Connect with us

Articles

ബലിയാടുകളാകേണ്ടവരല്ല രോഗികള്‍

കോഴിക്കോട് മെഡി.കോളജിലേത് സ്വാഭാവിക ചികിത്സാ പിഴവായി കണക്കാക്കാനാകില്ല. ബോധപൂര്‍വം വരുത്തിയ ഗുരുതരമായ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ വെറുമൊരു സസ്പെന്‍ഷന്‍ നടപടിയില്‍ മാത്രം ഒതുങ്ങേണ്ട പ്രശ്നമല്ല ഇതെന്ന് വ്യക്തമാണ്. ഉത്തരവാദിയായ ഡോക്ടറെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ തന്നെ നല്‍കേണ്ട കുറ്റമാണ് നടന്നിരിക്കുന്നത്.

Published

|

Last Updated

ചില ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ ചികിത്സാ പിഴവുകള്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ചികിത്സാ പിഴവിന്റെ കാര്യത്തില്‍ മറ്റ് ആശുപത്രികളെയെല്ലാം പിന്തള്ളി റെക്കോര്‍ഡിടുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. കഴിഞ്ഞയാഴ്ച കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ കൈവിരലിന് ശസ്ത്രക്കിയക്കായി കൊണ്ടുവന്ന നാല് വയസ്സുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം ഏറെ നടുക്കമുളവാക്കുന്നതായിരുന്നു.

ഒരാഴ്ച മുമ്പ് വ്യാഴാഴ്ച രാവിലെയാണ് ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശിനിയായ കുട്ടിയുടെ ഇടതുകൈയിലെ ആറാം വിരല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ കുട്ടിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിക്കൊണ്ടുള്ള ഗുരുതരമായ ചികിത്സാ പിഴവാണ് ഡോക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായത്.

ആറാം വിരല്‍ മുറിച്ചുമാറ്റാനായി ശസ്ത്രക്രിയാ മുറിയിലേക്ക് കൊണ്ടുപോയ കുഞ്ഞിനെ തിരികെ കൊണ്ടുവന്നത് വായില്‍ പഞ്ഞി തിരുകിയ നിലയിലായിരുന്നു.അപ്പോഴാണ് വിരലിനല്ല നാവിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് മനസ്സിലായത്. പിന്നീട് കൈയിലെ ആറാംവിരലും ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റുകയാണുണ്ടായത്. കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ നടത്തിയതിന്റെ പേരില്‍ മാപ്പ് പറഞ്ഞ ഡോക്ടര്‍ നാവിന് ശസ്ത്രക്രിയ നടത്തേണ്ടിവന്ന സാഹചര്യം വിശദീകരിച്ചത് വളരെ വിചിത്രമായ രീതിയാണ്.

കുഞ്ഞിനെ ശസ്ത്രക്രിയാ മുറിയില്‍ പരിശോധിച്ചപ്പോള്‍ നാവിനടിയില്‍ കെട്ട് കണ്ടുവെന്നും ഭാവിയില്‍ ഇത് സംസാര വൈകല്യത്തിന് ഇടയാക്കുമെന്ന നിഗമനത്തില്‍ ആ കെട്ട് നീക്കം ചെയ്യുകയായിരുന്നുവെന്നുമാണ് ഡോക്ടറും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഡോക്ടര്‍മാരുടെ സംഘടനയും ന്യായീകരിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുവരുന്നത് കുഞ്ഞായാലും മുതിര്‍ന്ന ആളായാലും രക്ഷിതാക്കളോ ഉത്തരവാദപ്പെട്ട മറ്റുള്ളവരോ അറിയാതെ ഏതെങ്കിലും അവയവത്തിന് ശസ്ത്രക്രിയ നടത്തുന്നത് മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമായ നടപടിയും നഗ്‌നമായ നിയമലംഘനവുമാണ്.

