International
പാകിസ്ഥാനില്‍ ചരക്കുവണ്ടിയിലേക്ക് പാഞ്ഞ് കയറി പാസഞ്ചര്‍ ട്രെയിന്‍;31 പേര്‍ക്ക് പരിക്ക്
മിയാന്‍വാലിയില്‍ നിന്ന് വന്ന പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചരക്കു വണ്ടിയില്‍ ഇടിക്കുകയായിരുന്നു.
ലാഹോര്‍| പാകിസ്ഥാനില്‍ ചരക്കുവണ്ടിയും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ക്വില സത്തര്‍ഷാ സ്റ്റേഷനിലാണ് അപകടം നടന്നത്. മിയാന്‍വാലിയില്‍ നിന്ന് വന്ന പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചരക്കു വണ്ടിയില്‍ ഇടിക്കുകയായിരുന്നു. ലാഹോറിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
ഒരേ ട്രാക്കില്‍ മറ്റൊരു ട്രെയിന്‍ കണ്ട് പാത മാറ്റാന്‍ പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പാക് റെയില്‍വേ വക്താവ് വിശദമാക്കി. അപകടത്തിന് പിന്നാലെ ഗതാഗത തടസം നേരിട്ടെങ്കിലും ലാഹോര്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.
ട്രെയിനുകള്‍ കൂട്ടിയിടിച്ച ട്രാക്കില്‍ നിന്ന് അപകടത്തിന്റെ ശേഷിപ്പുകള്‍ നീക്കം ചെയ്തതായും റെയില്‍വേ വ്യക്തമാക്കി. ലോക്കോ പൈലറ്റ് ഇമ്രാന്‍ സര്‍വാറും സഹായി മുഹമ്മദ് ബിലാലും അടക്കം 4 റെയില്‍വേ ഉദ്യോഗസ്ഥരെ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ശോചനീയ അവസ്ഥയിലുള്ള റെയില്‍വേ ട്രാക്കുകളുള്ള പാകിസ്ഥാനില്‍ ഇത്തരം അപകടങ്ങള്‍ സ്ഥിരമാണ്. ഓഗസ്റ്റില്‍ ട്രെയിന്‍ പാളം തെറ്റി 56പേരാണ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടത്.