Connect with us

From the print

ആറ്റിങ്ങൽ ഫലം ചൂണ്ടിക്കാട്ടി പാർട്ടി റിപോർട്ട്; ബി ജെ പിയിലേക്ക് സി പി എം വോട്ട് ഒഴുകി

16 മണ്ഡലങ്ങളിൽ ബി ജെ പിക്ക് വോട്ടുവിഹിതം വർധിച്ചു • 18 നിയമസഭാ മണ്ഡലങ്ങളിൽ സി പി എമ്മിന് മുന്നിൽ

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങൾ വിശകലനം ചെയ്യുന്ന സി പി എം സംസ്ഥാന കമ്മിറ്റി റിപോർട്ടിൽ ആത്മവിമർശപരമായ പരമാർശങ്ങൾ. പാർട്ടിയുടെ വോട്ടുകൾ പലയിടത്തും ബി ജെ പിക്ക് ചോരുകയാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപോർട്ടിൽ പറയുന്നു. ആറ്റിങ്ങൽ പാർലിമെന്റ് മണ്ഡലത്തിലെ പരാജയം ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് റിപോർട്ടിലെ പരാമർശം. ആറ്റിങ്ങലിലെ എൽ ഡി എഫ് പരാജയത്തിന്റെ കാരണം വോട്ടുകൾ ബി ജെ പിയിലേക്ക് പോയതാണ്. ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും സമാന സ്ഥിതിയുണ്ടായി. ആറ്റിങ്ങലിൽ യു ഡി എഫിന്റെ വിജയം എൽ ഡി എഫ് വോട്ട് ബി ജെ പിക്ക് ചോർന്നത് കൊണ്ട് മാത്രമാണെന്നും റിപോർട്ടിൽ വിശദീകരിക്കുന്നുണ്ട്. 16 ലോക്‌സഭാ മണ്ഡലങ്ങളിലും ബി ജെ പിയുടെ വോട്ട് വിഹിതം വർധിച്ചു.
മലപ്പുറം, പൊന്നാനി, ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളിൽ മാത്രമാണ് വോട്ട് വർധിക്കാതിരുന്നത്. ഇതോടൊപ്പം 18 നിയമസഭാ മണ്ഡലങ്ങളിൽ എൽ ഡി എഫിനേക്കാൾ കൂടുതൽ വോട്ട് ബി ജെ പിക്ക് ലഭിച്ചെന്നും റിപോർട്ടിൽ പറയുന്നുണ്ട്. എൽ ഡി എഫിന് ലീഡ് ലഭിച്ച നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും 18 ആണ്. ബി ജെ പി 11 മണ്ഡലങ്ങളിൽ ലീഡ് നേടി. വിശ്വാസികളുടെ പിന്തുണ ആർജിക്കാനായി ബി ജെ പിയും ആർ എസ് എസും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങളെ ഗൗരവത്തോടെ കണ്ട് പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന സ്വയംവിമർശവും നടത്തുന്നുണ്ട്.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ഇത്തവണ ബി ജെ പിയിലേക്ക് വോട്ടൊഴുകുന്ന സാഹചര്യമാണ് ഉണ്ടായത്. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ ധർമ്മടം, തളിപ്പറമ്പ്, അഴീക്കോട്, മട്ടന്നൂർ തുടങ്ങി സി പി എം ശക്തി കേന്ദ്രങ്ങളിലെല്ലാം തന്നെ ബി ജെ പി വോട്ട് വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്താണ് ഏറ്റവും കൂടുതൽ വോട്ട് നേടിയത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ 8,047 വോട്ടുകൾ അധികമായി നേടാനായി. മറ്റൊരു പാർട്ടി കേന്ദ്രമായ മട്ടന്നൂരിൽ 7,547, അഴിക്കോട് മണ്ഡലത്തിൽ 8,104 എന്നിങ്ങനെയാണ് വോട്ട് വർധിപ്പിച്ചത്. ഇവിടങ്ങളിലെല്ലാം സി പി എം വോട്ടൊഴുകിയെന്ന് തന്നെയാണ് ബി ജെ പിയുടെയും വിലയിരുത്തൽ. ഇതിന് പുറമെ ബി ജെ പി ഇത്തവണ ആലപ്പുഴയിലും ഞെട്ടിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2019 ലെ 17.24 ശതമാനത്തിൽ നിന്ന് വോട്ട് വിഹിതം 28.3 ആയി ഉയർത്താൻ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ട്. പുന്നപ്ര വടക്ക് അടക്കമുള്ള 12 പഞ്ചായത്തുകളിൽ എൽ ഡി എഫിന് മുന്നിലെത്താൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. സി പി എമ്മിന്റെ ബി ജെ പി വിരുദ്ധത ദുർബലപ്പെട്ടിട്ടുണ്ടെന്നാണ് വോട്ട് വർധനയുമായി ബന്ധപ്പെട്ട് ബി ജെ പി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ സൂക്ഷ്മ പഠനം നടത്തി തിരഞ്ഞെടുപ്പ് തന്ത്രം രൂപവത്കരിക്കാനാണ് ബി ജെ പി നീക്കം. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ സി പി എം കേന്ദ്രങ്ങളിൽ രക്ഷസാക്ഷി ഗ്രാമങ്ങൾ, ബൂത്ത്, പഞ്ചായത്ത്, നിയമസഭ മണ്ഡലം എന്നീ ക്രമത്തിൽ ലഭിച്ച വോട്ടുകളുടെ താരതമ്യ പഠനമാണ് നടത്തുക. ബി ജെ പിയിലേക്ക് പോകുന്ന സി പി എമ്മിന്റെ പരമ്പരാഗത വോട്ടുകൾ ആകർഷിക്കാനുള്ള രൂപരേഖ തയ്യാറാക്കാൻ കോൺഗ്രസ്സും നീക്കം തുടങ്ങിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

  -->  

Latest