Kerala
പത്തനംതിട്ട പീഡനം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
ഇതോടെ കേസില്‍ 46 പേര്‍ അറസ്റ്റിലായി. ഇനി 12 പേര്‍ കൂടി പിടിയിലാകാനുണ്ട്.
പത്തനംതിട്ട|പത്തനംതിട്ടയില്‍ ദലിത് കായിക താരത്തിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസില്‍ 46 പേര്‍ അറസ്റ്റിലായി. ഇനി 12 പേര്‍ കൂടി പിടിയിലാകാനുണ്ട്. അതില്‍ ഒരാള്‍ വിദേശത്താണുള്ളത്. പ്രതിക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നാണ് വിവരം. പ്രതികള്‍ക്ക് സഹായം നല്‍കിയവര്‍, പീഡനത്തിന് കൂട്ടുനിന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രായപൂര്‍ത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.
സംഭവത്തില്‍ ആകെ 29 എഫ്‌ഐആറാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. പിതാവിന്റെ ഫോണില്‍ പെണ്‍കുട്ടി രേഖപ്പെടുത്തിയ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നിലവില്‍ മഹിളാ മന്ദിരത്തിലാണ് കുട്ടിയെ താമസിപ്പിച്ചിരിക്കുന്നത്. കുട്ടിക്ക് കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.
അതേസമയം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിരേഖപ്പെടുത്തല്‍ പൂര്‍
ത്തിയായി. അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയ്ക്ക് ഇപ്പോള്‍ 18 വയസുണ്ട്. 62 പേര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെ ഡയറിയും ഫോണും ശാസ്ത്രീയ പരിശോധന നടത്തി കേസില്‍ 59 പേരെയാണ് പൊലീസ് ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
കേസില്‍ ചൊവ്വാഴ്ച രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ഷിനു ജോര്‍ജ്ജ് (23) പ്രജിത് കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും വീടുകളില്‍ നിന്നും ചൊവാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറിയിട്ടുണ്ട്.