Connect with us

Cover Story

ഋതുക്കളുടെ സംക്രമവീഥി

വ്രതാനുഷ്ഠാനവും വിഷുവും വിശുദ്ധ നോമ്പും ഒരുമിച്ചു വരുന്ന വിശേഷപ്പെട്ട ഈ മാനുഷിക ജീവിതഘട്ടത്തെ പരസ്പര സ്‌നേഹബഹുമാനങ്ങളോടെ സ്വീകരിക്കുകയാണ് നാം. ഹിന്ദുവോ, ക്രിസ്ത്യനോ ഇസ്‌ലാമോ വ്യത്യാസമില്ലാതെ ഋതുക്കളുടെ സംക്രമ വീഥിയിൽ സഞ്ചരിക്കാൻ മനുഷ്യരാശി നിർബന്ധിതമാണ്.

Published

|

Last Updated

പ്രകൃതി അതിന്റെ നാനാവിധമായ പ്രതിഭാസങ്ങളിലൂടെ മനുഷ്യരാശിയെ സ്വാധീനിക്കുന്നു. വേരുറയ്ക്കുന്നതിനും പൂവ് വിടരുന്നതിനും കായ്കൾ പൊഴിയുന്നതിനുമെല്ലാം സൂക്ഷ്മ നിശ്ചയങ്ങളും പൊരുളുകളുമുണ്ട്. വേനലിന്റെ കാഠിന്യത്തിൽ ഭൂമി ചുട്ടുനീറുമ്പോൾ കണിക്കൊന്ന മഞ്ഞപ്പൂങ്കുല ഞൊറിയിട്ടു വിടർത്തി മനസ്സിന് സ്വാസ്ഥ്യം നൽകുന്നു. കർഷക ജനതയുടെ അധ്വാനഫലങ്ങൾ കണികണ്ടു തൊഴുകയും മുതിർന്ന തലമുറയുടെ സമ്പാദ്യച്ചെപ്പിൽ നിന്ന് പ്രതീകാത്മകമായി അൽപ്പം ഇളംതലമുറക്ക് ദാനം നൽകുകയും ചെയ്യുന്നതിലെ സന്ദേശം വലുതല്ലേ
ആണ്ടിലൊരു പ്രാവശ്യം ഏതാനും ദിവസങ്ങൾ ഏകാന്തവാസത്തിൽ മുഴുകുകയും അൽപ്പ ഭക്ഷണം മാത്രം കഴിച്ച് പ്രാർഥനയിൽ സ്വയം നവീകരിക്കുകയും ചെയ്യുന്നതിലെ ആത്മീയവും ശാസ്ത്രീയവുമായ സത്ഫലങ്ങൾ നാം വിലയിരുത്തേണ്ടതല്ലേ. വ്രതമെന്നോ നോമ്പെന്നോ ഉപവാസമെന്നോ സംജ്ഞകൾ മാറിവന്നാലും ശാരീരികവും മാനസികവുമായ ഫലത്തിൽ മാറ്റമില്ലല്ലോ.

രക്ഷകന്റെ സഹനവഴികളിൽ സ്വയം ഓർമകൾ സമർപ്പിച്ച് പൂർവ രംഗങ്ങളുടെ വൈകാരികത പങ്ക് വെച്ച് പ്രർഥനയോടെ ദേവാലയങ്ങളിലും ഭവനങ്ങളിലും നോമ്പുനോൽക്കുന്നവരുടെ കാലം കൂടിയാണിത്. ഹിന്ദുവോ, ക്രിസ്ത്യനോ ഇസ്‌ലാമോ വ്യത്യാസമില്ലാതെ ഋതുക്കളുടെ സംക്രമ വീഥിയിൽ സഞ്ചരിക്കാൻ മനുഷ്യരാശി നിർബന്ധിതമാണ്. വിഷുവും വിശുദ്ധ നോമ്പും വ്രതാനുഷ്ഠാനവും ഒരുമിച്ചു വരുന്ന വിശേഷപ്പെട്ട ഈ മാനുഷിക ജീവിതഘട്ടത്തെ പരസ്പര സ്‌നേഹബഹുമാനങ്ങളോടെ സ്വീകരിക്കുകയാണ് നാം.

സ്‌നേഹാർദ്രമായ മനസ്സോടെ എല്ലാവർക്കും വിഷുദർശനവും നോമ്പുപുണ്യവും വ്രതവിശുദ്ധിയും ലഭിക്കട്ടെ എന്നു മാത്രമാണ് ആശിക്കാനുള്ളത്. വരുംകാലത്തിന്റെ വാതിലിൽ കൂടുതൽ പ്രകാശമാനമായ ജീവിതാനുഭവങ്ങളുടെ കാണിക്ക കാത്തിരിക്കുന്നുണ്ടെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഈ കുറിപ്പവസാനിപ്പിക്കുന്നത്.

peekegopi@gmail.com

---- facebook comment plugin here -----

Latest