Connect with us

From the print

പട്ടിക്കാട് സമ്മേളനം: യുവ നേതാക്കള്‍ക്ക് ഇത്തവണയും വിലക്ക്, സന്ദീപ് വാര്യരും സുന്നി വിരുദ്ധരും പ്രഭാഷകര്‍

വിവിധ വിഷയങ്ങളില്‍ മുസ്‌ലിം ലീഗിനെതിരെ വിമര്‍ശം ഉന്നയിച്ചവരെയാണ് പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് ആരോപണം.

Published

|

Last Updated

മലപ്പുറം |  ഇ കെ വിഭാഗം സമസ്തയുടെ പ്രധാന സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ്യ വാര്‍ഷിക സനദ് ദാന സമ്മേളനത്തില്‍ നിന്ന് സെക്രട്ടറി ഉമര്‍ ഫൈസി മുക്കമുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇത്തവണയും വിലക്ക്. ഇന്ന് മുതല്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിലാണ് യുവജന സംഘടനാ നേതാക്കളടക്കമുള്ളവരെ വെട്ടിമാറ്റിയത്. വിവിധ വിഷയങ്ങളില്‍ മുസ്‌ലിം ലീഗിനെതിരെ വിമര്‍ശം ഉന്നയിച്ചവരെയാണ് പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് ആരോപണം.

ഇ കെ വിഭാഗത്തിനകത്ത് ലീഗ് വിരുദ്ധരും അനുകൂലികളും എന്ന രണ്ട് വിഭാഗം സമാന്തര പ്രവര്‍ത്തനവുമായി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് സമ്മേളനത്തില്‍ വിലക്ക് വന്നിരിക്കുന്നത്. ക്രിസ്മസ് ആഘോഷം, സി ഐ സി- ലീഗ് ഭിന്നത തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടിയെയും ജാമിഅ നൂരിയ്യയുടെ പ്രസിഡന്റും ലീഗ് സംസ്ഥാന അധ്യക്ഷനുമായ സ്വാദിഖലി തങ്ങള്‍ക്കെതിരെയും വിമര്‍ശം ഉന്നയിച്ച എസ് കെ എസ് എസ് എഫ്- ഇ കെ വിഭാഗം എസ് വൈ എസ് എന്നിവയുടെ പ്രധാന നേതാക്കളെ കഴിഞ്ഞ സമ്മേളനത്തില്‍ നിന്ന് വെട്ടിമാറ്റിയിരുന്നു. ഇതേ വെട്ടിമാറ്റലാണ് ഈ സമ്മേളനത്തിലും നടന്നിരിക്കുന്നത്. പേരിന് ഇ കെ വിഭാഗം സമസ്തയുടേതെന്ന് പറയുമെങ്കിലും പട്ടിക്കാട് ജാമിഅ നൂരിയ്യ ലീഗ് നേതാക്കള്‍ കൈയടക്കിവെച്ചിരിക്കുകയാണ്. യുവജന നേതാക്കളായ ഹമീദ് ഫൈസി അമ്പലക്കടവ്, സുപ്രഭാതത്തിന്റെ ചുമതല വഹിക്കുന്ന മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ തുടങ്ങി വിദ്യാര്‍ഥി, യുവജന സംഘടനകളുടെ മുഖമായ നേതാക്കളെയാണ് സമ്മേളനത്തില്‍ നിന്ന് വെട്ടിമാറ്റിയിരിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതേസമയം, ലീഗ് അനുകൂലികളായ നേതാക്കളെല്ലാം സമ്മേളനത്തില്‍ പ്രധാന വിഷയങ്ങളില്‍ സംസാരിക്കുന്നുമുണ്ട്.

നാസര്‍ ഫൈസി കൂടത്തായി, സമദ് പൂക്കോട്ടൂര്‍, കെ എ റഹ്മാന്‍ ഫൈസി തുടങ്ങിയവരൊക്കെ പ്രസംഗിക്കുന്നുണ്ട്. സുന്നി ആശയത്തിന് വിരുദ്ധമായി പ്രസംഗിക്കുന്ന ലീഗിന്റെ എം എല്‍ എമാരടക്കം മുഴുവന്‍ ജനപ്രതിനിധികളും സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ സ്ഥാനം പിടിച്ചപ്പോഴാണ് സ്വന്തം യുവജന നേതാക്കള്‍ക്ക് വിലക്ക്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും വലിയ വിമര്‍ശം ഉയര്‍ന്നിരിക്കുകയാണ്. ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസ്സിലെത്തിയ സന്ദീപ് വാര്യര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പട്ടിക്കാട് സമ്മേളനത്തില്‍ ഇവര്‍ ഉണ്ട്, ഇല്ല എന്ന് പറഞ്ഞുകൊണ്ട് ഹമീദ് ഫൈസി അമ്പലക്കടവിന്റെയും സന്ദീപ് വാര്യരുടെയും ഫോട്ടോ വെച്ചുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

Latest