Connect with us

aathmeeyam

ദേശസ്‌നേഹം

ഇസ്‌ലാം വിഭാവനം ചെയ്യുന്ന രാജ്യസ്‌നേഹം ഏതെങ്കിലും ഒരു വർഗത്തിലോ വിഭാഗത്തിലോ ഒതുങ്ങുന്നതല്ല, മുഴുവൻ മനുഷ്യരെയും ഉൾക്കൊള്ളുന്നതാണ്. അതാണ് ഇസ്‌ലാമിന്റെ വിശാല മാനവികതയും.

Published

|

Last Updated

രാജ്യസ്നേഹവും ദേശഭക്തിയും ഓരോ മനുഷ്യനിലും നിറഞ്ഞുനിൽക്കേണ്ട വൈകാരികതയാണ്. അവ കളങ്കമില്ലാതെ നിലനിർത്തൽ ഓരോ പൗരന്റെയും കടമയും ബാധ്യതയുമാണ്. രാജ്യം, പൗരത്വം, പാരമ്പര്യം, ഭാഷ, ദേശം, സംസ്‌കാരം എന്നിവയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ദേശസ്‌നേഹം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

പിറന്ന മണ്ണിനെ സ്‌നേഹിക്കുന്നതിന്റെയും അതിനെ നെഞ്ചോട് ചേർത്തുപിടിക്കുന്നതിന്റെയും ഉദാത്തമായ ഒട്ടനവധി ഉദാഹരണങ്ങൾ മാനവ ചരിത്രത്തിലുടനീളം കാണാവുന്നതാണ്. ജനിച്ച വീടും വളർന്ന നാടും വിട്ടുപോകുകയെന്നത് ഏതൊരാൾക്കും അതീവ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. കാരണം, അവന്റെ മനസ്സിലും ശരീരത്തിലും മണ്ണിനോടും നാടിനോടും നാട്ടുകാരോടും അതിരുകളില്ലാത്ത സ്‌നേഹവും ഇഷ്ടവും അലിഞ്ഞുചേർന്നിട്ടുണ്ട്. അതുകൊണ്ടാണ് പിറന്ന നാടും പെറ്റമ്മയും സ്വർഗത്തേക്കാൾ മഹത്തരമാണെന്ന് പറയാറുള്ളത്.

ഏതൊരു രാജ്യത്തിന്റെയും വികസനവും അഭിവൃദ്ധിയും സാധ്യമാകുന്നത് ആ രാജ്യത്തെ ജനങ്ങൾ അഖിലവും ദേശസ്‌നേഹികളായി മാറുമ്പോഴാണ്. അത് കൊണ്ട് തന്നെ ജന്മനാടിനെ സ്‌നേഹിക്കുകയെന്നത് (ഹുബ്ബുൽ വത്വൻ) വിശ്വാസത്തിന്റെ ഭാഗമായാണ് ഇസ്‌ലാം ഗണിക്കുന്നത്.

ദേശസ്‌നേഹത്തിന് പ്രവാചകന്മാരുടെയും പൂർവസൂരികളുടെയും ജീവിതത്താളുകളിൽ അനേകം മാതൃകകൾ ദർശിക്കാവുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ രാജ്യസ്‌നേഹത്തെ കുറിച്ചും പൗരാവകാശങ്ങളെ കുറിച്ചും രാജ്യത്തിനു വേണ്ടി പ്രതിരോധം തീർക്കുന്നതിനെ കുറിച്ചും അതിന്റെ വഴിയിൽ രക്തസാക്ഷികളാവുന്നവർക്കുള്ള പ്രതിഫലത്തെ കുറിച്ചും ഇസ്്ലാമിക കർമശാസ്ത്രം വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അതിന് പ്രതിലോമമായി വരുന്ന കപട രാജ്യസ്‌നേഹവും ദേശീയവാദവും ഇസ്്ലാമിന് അന്യമാണെന്നും സ്വന്തം നാടിനെ സ്‌നേഹിക്കുന്നത് മറ്റു നാടുകളെ വെറുത്താകരുതെന്നും മതം നിഷ്‌കർഷിക്കുന്നുണ്ട്. സ്വന്തം ദേശക്കാർക്ക് സുഖവും സുരക്ഷയും കൊതിക്കുകയും അതിനു വേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതോടൊപ്പം തന്റെ അയൽദേശങ്ങൾക്കും നന്മ ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് വിശ്വാസികളുടെ ദൗത്യം പൂർണമാകുന്നത്.

