Connect with us

Kerala

പാടന്തറ സമൂഹ വിവാഹം ഞായറാഴ്ച: 800 പേർക്ക് മംഗല്യസ്വപ്നം പൂവണിയുന്നു

അഞ്ച് വർഷത്തിനിടെ 1,120 നിർധനരായ യുവതീ- യുവാക്കളെ മംഗല്യ ജീവിതത്തിലേക്ക് വഴി നടത്തി

Published

|

Last Updated

ഗൂഡല്ലൂർ| പാടന്തറ മർകസ് രാജ്യത്തെ ഏറ്റവും വലിയ സമൂഹ വിവാഹത്തിന് സാക്ഷിയാകുന്നു. 800 നിർധന യുവതികളുടെ സമൂഹ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 30ാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലാ എസ് വൈ എസ് ആഭിമുഖ്യത്തിൽ ഒരുക്കുന്ന സമൂഹ വിവാഹ മഹാ സംഗമം ഞായറാഴ്ച നടക്കും.

ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം വിവാഹ ജീവിതം സ്വപ്നം മാത്രമായി കരുതിയ ഒരുകൂട്ടം യുവതികളെ പ്രതീക്ഷയേകി പുതുജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ് എസ് വൈ എസും ഡോ. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തിൽ പാടന്തറ മർകസും.
പ്രായം തികഞ്ഞ പെൺമക്കളെ ഓർത്ത് വിലപിക്കുന്ന ഒരുകൂട്ടം മനുഷ്യർക്കാണ് ഇവിടെ സാന്ത്വന സ്പർശമാകുന്നത്. സമൂഹ വിവാഹത്തിൽ ചോലാടിയിലെ ആദിവാസി സരസുവിന്റെ കുടുംബം വലിയ സന്തോഷത്തിലാണ്. സൂസംപാടിയിലെ കൂലിപ്പണിക്കാരനായ മൂർത്തി തന്റെ മകളുടെ വിവാഹം ഉറപ്പിച്ചപ്പോൾ പാടന്തറ മർകസിനെ സമീപിച്ചു. ഒരു മടിയും കൂടാതെയാണ് കുട്ടിയെ സമൂഹ വിവാഹ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. അപേക്ഷ നൽകിയവരിൽ വാടക വീടുകളിൽ കഴിയുന്നവരും അനാഥകൾക്ക് തുല്യരായവരും കുടുംബനാഥന്മാർ രോഗികളായവരുമുണ്ട്.

ബിദർക്കാട് മാണിവയലിൽ ആന്റണിയുടെ 30 തികഞ്ഞ പെൺകുട്ടിയുടെ വിവാഹവും ഇക്കൂട്ടത്തിലുണ്ട്. അവർക്കും ദേവർശോല ഉസ്താദിനെയും സ്ഥാപനത്തെയുംപറ്റി പറയുമ്പോൾ നൂറ് നാവാണ്. നനഞ്ഞ കണ്ണുകളോടെ സങ്കടം ഉള്ളിൽ ഒതുക്കി നീലഗിരിയിലെ ഉമ്മമാർ സലാം ഉസ്താദിന് വേണ്ടി മനമുരുകി പ്രാർഥിക്കുന്നു.

കൃഷിയിലും തോട്ടം തൊഴിലിലും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരാണ് നീലഗിരിയിലെ ബഹുഭൂരിഭാഗവും. പ്രദേശത്തെ 60ഓളം മഹല്ലുകളിലും ചേരികളിലും വിവാഹ പ്രായം കഴിഞ്ഞ ധാരാളം പെൺകുട്ടികളുണ്ട്. 2014 മാർച്ചിൽ 114 വധൂ വരന്മാർക്ക് മംഗല്യത്തിന് അവസരം ഒരുക്കിയാണ് തുടക്കം കുറിച്ചത്.

ദേവർശോല ഉസ്താദിന്റെ നേതൃത്വത്തിൽ സംഘടനാ പ്രവർത്തകർ അരയും തലയും മുറുക്കി ഇറങ്ങി വധൂവരന്മാരുടെ സമൂഹ വിവാഹത്തിനൊരുങ്ങിയിരിക്കുകയാണ്. സഹോദര സമുദായത്തിലെ 42 പെൺകുട്ടികളുടെ വിവാഹവും ഇതിൽ ഉൾപ്പെടും. 2019 ഫെബ്രുവരിയിലാണ് അവസാനമായി സമൂഹ വിവാഹം നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് വർഷമായി സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നില്ല.

അഞ്ച് വർഷത്തിനിടെ 1,120 നിർധനരായ യുവതീ യുവാക്കളെ മംഗല്യ ജീവിതത്തിലേക്ക് വഴി നടത്തിയിട്ടുണ്ട്. അപേക്ഷകൾ പരിശോധിച്ച് തികച്ചും അർഹരായവരെ മാത്രമാണ് സമൂഹ വിവാഹത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സുൽത്വാനുൽ ഉലമ, റഈസുൽ ഉലമ ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിന് കാർമികത്വം നൽകും.