Kerala
പത്തനംതിട്ട മുറഞ്ഞകല്ല് അപകടം; നവ ദമ്പതികളുടേയും അച്ഛന്‍മാരുടേയും സംസ്‌കാരം ഇന്ന്
വീടുകളില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നാടുമുഴുവന്‍
പത്തനംതിട്ട | മുറിഞ്ഞകല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ എട്ടുമണി മുതല്‍ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംസ്‌കാരം. നവദമ്പതിമാരായ നിഖിലും അനുവും ഇരുവരുടെയും അച്ഛന്മാരുമാണ് അപകടത്തില്‍ മരിച്ചത്. മധുവിധു കഴിഞ്ഞ് മലേഷ്യയില്‍ നിന്നു മടങ്ങിയെത്തിയ ദമ്പതിമാരെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ട് വരും വഴി ശബരിമല തീര്‍ഥാടകരുടെ ബസ്സില്‍ കാര്‍ ഇടിച്ചുകയറിയായിരുന്നു അപകടം.
ആദ്യം നിഖിലിന്റെ വീട്ടില്‍ എത്തിച്ച ദമ്പതികളുടെ മൃതദേഹങ്ങള്‍ പിന്നീട് അനുവിന്റെ വീട്ടിലും എത്തിച്ചു. തുടര്‍ന്നാണ് നാലു മൃതദേഹങ്ങളും പള്ളിയിലേക്ക് കൊണ്ടുപോകുന്നത്. വിവാഹ ചടങ്ങിലെത്തി വധൂ വരന്മാരെ ആശിര്‍വദിച്ചവര്‍ തന്നെയാണ് ദിവസങ്ങള്‍ക്കു ശേഷം അന്ത്യയാത്രാ മൊഴിയേകാനും എത്തിയത്. നീണ്ടനാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായ നിഖിലും അനുവും അവരുടെ അച്ഛന്‍മാരും നാട്ടുകാര്‍ക്ക് സുപരിചിതരായിരുന്നു. ഈ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് നാട് മുക്തമായിട്ടില്ല.