Connect with us

mg kalotsavam

എം ജി സര്‍വകലാശാല കലോത്സവത്തെ വരവേല്‍ക്കാന്‍ പത്തനംതിട്ട ഒരുങ്ങി

പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയമാണ് പ്രധാന വേദി.

Published

|

Last Updated

പത്തനംതിട്ട | ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെ നടക്കുന്ന എം ജി സര്‍വകലാശാല കലോത്സവത്തെ വരവേല്‍ക്കാന്‍ പത്തനംതിട്ട ഒരുങ്ങി. ഏഴ് വേദികളിലായി 61 മത്സരയിനങ്ങളാണുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള മുന്നൂറില്‍പ്പരം കോളജുകളില്‍ നിന്നായി പതിനായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കാന്‍ കലോത്സവവേദിയില്‍ അണിനിരക്കുന്നത്.

പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. വെള്ളി വൈകീട്ട് മൂന്നിന് സാംസ്‌കാരിക ഘോഷയാത്ര പത്തനംതിട്ട നഗരസഭയുടെ ഹാജി സി മീരാസാഹിബ് സ്മാരക ബസ് ടെര്‍മിനലിന് സമീപത്ത് നിന്നും ആരംഭിക്കും.  ഘോഷയാത്രയില്‍  ജില്ലയുടെ തനതു കലാരൂപങ്ങള്‍ക്ക് പുറമേ പഞ്ചവാദ്യം, പടയണിക്കോലങ്ങള്‍, പുലികളി, മയൂരനൃത്തം, പമ്പമേളം, ബാന്‍ഡ് സെറ്റ്, നിശ്ചല ദൃശ്യങ്ങള്‍, തെയ്യം തുടങ്ങിയവയും അണിനിരക്കും. അബാന്‍ ജംഗ്ഷന്‍, ടൗണ്‍, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വഴി ജില്ലാ സ്‌റ്റേഡിയത്തിലെ പ്രധാന വേദിയില്‍ സമാപിക്കും.

അഞ്ചിന് ജില്ലാ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടന സമ്മേളനം നടക്കും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരം നവ്യനായര്‍,  ഉണ്ണിമുകുന്ദന്‍, സ്റ്റീഫന്‍ ദേവസ്യ പെങ്കടുക്കും. സ്റ്റീഫന്‍ ദേവസ്യയുടെ സംഗീത വിരുന്നും ഉണ്ടാകും. ഉദ്ഘാടന ചടങ്ങിന് ശേഷം രാത്രിയില്‍ തിരുവാതിര കളി ജില്ലാ സ്‌റ്റേഡിയത്തിലും ഗ്രൂപ്പ് സോംഗ് റോയല്‍ ഓഡിറ്റോറിയത്തിലും കേരളനടനം കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തിലുമായി  അരങ്ങേറും.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും കലാപ്രതിഭ, കലാതിലകം ചാമ്പ്യന്‍ഷിപ്പ് നേടുന്നവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന കോളജുകള്‍ക്കും സമ്മാനങ്ങള്‍ നല്‍കുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. റോഷന്‍ റോയ് മാത്യൂ, ജനറല്‍ കണ്‍വീനര്‍ ശരത്ത് ശശിധരന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍  സ്‌റ്റേനി മേരി എബ്രഹാം, കണ്‍വീനര്‍ അമല്‍ എബ്രഹാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Latest