Connect with us

fake doctor

രോഗികളെ ഷോക്കടിപ്പിച്ചു; വ്യാജ ഡോക്ടർ പിടിയിൽ

ഇയാളുടെ ചികിത്സയിൽപ്പെട്ടുപോയ പലരും പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു

Published

|

Last Updated

സുൽത്താൻ ബത്തേരി | സൈക്യാട്രിസ്റ്റെന്ന് പറഞ്ഞ് രോഗികളെ ഷോക്കടിപ്പിച്ചും മരുന്നുകൊടുത്തും തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. അരിവയൽ വട്ടപ്പറമ്പിൽ സലീ(49)മിനെയാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലവയൽ പുറ്റാട് സ്വദേശിയുടെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്.

പരാതിക്കാരനിൽ നിന്ന് ചികിത്സയുടെ പേരിൽ പലപ്പോഴായി ഒന്നരലക്ഷം രൂപയാണ് സലീം തട്ടിയെടുത്തത്. ഇയാളുടെ ചികിത്സയിൽപ്പെട്ടുപോയ പലരും പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന്, പോലീസ് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ ഡി എം ഒ നിർദേശം നൽകുകയുമായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പും സുൽത്താൻ ബത്തേരി പോലീസും നടത്തിയ പരിശോധനയിലാണ് സലീം വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്.

മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന മാതാവിന്റെ ചികിത്സാർഥമാണ് പുറ്റാട് സ്വദേശി സുഹൃത്തിന്റെ നിർദേശപ്രകാരം സലീമിന്റെ അടുത്തെത്തുന്നത്. മാതാവിന്റെ ചികിത്സയോടൊപ്പം ക്യാൻസർ രോഗിയായ പരാതിക്കാരനും ഇയാളുടെ ചികിത്സതേടി. പിന്നീട് കുടുംബാംഗങ്ങളും കൗൺസലിംഗിന് വിധേയമാകണമെന്ന് സലീം നിർദേശിച്ചപ്പോൾ ഭാര്യയും വിദ്യാർഥികളായ മകളും മകനും സഹോദരന്റെ മക്കളുമടക്കം ഇയാളുടെ അരിവയലിലുള്ള കേന്ദ്രത്തിലെത്തി ചികിത്സക്ക് വിധേയരായി.

എന്നാൽ, കുട്ടികളെയടക്കം ഇയാൾ ഷോക്കടിപ്പിച്ചതായും മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നു. സലീമിന്റെ ചികിത്സയെ തുടർന്ന് പരാതിക്കാരന്റെ ആരോഗ്യ- മാനസിക നിലകൾ മോശമായി.

ഇതിനിടയിലാണ് ഒന്നരലക്ഷത്തോളം രൂപ ഇയാൾ പരാതിക്കാരനിൽ നിന്ന് തട്ടിയത്. ഇതേത്തുടർന്ന് മറ്റൊരു ഡോക്ടറെ സമീപിച്ചപ്പോഴാണ് സലീമിന്റെ തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതിക്ക് പ്രീ- ഡിഗ്രി വിദ്യാഭ്യാസം മാത്രമാണുള്ളത്. അതോടൊപ്പം, കൗൺസലിംഗ് നടത്താനുള്ള പരിശീലനമാണ് സലീം നേടിയത്. ഇതിന്റെ മറവിലാണ് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് അരിവയലിലെ വീട്ടിൽ ചികിത്സ നൽകിയിരുന്നത്.

മാനസിക സമ്മർദം കണ്ടുപിടിക്കാനുള്ള യന്ത്രം തന്റെ കൈവശമുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ് സലീം രോഗികളെ കബളിപ്പിച്ചിരുന്നതെന്നും ഇയാൾക്കെതിരെ രണ്ട് പരാതികൾ കൂടി ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Latest