നേരത്തേ ഡോക്ടറെ കണ്ട് ഏത് അവയവത്തിനാണ് ശസ്ത്രക്രിയ വേണ്ടതെന്ന് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അവര്‍ സമ്മതം അറിയിച്ചത് കുഞ്ഞിന്റെ വിരലിന് ശസ്ത്രക്രിയ നടത്താനാണ്. എന്നാല്‍ ശസ്ത്രക്രിയാ മുറിയില്‍ കൊണ്ടുവന്നപ്പോള്‍ മറ്റൊരു അവയവത്തിന് തകരാര്‍ ഉണ്ടെങ്കില്‍ പോലും ശസ്ത്രക്രിയ നടത്താന്‍ ചട്ടങ്ങളും നിയമങ്ങളും ഡോക്ടറെ അനുവദിക്കുന്നില്ല. ആ അവയവത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ചികിത്സ നടത്തുന്ന കാര്യം ഡോക്ടര്‍ക്ക് രക്ഷിതാക്കളെ അറിയിക്കാനുള്ള അവകാശം മാത്രമേയുള്ളൂ. ശസ്ത്രക്രിയ ആവശ്യമെങ്കില്‍ അതിന് കുഞ്ഞിന്റെ സംരക്ഷണചുമതലയുള്ളവരുടെ സമ്മതം ആവശ്യമാണ്.

അത്തരം നടപടി ക്രമങ്ങളൊന്നും പാലിക്കാതെ തികച്ചും ഏകപക്ഷീയമായും മുന്‍വിധിയോട് കൂടിയും നടത്തിയ ശസ്ത്രക്രിയ എത്ര സദുദ്ദേശ്യപരമാണെങ്കില്‍ കൂടിയും നിയമവിരുദ്ധമാണ്. ഇതിനെ കേവലം സ്വാഭാവികമായി ചികിത്സാ പിഴവായി കണക്കാക്കാനാകില്ല. ബോധപൂര്‍വം വരുത്തിയ ഗുരുതരമായ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ വെറുമൊരു സസ്പെന്‍ഷന്‍ നടപടിയില്‍ മാത്രം ഒതുങ്ങേണ്ട പ്രശ്നമല്ല ഇതെന്ന് വ്യക്തമാണ്. ഉത്തരവാദിയായ ഡോക്ടറെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ തന്നെ നല്‍കേണ്ട കുറ്റമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ മുറിയില്‍ നടന്നിരിക്കുന്നത്. അവയവം മാറി നടത്തിയ ശസ്ത്രക്രിയക്കെതിരെ കനത്ത പ്രതിഷേധം നിലനില്‍ക്കെ ഇതേ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസവും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മറ്റൊരു പിഴവ് കൂടി പുറത്തുവന്നിരിക്കുകയാണ്. വാഹനാപകടത്തില്‍ കൈയെല്ല് ഒടിഞ്ഞതിനെ തുടര്‍ന്ന് ചികിത്സക്കെത്തിയ യുവാവിന് കമ്പി മാറ്റിയിട്ട് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ഇതേ മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചതിനെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും തുടരുകയാണെന്നതാണ് യാഥാർഥ്യം. 2017 നവംബര്‍ 30നാണ് പന്തീരാങ്കാവ് സ്വദേശിനിയായ കെ കെ ഹര്‍ഷിന എന്ന യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. യുവതിയുടെ മൂന്നാമത്തെ സിസേറിയനിടെയാണ് ഡോക്ടര്‍മാരുടെ കൈപ്പിഴ കാരണം കത്രിക വയറ്റിനുള്ളില്‍ കുടുങ്ങിയത്. വയറ്റിനുള്ളില്‍ കത്രിക കുടുങ്ങിയിരുന്നതായി ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. കഠിനമായ വയറുവേദന വന്നതോടെ കത്രികയാണ് കാരണമെന്നറിയാതെ ഹര്‍ഷിന ചികിത്സ നടത്തി വരികയായിരുന്നു. അഞ്ച് വര്‍ഷക്കാലമാണ് അസഹ്യമായ വയറുവേദനയോടെ ഈ യുവതി ജീവിതം തള്ളിനീക്കിയത്. 2022 സെപ്തംബറില്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രികയുള്ളതായി കണ്ടെത്തിയത്.

