്‍വീസ് സംഘടനാ രംഗത്തെ പ്രവര്‍ത്തകനും പാര്‍ട്ടി കുടുംബാംഗവുമായ നവീന്‍ ബാബുവുമായും കുടുംബവുമായും അടുത്ത ബന്ധമാണ് പാര്‍ട്ടിക്കുള്ളത്. സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും ജോലി ചെയ്തയാള്‍ എന്ന് പരക്കെ അംഗീകാരം നേടിയ നവീന്‍ ബാബുവിനെ കുറിച്ച് പ്രതിപക്ഷ സംഘടനകള്‍ പോലും എതിരഭിപ്രായം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഒപ്പം നില്‍ക്കുക എന്നത് ഈ ജില്ലയിലെ പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വമാണ് പാര്‍ട്ടി നിര്‍വഹിക്കുന്നത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണം. പിന്നിലുള്ളവര്‍ ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതുകൊണ്ട് തന്നെയാണ് കലക്ടറുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. നീതി ലഭിക്കും വരെ പാര്‍ട്ടി കുടുംബത്തിനൊപ്പമുണ്ടാകും. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയെന്നോ, പത്തനംതിട്ട ജില്ലയിലെ പാര്‍ട്ടിയെന്നോ ഇക്കാര്യത്തില്‍ വേര്‍തിരിവുകളില്ല. പാര്‍ട്ടി ചട്ടക്കൂട് ഒന്നേയുള്ളൂ.
വിഷയത്തില്‍ പാര്‍ട്ടി പൊതുവില്‍ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും, മുഖ്യമന്ത്രി പിണറായി വിജയനും നീതിയുക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായം ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഇതില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കും, കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കും നിലപാട് ഒന്നേയുള്ളൂ. അതിന്റെ ഭാഗമായാണ് കണ്ണൂരിലെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആരോപണവിധേയയോട് രാജി ആവശ്യപ്പെട്ടത്. പി പി ദിവ്യയുടെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുള്ളതുമാണ്. ഈ കാര്യങ്ങള്‍ ബോധ്യപ്പെട്ട് എല്ലാ കള്ള പ്രചാരണങ്ങളും തള്ളിക്കളയണമെന്ന് ഉദയഭാനു അഭ്യര്‍ഥിച്ചു.