Kerala
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
അടൂര്‍ ചൂരക്കോട് സ്വദേശികളായ വല്ല്യന്റയ്യത്ത് അനന്തു കൃഷ്ണന്‍ (29), രാജേന്ദ്ര ഭവനില്‍ എം യദുകൃഷ്ണന്‍ (36) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട | മുക്കുപണ്ടം പണയം വെച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അടൂര്‍ ചൂരക്കോട് സ്വദേശികളായ വല്ല്യന്റയ്യത്ത് അനന്തു കൃഷ്ണന്‍ (29), രാജേന്ദ്ര ഭവനില്‍ എം യദുകൃഷ്ണന്‍ (36) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അടൂര്‍ മണക്കാല ചിറ്റാണിമുക്ക് കൃഷ്ണാലയം വീട്ടില്‍ അരുണ്‍ കൃഷ്ണന്‍ (29) നേരത്തെ പിടിയിലായിരുന്നു.
അടൂര്‍ ചൂരക്കോട് പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് മുക്കുപണ്ടങ്ങള്‍ പണയം വച്ച് പ്രതികള്‍ പണം തട്ടിയത്. ജനുവരി ആദ്യ ആഴ്ചയാണ് പ്രതികള്‍ ആദ്യം മുക്കുപണ്ടം പണയം വച്ചത്. അടുത്ത ദിവസം വീണ്ടും പണയം വെച്ച് പണം തട്ടിയെടുത്തു. തുടര്‍ന്ന് വീണ്ടും ഇത്തരത്തില്‍ പണയം വെക്കാന്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണം ഉരച്ചു നോക്കിയതില്‍ മുക്കുപണ്ടമാണെന്ന് മനസ്സിലാകുകയായിരുന്നു. വിവരം പറഞ്ഞപ്പോള്‍ അബദ്ധം പറ്റിയതാണെന്നും സ്വര്‍ണമാണെന്ന് കരുതിയാണ് മുക്കുപണ്ടം കൊണ്ടുവന്നതെന്നും പറഞ്ഞ് അരുണ്‍ സ്ഥലംവിട്ടു. തുടര്‍ന്ന് ആദ്യം സ്വര്‍ണമാണെന്ന് പറഞ്ഞ് അരുണ്‍ വച്ച ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് അതും മുക്കുപണ്ടമാണെന്ന് ജീവനക്കാര്‍ക്ക് മനസ്സിലായത്. പിന്നീട് അടൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അരുണിനെ പിടികൂടിയതിനെ പിന്നാലെ വ്യാപിപ്പിച്ച അന്വേഷണത്തിലാണ് അനന്തു കുടുങ്ങിയത്. ഒളിവിലായിരുന്ന യദുകൃഷ്ണനെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ തൃശൂര്‍ ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ അടൂര്‍, ഏനാത്ത് പ്രദേശങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ മുക്കുപണ്ടം പണയം വെച്ചത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിച്ച സ്വര്‍ണാഭരണങ്ങളാണ് പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ് അറിയിച്ചു.
അടൂര്‍ ഡി വൈ എസ് പി. ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവ്, എസ് ഐ. എം പ്രശാന്ത്, എസ് സി പി ഒമാരായ സൂരജ്, ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.