Connect with us

shajahan murder case

ഷാജഹാന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും: എ കെ ബാലന്‍

കൊലപാതകം സംബന്ധിച്ച് ബി ജെ പിയും ആര്‍ എസ് എസും കള്ളം പ്രചരിപ്പിക്കുന്നു

Published

|

Last Updated

പാലക്കാട് ‌ കുന്നംകാട് കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. കുടുംബത്തിന് അത്താണിയായ വ്യക്തിയാണ് ഇല്ലാതായത്. അതിക്രൂരമായ, ആസൂതിധ കൊലപാതകമാണ്. ഷാജഹാന്റെ നേതൃത്വത്തില്‍ മേഖലയില്‍ നടക്കുന്ന ജനകീയ ഇടപെടലുകള്‍ തടയുകയാണ് കൊലപാതകത്തിന്റെ ലക്ഷ്യം. കൊലക്ക് പിന്നില്‍ സി പി എം പ്രവര്‍ത്തകരല്ല. നവമാധ്യമങ്ങളിലൂടെ കൊലപാകതം സി പി എമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ നവമാധ്യമങ്ങള്‍ വഴി ബി ജെ പിയും ആര്‍ എസ് എസും കള്ളപ്രചാരണം നടത്തുന്നു.

പ്രതികളെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍ എസ് എസിലാണ്. കൊലക്ക് പിന്നില്‍ ആര്‍ എസ് എസാണ്. പ്രതി നവീന്‍ അടുത്തകാലത്തായി സി പി എം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങളും മറ്റും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ്. ഇത് തുറന്നുകാട്ടുന്നതിനായി പാര്‍ട്ടി പ്രചാരണം നടത്തും. ശക്തമായ ജനകീയ പ്രതിഷേധം ഉയരുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍ എന്നിവര്‍ നേരത്തെ വധഭീഷണി മുഴക്കിയിരുന്നു. ആസൂത്രിതമായ കൊലക്ക് പിന്നില്‍ ബി ജെ പി ആണെന്നും കുടുംബവും ആരോപിക്കുന്നു. ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഷാജഹാന്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് തര്‍ക്കം തുടങ്ങിയതെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.

Latest