ശസ്ത്രക്രിയയിലൂടെ ഈ ഉപകരണം എടുത്തുമാറ്റിയെങ്കിലും ഹര്‍ഷിന ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കത്രിക നീക്കം ചെയ്തിടത്ത് വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. അങ്ങനെ ശാരീരികമായും മാനസികമായും വലിയ കഷ്ടപ്പാടുകളിലൂടെ ഈ സ്ത്രീ ഇപ്പോഴും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. ഈ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതികളാക്കി പോലീസ് കേസെടുത്തുവെങ്കിലും നീതി ലഭിക്കാന്‍ ഹര്‍ഷിനക്ക് ശക്തമായ നിയമപോരാട്ടം തന്നെ നടത്തേണ്ടിവരികയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐ സി യുവില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും നിയമപോരാട്ടം നടക്കുകയാണ്.

ഈ യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കെയാണ് പിഞ്ചുകുഞ്ഞിനെ അവയവം മാറിയുള്ള ശസ്ത്രക്രിയയിലൂടെ കോഴിക്കോട് മെഡിക്കല്‍ കോളജ് വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം 70 കാരി മരണപ്പെട്ടത്. പനി ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട എഴുപതുകാരിയായ ഉമൈബക്ക് മതിയായ ചികിത്സ ലഭ്യമായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. രോഗം ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് പകരം ചികിത്സിച്ചത് ജൂനിയര്‍ ഡോക്ടര്‍മാരാണ്. മരണം സംഭവിക്കുമെന്ന് ഉറപ്പായതോടെ ഉമൈബയെ ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴേക്ക് മരണവും സംഭവിച്ചു.

വണ്ടാനം മെഡിക്കല്‍ കോളജില്‍ 2022 ഡിസംബറിലും അധികൃതരുടെ അശ്രദ്ധയും അനാസ്ഥയും മൂലം യുവതിയും കുഞ്ഞും മരണപ്പെട്ട സംഭവമുണ്ടായിരുന്നു. അപര്‍ണ എന്ന യുവതിയും കുഞ്ഞുമായിരുന്നു അന്നത്തെ ചികിത്സാ പിഴവിന്റെ ഇരകള്‍. വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് പകരം ജൂനിയര്‍ ഡോക്ടര്‍മാരെയാണ് ചികിത്സാ ചുമതല ഏല്‍പ്പിച്ചത്. പ്രസവം അടുത്തപ്പോഴേക്കും ജൂനിയര്‍ ഡോക്ടര്‍മാരും കൈയൊഴിയുന്ന സ്ഥിതിയുണ്ടായി. ബന്ധുക്കള്‍ ബഹളം വെച്ചതോടെ ഏറെ വൈകിയാണ് അപര്‍ണയെ ശസ്ത്രക്രിയാമുറിയിലേക്ക് കൊണ്ടുപോയത്. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല. വൈകാതെ അപര്‍ണയും മരണത്തിന് കീഴടങ്ങി.

ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് തൃശൂര്‍ വരന്തരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഞ്ച് വയസ്സുകാരന് മരുന്ന് മാറി നല്‍കിയ സംഭവമുണ്ടായത്. ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കുകയായിരുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ കുഞ്ഞിന് കടുത്ത തലവേദനയും ഛർദിയും അനുഭവപ്പെട്ടു. ഇതോടെ കുട്ടിയെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണുണ്ടായത്. കുറിപ്പടിയില്‍ ഡോക്ടര്‍ നിർദേശിച്ച മരുന്നും ഫാര്‍മസിസ്റ്റ് നല്‍കിയ മരുന്നും വ്യത്യസ്തമാണെന്ന് പിന്നീടാണ് കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് കാരിക്കുളം സ്വദേശി കബീറിന്റെ പരാതിയില്‍ ഡെപ്യൂട്ടി ഡി എം ഒയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.

