Kerala
സുരക്ഷിത കളനാശിനി യന്ത്രം വികസിപ്പിച്ചെടുത്തതിന് കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് പേറ്റന്റ്
കൃഷിയിടങ്ങളില്‍ കളനാശിനി തളിക്കുമ്പോള്‍ വിഷാംശം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നു എന്നതാണ് കളനാശിനി യന്ത്രത്തിന്റെ പ്രത്യേകത
പത്തനംതിട്ട | സുരക്ഷിത കളനാശിനി യന്ത്രം വികസിപ്പിച്ചെടുത്തതിന് കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് പേറ്റന്റ് ലഭിച്ചു. വിള സംരക്ഷണ കളനാശിനി യന്ത്രം അഥവാ ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെര്‍ബിസൈഡ് ആപ്ലിക്കേറ്റര്‍ വികസിപ്പിച്ചെടുത്തതിനാണ് കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചിരിക്കുന്നത്. 20 വര്‍ഷത്തേക്കാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. കൃഷിയിടങ്ങളില്‍ കളനാശിനി തളിക്കുമ്പോള്‍ വിഷാംശം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നു എന്നതാണ് കളനാശിനി യന്ത്രത്തിന്റെ പ്രത്യേകത. യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ നോസിലില്‍ നിന്നുള്ള കളനാശിനി തുള്ളികള്‍ സ്പ്രേ ഹുഡിനുള്ളില്‍ അകപ്പെടുന്ന കളകളില്‍ നേരിട്ട് പതിക്കുകയും വിളസംരക്ഷണ ഹുഡ് പ്രധാനവിളകളെ സംരക്ഷിക്കുകയും ചെയ്യുന്നു. വിള സംരക്ഷണ ഹുഡ്, സ്പ്രേ ഹുഡ്, സ്പ്രേ നോസില്‍ എന്നിവയാണ് യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍.
വെള്ളായണി കാര്‍ഷിക കോളജിലെ വിളപരിപാലന വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഷീജ കെ രാജ്, ഡോ. ജേക്കബ് ഡി, ഡോ. ശാലിനി പിള്ള, ഗവേഷണ വിദ്യാര്‍ത്ഥികളായ ധനു ഉണ്ണികൃഷ്ണന്‍, അനിത് റോസാ ഇന്നസെന്റ്, കൃഷ്ണശ്രീ രാധാകൃഷ്ണന്‍, ശീതല്‍ റോസ് ചാക്കോ എന്നിവരടങ്ങിയ സംഘത്തിന്റെ ഗവേഷണമാണ് യന്ത്രത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.