Connect with us

passport

പാസ്‌പോര്‍ട്ട് അപേക്ഷ; മുന്‍ വര്‍ഷങ്ങളെക്കാള്‍ പകുതിയിലധികം കുറവ്

പ്രധാനമായും വിദേശ ജോലി ആവശ്യാര്‍ത്ഥമാണ് ഇന്ത്യക്കാര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത്.

Published

|

Last Updated

അബൂദബി | മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയിലധികം കുറവാണ് കൊവിഡ് കാലത്ത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അപേക്ഷകരുടെ കാര്യത്തില്‍ രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. പ്രധാനമായും വിദേശ ജോലി ആവശ്യാര്‍ത്ഥമാണ് ഇന്ത്യക്കാര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത്. ഇതില്‍ തന്നെ ഭൂരിഭാഗം അപേക്ഷകളും ഗള്‍ഫ് മേഖലയിലേക്കുള്ള തൊഴിലിനായാണ്. രണ്ടാമത് കുടുംബവിസിറ്റ്, പഠനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ്.

ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച്, 2017, 2018, 2019 എന്നീ മൂന്ന് വര്‍ഷങ്ങളില്‍ ശരാശരി ഒരു കോടി പതിമൂന്ന് ലക്ഷത്തോളം അപേക്ഷകരാണ് പാസ്‌പോര്‍ട്ടുകള്‍ക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ 2020-ല്‍ ഇത് അമ്പത്തി നാല് ലക്ഷമായി ചുരുങ്ങിയതായും, 2021 നവംബര്‍ അവസാനം വരെ 64 ലക്ഷത്തോളം പേര്‍ മാത്രമാണ് അപേക്ഷിച്ചതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്വതവേ ഇടിയുന്ന ഗള്‍ഫ് തൊഴില്‍ ലഭ്യതയുടെ മേല്‍ മഹാമാരി വരുത്തിയ വലിയ ഭീഷണി തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

2014 മുതല്‍ 2021 നവംബര്‍ മാസം വരെ മൊത്തം 8,21,78,560 പാസ്‌പോര്‍ട്ടുകള്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. ഇതില്‍ 7,34,06,785 പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യയില്‍ വെച്ചും 87,71,775 പാസ്‌പോര്‍ട്ടുകള്‍ വിദേശത്ത് വെച്ചുമാണ് ഇഷ്യൂ ചെയ്തിട്ടുള്ളത്.