Connect with us

Uae

വിദ്യാര്‍ഥികള്‍ക്കും യുവ ഗവേഷകര്‍ക്കും പേറ്റന്റ് രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കി

'പേറ്റന്റ് ഹൈവ്' പദ്ധതിയിലാണ് രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയും പ്രക്രിയ ലളിതമാക്കിയുമുള്ള പ്രോത്സാഹന നടപടി സ്വീകരിച്ചത്.

Published

|

Last Updated

ദുബൈ| 21 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികളും യുവ ഗവേഷകരും യു എ ഇയില്‍ പേറ്റന്റ്ഫയല്‍ ചെയ്യുന്നതിന് രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. തിങ്കളാഴ്ച സാമ്പത്തിക മന്ത്രാലയം ആരംഭിച്ച ‘പേറ്റന്റ് ഹൈവ്’ പദ്ധതിയിലാണ് രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയും പ്രക്രിയ ലളിതമാക്കിയുമുള്ള പ്രോത്സാഹന നടപടി സ്വീകരിച്ചത്. പേറ്റന്റുകള്‍ക്കായി അപേക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കാനും അനുവദിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതാണിത്.

മേഖലാതലത്തിലും ആഗോളതലത്തിലും യു എ ഇയുടെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനാണ് ഈ സംരംഭമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടര്‍സെക്രട്ടറി അബ്ദുല്ല അഹ്്മദ് അല്‍ സാലിഹ് പറഞ്ഞു. പ്രോജക്റ്റ് പേറ്റന്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ സമയം 42 മാസത്തില്‍ നിന്ന് ആറ് മാസമായി കുറക്കും. ഇത് രജിസ്റ്റര്‍ ചെയ്ത പേറ്റന്റുകളുടെ എണ്ണം 2026-ഓടെ 6,000 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ്.

ഇതുവരെ 4,481 പേറ്റന്റുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബൗദ്ധിക സ്വത്തവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുമായി സഹകരിച്ച് പ്രത്യേക പരിശീലന പരിപാടികളും സാങ്കേതിക കണ്‍സള്‍ട്ടേഷനുകളും ഒരുക്കും. ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ലോകത്തിലെ മികച്ച 15 രാജ്യങ്ങളില്‍ സ്ഥാനം ഉറപ്പിക്കുന്നതിനും പദ്ധതി സഹായകരമാവും.