Kerala
പത്തനംതിട്ട പീഡനക്കേസ്; ബാക്കിയുള്ള പത്ത് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ്
കേസില്‍ ഇന്നലെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു
പത്തനംതിട്ട|പത്തനംതിട്ടയില്‍ ദലിത് കായിക താരത്തിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ശേഷിക്കുന്ന പത്ത് പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന് പോലീസ്. കേസില്‍ ഇന്നലെ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ 49 പേര്‍ അറസ്റ്റിലായി.
അറസ്റ്റിലായവരില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികള്‍ക്ക് സഹായം നല്‍കിയവര്‍, പീഡനത്തിന് കൂട്ടുനിന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രായപൂര്‍ത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ സ്റ്റേഷനുകളിലായി 30 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു എഫ് ഐ ആര്‍ തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലുമുണ്ട്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
നിലവില്‍ മഹിളാ മന്ദിരത്തിലാണ് കുട്ടിയെ താമസിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിക്ക് ദിവസവും കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. കുട്ടിയുടെ മാനസികാരോഗ്യം തൃപ്തികരമാണ്. 13 വയസു മുതല്‍ അഞ്ചുവര്‍ഷക്കാലം നേരിട്ട ലൈംഗിക ചൂഷണം, പെണ്‍കുട്ടി സിഡബ്ല്യുസിക്ക് മുന്‍പാകെ വെളിപ്പെടുത്തിയതില്‍ നിന്നാണ് കേസിന്റെ തുടക്കം. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലായി പോലീസ് കേസ് രജിസ്റ്റ്‌റര്‍ ചെയ്ത് പ്രതികളെ പിടുകൂടുകയായിരുന്നു.