Kerala
പത്തനംതിട്ട പോക്സോ കേസ്: നാലുപേര്‍ കൂടി അറസ്റ്റില്‍
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലായുള്ള 12 പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ്.
പത്തനംതിട്ട | പത്തനംതിട്ട പോക്‌സോ കേസില്‍ ഡി വൈ എഫ് ഐ നേതാവുള്‍പ്പടെ നാലു പേര്‍ കൂടി അറസ്റ്റില്‍. കേസിലെ അഞ്ചാം പ്രതി ചിറ്റാര്‍ ഓലിക്കല്‍ വീട്ടില്‍ അനന്തു (27), ളാഹ വാലുപറമ്പില്‍ വിഷ്ണു ഷാജി (24), ആറാം പ്രതി ചിറ്റാര്‍ പന്നിയാര്‍ പുത്തന്‍വീട്ടില്‍ ആഷിഖ് ആസാദ് (25), 20ാം പ്രതി പത്തനംതിട്ട താഴേവെട്ടിപ്രം മംഗലത്ത് പ്ലാസയില്‍ നവനീത് (24) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലായുള്ള 12 പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
പിടിയിലായവരില്‍ ആഷിഖ് ആസാദ് ഡി വൈ എഫ് ഐ നേതാവാണ്. 20 പ്രതികളുളള പീഡനക്കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ യുവനേതാവാണ് ആഷിഖ്. ഡി വൈ എഫ് ഐ പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കെ എസ് ഇ ബി ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫി, പ്രായപൂര്‍ത്തിയാകാത്ത ആള്‍, കാരികയം സ്വദേശി സജാദ് എം സലീം എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായത്.
2021 ജൂണ്‍ മുതല്‍ കഴിഞ്ഞ മാസം വരെയാണ് പെണ്‍കുട്ടിക്ക് പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 20 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ 16 പേര്‍ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട്. ശേഷിച്ച നാലു പേര്‍ കുട്ടിയുടെ നഗ്ന വീഡിയോയും ദൃശ്യങ്ങളും പ്രചരിപ്പിച്ചവരാണ്.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടയിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. പത്തനംതിട്ടയിലുള്ള സ്റ്റാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ വെച്ചു വരെ പീഡനം നടന്നതായി പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.