പ്രവാചകന്മാരെല്ലാം ജന്മനാടിനെ അതിരറ്റ് സ്‌നേഹിച്ചവരായിരുന്നു. പ്രബോധന ദൗത്യത്തിൽ കയ്‌പ്പേറിയ അനുഭവങ്ങളുണ്ടായപ്പോഴും പിറന്ന നാടിനെ വിട്ടുപോകാൻ കൂട്ടാക്കിയിരുന്നില്ല. അവരുടെ ദേശസ്‌നേഹത്തിന്റെ ആഴം ശത്രുക്കൾ തിരിച്ചറിഞ്ഞതിനാലാണ് “ഞങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങളെ ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യുമെന്ന്’ പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തിയത്. ഇബ്‌റാഹീം നബി(അ), ലൂത്വ് നബി(അ), ശുഐബ് നബി(അ), യൂസുഫ് നബി(അ) തുടങ്ങിയ പ്രവാചകന്മാരെയെല്ലാം ഇത്തരം പ്രകോപന വാക്കുകൾ പറഞ്ഞ് സ്വന്തം നാട്ടുകാരായ എതിരാളികൾ ഭീഷണിപ്പെടുത്തിയതായി വിശുദ്ധ ഖുർആനിൽ കാണാം. അവിടങ്ങളിലെല്ലാം അവർ അവസാന നിമിഷം വരെ സ്വരാജ്യത്തെയും തങ്ങളുടെ ജനതകളെയും ചേർത്തുപിടിക്കുകയാണുണ്ടായത്. ഗത്യന്തരമില്ലാതെ നാടുവിടേണ്ടി വന്നപ്പോൾ തന്നെയും സ്വദേശത്തെയോർത്ത് വിങ്ങിപ്പൊട്ടിയാണ് വിട പറഞ്ഞത്.

ശത്രുക്കളുടെ കൊടിയ അതിക്രമത്താൽ നിലനിൽപ്പ് തന്നെ ഭീഷണിയായപ്പോഴാണ് തിരുനബി(സ) മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത്. പിറന്ന നാടിനോടുള്ള തിരുനബി(സ)യുടെ വിടവാങ്ങൽ പ്രസംഗത്തിൽ രാജ്യസ്‌നേഹം തുളുമ്പുന്ന ഹൃദയവികാരം കാണാവുന്നതാണ്. ഇബ്‌നു അബ്ബാസ്(റ) വിൽ നിന്നും നിവേദനം. നബി(സ) പറഞ്ഞു: “പ്രിയപ്പെട്ട മക്കാ പട്ടണമേ, എത്ര സുന്ദരമായ നാടാണ് നീ. അല്ലാഹുവിന്റെ ഭൂമിയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട നാടാണ് നീ, എന്റെ നാട്ടുകാർ എന്നെ ഈ മണ്ണിൽ നിന്ന് പുറത്താക്കിയിരുന്നില്ലെങ്കിൽ ഞാനൊരിക്കലും നിന്നെ വിട്ടുപോകുമായിരുന്നില്ല’ (തിർമിദി).

