Connect with us

Ongoing News

സാമൂഹിക വിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കുമെതിരെ പത്തനംതിട്ട ജില്ലയില്‍ നടപടി ശക്തമാക്കി പോലീസ്

Published

|

Last Updated

പത്തനംതിട്ട | സംഘടിത കുറ്റകൃത്യങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരെ പത്തനംതിട്ടയില്‍ നടപടി ശക്തമാക്കി. ഈ മാസം 18 മുതല്‍ 25 വരെ സാമൂഹിക വിരുദ്ധര്‍, ഗുണ്ടകള്‍ തുടങ്ങിയ 599 പേരെ പരിശോധനക്ക് വിധേയരാക്കുകയും, 280 പേരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും ചെയ്തു. ഗുണ്ടാ ലിസ്റ്റില്‍ പെട്ടവരില്‍ 141 പേരെ പോലീസ് സ്റ്റേഷനുകളില്‍ നേരിട്ട് വരുത്തി, അവര്‍ നിലവിലെങ്ങനെ കഴിഞ്ഞുവരുന്നുവെന്നതും ആരൊക്കെയായി ബന്ധപ്പെടുന്നുണ്ടുവെന്നതും മറ്റുമുള്ള വിവരങ്ങളും പോലീസ് പരിശോധിച്ചു. മുന്‍കരുതലായി 107 പേരെ അറസ്റ്റ് ചെയ്തു, 52 പേരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 30 പേര്‍ക്കെതിരെ 107 സി ആര്‍ പി സി പ്രകാരം ബോണ്ട് വപ്പിക്കല്‍ നടപടി ആരംഭിച്ചു. ഒരാള്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടി തുടങ്ങിയതായും ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരെ ജില്ലയിലെ പോലീസ് സ്റ്റേഷന്‍ തലത്തില്‍ പുതുതായി 69 റൗഡി ഹിസ്റ്ററി ഷീറ്റുകള്‍ തയാറാക്കി. പഴയ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 17 പേരെ പോലീസ് നടപടികളിലൂടെ ഈ കാലയളവില്‍ അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ സ്പര്‍ധ ഉളവാക്കുംവിധം സന്ദേശം പ്രചരിപ്പിച്ചതിന് ജില്ലയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘടിത കുറ്റകൃത്യങ്ങളും ഗുണ്ടാ പ്രവര്‍ത്തനങ്ങളും ഉണ്ടാവാതെ ജില്ലയില്‍ സമാധാന ജീവിതം തുടര്‍ന്നും ഉറപ്പുവരുത്താന്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

 

Latest