Business
ശ്രദ്ധിക്കുക; എസ്ബിഐ ഉപഭോക്താക്കളുടെ സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം വരുത്തി
ഇന്റര്‍നെറ്റ് ബേങ്കിംഗ്, മൊബൈല്‍ ബേങ്കിംഗ്, യോനോ എന്നിവ വഴിയും ഡിജിറ്റലായി നടത്തുന്ന അഞ്ച് ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.
ന്യൂഡല്‍ഹി| സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ഐഎംപിഎസ് ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇത് പ്രകാരം എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് പകരം അഞ്ച് ലക്ഷം രൂപ വരെ ഇടപാടുകള്‍ നടത്താമെന്ന് ബേങ്ക് അറിയിച്ചു. ഇന്റര്‍നെറ്റ് ബേങ്കിംഗ്, മൊബൈല്‍ ബേങ്കിംഗ്, യോനോ എന്നിവ വഴിയും ഡിജിറ്റലായി നടത്തുന്ന അഞ്ച് ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ അടുത്തിടെ അറിയിച്ചിരുന്നു. ഡിജിറ്റല്‍ ബേങ്കിങ് രംഗത്ത് ഉപഭോക്താക്കളുടെ ഇടപെടല്‍ ശക്തിപ്പെടുത്താനാണ് ഇതെന്ന് ബേങ്ക് വ്യക്തമാക്കി.
എന്നാല്‍ എസിബിഐ ബേങ്ക് ശാഖകള്‍ വഴി നടത്തുന്ന ആയിരം രൂപ മുതല്‍ അഞ്ച് ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് നിലവിലെ ജിഎസ്ടിക്കൊപ്പം സേവന നിരക്കും ഈടാക്കുമെന്ന് ബേങ്ക് വ്യക്തമാക്കി. 200000 മുതല്‍ 500000 വരെയുള്ള ഇടപാടുകള്‍ക്കായി ഒരു പുതിയ സര്‍വീസ് ചാര്‍ജ് സ്ലാബ് ബേങ്ക് ഉള്‍പ്പെടുത്തി. ഇത് പ്രകാരമുള്ള സര്‍വീസ് ചാര്‍ജ് 2022 ഫെബ്രുവരി ഒന്ന് മുതല്‍ 20 രൂപയും ജിഎസ്ടിയും ആയിരിക്കും. ഐഎംപിഎസ് സര്‍വീസ് ചാര്‍ജ് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് അനുസൃതമാണെന്നും ബേങ്ക് വ്യക്തമാക്കി. പുതിയ മാറ്റങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബേങ്ക് വിജ്ഞാപനത്തില്‍ അറിയിച്ചു.
ഐഎംപിഎസ്/ആര്‍ടിജിഎസ്/എന്‍ഇഎഫ്ടി സര്‍വീസ് ചാര്‍ജ്-ഓഫ് ലൈന്‍
1000 രൂപ വരെ – സര്‍വീസ് ചാര്‍ജ് ഈടാക്കില്ല
10000 രൂപ വരെ – രണ്ട് രൂപ + ജിഎസ്ടി
100000 രൂപ വരെ – നാല് രൂപ + ജിഎസ്ടി
200000 രൂപ വരെ – 12 രൂപ + ജിഎസ്ടി
500000 രൂപ വരെ – 20 രൂപ + ജിഎസ്ടി
എസ്ബിഐ ഉപഭോക്താക്കളില്‍ ഇന്റര്‍നെറ്റ് ബേങ്കിംഗ് ഉപയോഗിക്കുന്നവര്‍ 94.4 ലക്ഷം ആളുകളാണ്. മൊബൈല്‍ ബേങ്കിംഗ് ഉപയോഗിക്കുന്നവര്‍ 2.1 കോടിയും ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍, ലൈഫ്സ്റ്റൈല്‍ പ്ലാറ്റ്ഫോമായ യോനോ എന്നിവ ഉപയോഗിക്കുന്നവര്‍ 4.4 കോടി ആളുകളുമാണ്.