ചില ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് കൈയൊഴിയാനാകാത്ത വിധം ചികിത്സാ പിഴവുകളും അതിന് ഇരകളാക്കപ്പെടുന്നവരുടെ ദുരിതങ്ങളും ആവര്‍ത്തിക്കപ്പെടുകയാണ്. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുന്നതില്‍ ബന്ധപ്പെട്ടവര്‍ താത്പര്യം കാണിക്കാതിരിക്കുമ്പോള്‍ പിഴവുകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ചികിത്സ തേടിയെത്തുന്നവരുടെ ജീവന്‍ പന്തു തട്ടിക്കളിക്കുന്ന പ്രവണത തുടര്‍ന്നുകൊണ്ടിരിക്കാന്‍ കാരണം ഇത്തരം വിഷയങ്ങളില്‍ കര്‍ശന നടപടിയില്ലാത്തതു കൊണ്ടുതന്നെയാണ്.വീഴ്ച വരുത്തുന്നവര്‍ക്കെതിരായ നടപടികള്‍ കുറച്ചുനാളത്തെ സസ്പെന്‍ഷനിലൊതുക്കി പിന്നീട് അവരെ തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. പരിചയസമ്പന്നതയും വൈദഗ്ധ്യവുമുള്ള ഡോക്ടര്‍മാര്‍ തന്നെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലുമുള്ളത്.

വിദഗ്ധ ചികിത്സാ രീതികളെക്കുറിച്ച് മനസ്സിലാക്കാന്‍ ഇവിടങ്ങളില്‍ ഡോക്ടര്‍ ട്രെയിനിമാര്‍ കൂട്ടത്തോടെ എത്താറുണ്ട്. തങ്ങളുടെ ജോലി ഭാരം കുറക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ട്രെയിനിമാരുടെ സഹായം തേടാറുള്ളത് സ്വാഭാവികമാണ്. എന്നാല്‍ ശസ്ത്രക്രിയ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ മാറി നില്‍ക്കുകയും ചുമതല ട്രെയിനിമാരെ ഏല്‍പ്പിക്കുകയും ചെയ്യുമ്പോഴാണ് ചികിത്സാ പിഴവുകൾ സംഭവിക്കുന്നത്. രോഗികളുടെ ജീവന് തന്നെ ഭീഷണിയാണ് ഇത്തരത്തിലുള്ള നിരുത്തരവാദ പരമായ സമീപനങ്ങള്‍. ട്രെയിനിമാര്‍ക്ക് വേണ്ടി രോഗികളെ പരീക്ഷണവസ്തുക്കളാക്കുന്ന അധാർമിക നടപടിക്കെതിരെ കര്‍ശന ഇടപെടല്‍ തന്നെ സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടാകണം.

പരാതികളും കേസുകളും ഉണ്ടാകുമ്പോള്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ സംഘടിത ശക്തി ഉപയോഗിച്ച് തുടര്‍ നടപടികളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതോടെ അധികാരികള്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വിമുഖത കാണിക്കുന്നു. നീതിക്കും നിയമത്തിനും മനുഷ്യത്വത്തിനും മെഡിക്കല്‍ എത്തിക്സിനും നിരക്കാത്ത പ്രവൃത്തികളിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ തന്നെ സ്വീകരിക്കണം. ശസ്ത്രക്രിയാ മുറികളെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാക്കാന്‍ അനുവദിക്കരുത്. ജീവന്റെ തുടിപ്പുകള്‍ക്ക് വേണ്ടിയാകട്ടെ അവയുടെ പ്രവര്‍ത്തനങ്ങള്‍. മരണദൂതന്‍മാരല്ലാത്ത, ജീവന്റെ കാവല്‍ക്കാരാകുന്ന മനുഷ്യസ്നേഹികളുടെ കൈകളിലാകട്ടെ ഓരോ ശസ്ത്രക്രിയാ ഉപകരണങ്ങളും മരുന്നുകളും.