passport
പാസ്‌പോർട്ട് അപേക്ഷാ തീയതി നീളുന്നു; പ്രവാസികൾ ദുരിതത്തിൽ
ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ രേഖകൾ ഹാജരാക്കാനുള്ള തീയതി ലഭിക്കുന്നത് ഒരു മാസം കഴിഞ്ഞുള്ളതാണ്
മലപ്പുറം | പുതിയ പാസ്പോർട്ടിനും പുതുക്കുന്നതിനും ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് രേഖകൾ സമർപ്പിക്കാനുള്ള തീയതി വൈകുന്നതായി പരാതി. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ രേഖകൾ ഹാജരാക്കാനുള്ള തീയതി ലഭിക്കുന്നത് ഒരു മാസം കഴിഞ്ഞുള്ളതാണ്.
നേരത്തേ രണ്ടാഴ്ചക്കുള്ളിലെ തീയതി ലഭിച്ചിരുന്നു. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തി പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷിക്കുന്നവർ തിരികെപ്പോകാനാകാതെ വലയുകയാണ്. പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചവരും കാത്തിരിപ്പിലാണ്.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം വിദേശങ്ങളിൽ ജോലി തേടി പോകുന്നവരുടെ എണ്ണം കൂടുതലാണ്. കൊവിഡ് തീവ്ര വ്യാപന സമയത്ത് നാട്ടിലേക്കുള്ള വരവ് നീട്ടിവെച്ച പ്രവാസികൾ ഇപ്പോൾ മടങ്ങി എത്തുന്നുമുണ്ട്. ഗൾഫ് നാടുകളിൽ പാസ്‌പോർട്ടുകൾ പുതുക്കാൻ ഏജൻസികൾ വൻ തുക ഫീസ് വാങ്ങുന്നതിനാൽ പ്രവാസികൾ മിക്കവരും നാട്ടിലെത്തിയാണ് പുതുക്കുക. സംസ്ഥാനത്ത് പാസ്പോർട്ട് പുതുക്കുന്നതിന് 2,000 രൂപയിൽ താഴെയാണ് ഫീസ്. വിദേശങ്ങളിൽ 12,000 രൂപക്ക് മുകളിൽ ചെലവാകുമെന്ന് പ്രവാസികൾ പറയുന്നു. അടിയന്തര യാത്രക്കുള്ള തത്ക്കാൽ പാസ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ നൽകണമെന്നാണ് ചട്ടം. ഇതും ഒരു മാസത്തോളം വൈകുന്നതായി വ്യാപക പരാതിയുണ്ട്. കൊവിഡിന് മുമ്പേ വേഗത്തിലായിരുന്നു അപേക്ഷകളിൽ തീരുമാനമുണ്ടായിരുന്നത്. കൊവിഡിന് ശേഷം അപേക്ഷ സ്വീകരിക്കുന്നവരുടെ എണ്ണം കുറച്ചു. പിന്നീട് ഇക്കാര്യത്തിൽ നടപടികളുണ്ടായിട്ടില്ല.