പ്രവാചകർ(സ) പകർന്നു നൽകിയ രാജ്യസ്‌നേഹത്തിന്റെ ജ്വലിക്കുന്ന പാഠങ്ങളാണ് ജന്മനാടിന്റെ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിലും ഖിലാഫത്ത് പ്രക്ഷോഭത്തിലും അധിനിവേശ ശക്തികൾക്കെതിരെ നടന്ന ഐതിഹാസിക സമരങ്ങളിലുമെല്ലാം മുസ്്ലിം പണ്ഡിതന്മാർക്ക് പ്രചോദനമായത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ട ഭൂമികയിൽ അടർന്നുവീണ ധീര ദേശാഭിമാനികളിൽ എത്രയെങ്ങാനും മാപ്പിള പോരാളികളുണ്ടെന്ന് ഡൽഹിയിലെ ഇന്ത്യാഗേറ്റിൽ ഇല്ലേഖനം ചെയ്യപ്പെട്ട പരശ്ശതം സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക നോക്കിയാൽ സുതരാം വ്യക്തമാകും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളായ മൗലാനാ അബുൽ കലാം ആസാദ്, മൗലാനാ മുഹമ്മദലി, മൗലാനാ ശൗകത്തലി, ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ), ഉമർ ഖാസി(റ), മമ്പുറം തങ്ങന്മാർ, ആലി മുസ്‌ലിയാർ തുടങ്ങിയവരെല്ലാം അവരിൽ മുൻനിര നേതാക്കന്മാരാണ്. പ്രതിരോധത്തിന്റെ തീജ്വാലകൾ ആളിപ്പടർത്താനും അധിനിവേശ ശക്തികളെ തുരത്താനും വിപ്ലവപോരാട്ടങ്ങൾക്ക് വീര്യം പകരാനും അവർക്കെല്ലാം പ്രചോദനമായത് രാജ്യസ്‌നേഹത്തിന്റെ പ്രവാചക പാഠങ്ങളാണ്. നാക്കും തൂലികയുമുപയോഗിച്ച് ദേശത്തിന്റെ വൈരികൾക്കെതിരിൽ പൊരുതാൻ മുസ്‌ലിം ഉമ്മത്തിനെ അവർ പ്രേരിപ്പിച്ചു. പോരാട്ടവീര്യം കൂട്ടാൻ മഹാനായ ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ)വിന്റെയും മമ്പുറം തങ്ങളുടെയും ഖാസി മുഹമ്മദ്(റ)വിന്റെയും രചനകൾ നൽകിയ ആവേശം അവർണനീയമാണ്. അവർ പതിച്ചുനൽകിയ ആത്മീയ ചൈതന്യത്തിന്റെ ശക്തിയിലാണ് മലബാറിലെ മാപ്പിളമാർ സർവസ്വവും മറന്ന് പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതും ജീവൻ സമർപ്പിച്ചതും.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന രാജ്യസ്‌നേഹം ഏതെങ്കിലും ഒരു വർഗത്തിലോ വിഭാഗത്തിലോ ഒതുങ്ങുന്നതല്ല, മുഴുവൻ മനുഷ്യരെയും ഉൾക്കൊള്ളുന്നതാണ്. അതാണ് ഇസ്‌ലാമിന്റെ വിശാല മാനവികതയും. “മതത്തിൽ ബലപ്രയോഗമില്ലെന്ന’ (അൽബഖറ: 256) ഖുർആനിന്റെ പ്രഖ്യാപനം ആരാധനാ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, നീതി, സമത്വം, സമഭാവം എന്നിവയെല്ലാം ഓരോ മനുഷ്യർക്കും അനുവദിക്കുന്നു.

സമാധാനപരമായ സൗഹൃദാന്തരീക്ഷമാണ് നമ്മുടെ നാടിന്റെ പാരമ്പര്യം. സ്‌നേഹവും സഹവർത്തിത്വവുമാണ് ഭാരതീയരുടെ മുഖമുദ്ര. നൂറുക്കണത്തിന് ഭാഷകളും സംസ്‌കാരങ്ങളും മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും കൊണ്ട് സമ്പന്നമായ, വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞുനിൽക്കുന്ന ഇന്ത്യയെ പോലുള്ള മറ്റൊരു രാഷ്ട്രം ലോകത്ത് ഒരിടത്തുമില്ല. പ്രസ്തുത വൈവിധ്യങ്ങളെല്ലാം നിലനിൽക്കെത്തന്നെ ഈ നാട്ടിലെ പൗരന്മാരെയെല്ലാം നീതിക്കും നിയമത്തിനും മുന്നിൽ തുല്യരാക്കുന്നത് ദീർഘ ദൃഷ്ടിയുള്ള വിദഗ്ധർ തയ്യാറാക്കിയ നമ്മുടെ രാജ്യത്തിന്റെ ബൃഹത്തായ ഭരണഘടനയാണ്. ഭാരതീയരുടെ വൈവിധ്യങ്ങളെയും സാംസ്‌കാരിക തനിമയെയും തിരിച്ചറിഞ്ഞതിനാലും അത് ശാശ്വതമായി നിലനിൽക്കണമെന്ന് അഭിലഷിച്ചതിനാലുമാണ് ഇന്ത്യൻ ജനസഞ്ചയത്തെ ദേശസ്‌നേഹത്തിന്റെ മാസ്മരികതയിൽ തളച്ചിട്ട മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാൽ ദേശീയതയുടെയും മാനവികതയുടെയും വിശ്വമുഖം നൽകുന്ന ദേശാഭിമാന കാവ്യത്തിൽ ആദരപൂർവം “ഹിന്ദുസ്ഥാൻ ഹമാരാ…’ എന്ന് പാടിയത്.

Latest