National
നിയമവിരുദ്ധമായ പരസ്യങ്ങള്‍ പതഞ്ജലി ആവര്‍ത്തിക്കില്ല; ബാബാ രാംദേവ് സുപ്രീംകോടതിയില്‍
തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നും രാംദേവ് പറഞ്ഞു. എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
![](https://assets.sirajlive.com/2022/08/baba-ramdev-897x538.jpg)
ന്യൂഡല്‍ഹി| തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്ന പതഞ്ജലിക്കെതിരായ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളില്‍ ബാബാ രാംദേവ് സുപ്രീംകോടതിയില്‍ ഹാജരായി. നിയമവിരുദ്ധമായ പരസ്യങ്ങള്‍ പതഞ്ജലി ആവര്‍ത്തിക്കില്ലെന്ന് ബാബാ രാംദേവ് കോടതിയില്‍ ഉറപ്പ് നല്‍കി.
ബാബ രാംദേവും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് സുപ്രിംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആണ് സുപ്രീംകോടതിയെ സമീപിച്ചത്. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നല്‍കിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല.
പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു. തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നും രാംദേവ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ മറുപടികളും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 10ന് രാംദേവും ആചാര്യ ബാലകൃഷ്ണയും കോടതിയില്‍ ഹാജരാകണം .ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും കേസില്‍ കക്ഷിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.