Kerala
പത്തനംതിട്ട പീഡനം; ഡി ഐ ജി അജിതാ ബേഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകഅന്വേഷണസംഘം
കേസില്‍ ഇതുവരെ 28 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്
പത്തനംതിട്ട | പത്തനംതിട്ടയില്‍ ദലിത് കായിക താരത്തിനെ നിരന്തരം ലൈംഗീക പീഡനത്തിനിരയാക്കിയ കേസുകളുടെ വിശദമായ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി അജിതാ ബേഗത്തിന്റെ മേല്‍നോട്ടത്തിലാവും 25 അംഗ പ്രത്യേകഅന്വേഷണസംഘം പ്രവര്‍ത്തിക്കുക.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍, പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി ഷിബുകുമാര്‍, ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്‍, റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍, വനിതാ പോലീസ് സ്റ്റേഷന്‍ എസ് ഐ കെ ആര്‍ ഷെമി മോള്‍ ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വ്യത്യസ്ത റാങ്കുകളില്‍പ്പെട്ട 25 പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണസംഘം. അന്വേഷണപുരോഗതി ദിവസവും ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തും. ശാസ്ത്രീയ തെളിവുകള്‍ അടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് അടക്കം വിദഗ്ധ ചികിത്സ ആവശ്യം
കൂട്ടബലാത്സംഗത്തിന് അടക്കം ഇരയായ ദളിത് പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അടിയന്തരമായി സഹായം ആവശ്യമുണ്ടെന്നും പോലീസ് റിപ്പോര്‍ട്ട്. അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ തന്നെ ആവശ്യപ്പെട്ടു. ഡി ഐ ജി അജിതാ ബീഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുട്ടിയുടെ സംരക്ഷണത്തിന് ലെയിസണ്‍ ഓഫീസറായി വനിതാ എസ് ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് കൗണ്‍സിലിങ് ഉള്‍പ്പടെ വിദഗ്ധ ചികിത്സ ആവശ്യമാണ്, കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ് ഐ ടിയില്‍ കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ കേസുകളെടുത്ത് പോലീസ്
ദലിത് വിദ്യാര്‍ത്ഥിനി തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ കേസുകളെടുത്ത് പോലീസ്. കേസില്‍ ഇതുവരെ 28 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതുവരെ ഇലവുംതിട്ടയില്‍ 9, പത്തനംതിട്ടയില്‍ ഒന്നും എഫ് ഐ ആറുകള്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ആകെ 7 കേസുകളിലായി 22 പ്രതികള്‍ പിടിയിലായിട്ടുണ്ട്, ഇതില്‍ 4 പേര്‍ കുട്ടികളാണ്. ഇലവുംതിട്ടയില്‍ ആകെ 6 പേരും അറസ്റ്റിലായി. പത്തനംതിട്ടയിലെ മറ്റ് രണ്ട് കേസുകളിലായി 3 പ്രതികള്‍ പിടിയിലാവാനുമുണ്ട്. റാന്നിയില്‍ നിന്നും പിടികൂടിയ ആറു യുവാക്കളുടെ കേസിലെ പങ്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഞായറാഴ്ച പോലിസ് പുറത്തു വിട്ടു. പി ദീപു (22), അനന്ദു പ്രദീപ് (24), അരവിന്ദ് (23), വിഷ്ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരെയാണ് ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞവര്‍ഷം പ്ലസ് ടൂവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് റാന്നി മന്ദിരംപടിയിലെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയതുപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് 6 പേര്‍ റാന്നിയില്‍ നിന്നും പിടിയിലായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ ദീപു വിളിച്ചുവരുത്തി കാറില്‍ രണ്ട് കൂട്ടുകാര്‍ക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ മൂവരും, തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ എത്തിയ മറ്റ് മൂന്നുപ്രതികളും പീഡിപ്പിച്ചു. അടുത്ത കേസില്‍ നാല് പ്രതികളുണ്ട്, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ചാണ് ഇവര്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയത്. 2024 ജനുവരിയിലൊരു ദിവസമാണ് പീഡനം നടന്നത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്ത് കാറില്‍ വച്ച് രണ്ടുപേര്‍ പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയതുപ്രകാരം എടുത്ത കേസ് ആണ് അടുത്തത്. ലൈംഗികമായി പീഡിപ്പിച്ചശേഷം ഇവര്‍ വീടിനരികില്‍ ഇറക്കിവിട്ടതായും പറയുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് പ്രതികളില്‍ പലരെയും പരിചയപ്പെട്ടതും, കുട്ടിയെ പലയിടങ്ങളിലേക്കും വാഹനങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനു വിധേയയാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.