Kerala
കെ കെ രമക്ക് വീണ്ടും ഭീഷണിക്കത്തുമായി 'പയ്യന്നൂർ സഖാക്കൾ'
പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടെതെന്ന് നിനക്ക് നല്ലപോലെ അറിയാമല്ലോ എന്ന ഓര്‍മപ്പെടുത്തലോടെയാണ് കത്ത് അവസാനിക്കുന്നത്
വടകര | വടകര എം എൽ എയും കൊല്ലപ്പെട്ട ആർ എം പി സ്ഥാപകൻ ടി പി ചന്ദ്രശേഖരൻ്റെ ഭാര്യയുമായ കെ കെ രമക്ക് ഭീഷണിക്കത്ത്. പയ്യന്നൂർ സഖാക്കളുടെ പേരിലാണ് സെക്രട്ടേറിയറ്റ് അഡ്രസ്സിൽ കത്ത് വന്നരിക്കുന്നത്. ഈ മാസം 20ന് അയച്ച കത്തിൽ രൂക്ഷമായ ഭാഷയിലാണ് കത്ത്.
എടീ രമേ എന്ന് അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന താക്കീതു കത്തില്‍ കേസ് പിന്‍വലിക്കണമെന്നാണ് ആവശ്യം. മാത്രമല്ല, മാപ്പ് പറയണമെന്നും കത്തിലുണ്ട്. നിയമസഭാ സംഘർഷത്തിനിടെ കൈയൊടിഞ്ഞതും അതിനെ തുടർന്നുള്ള കേസുമാണ് ഭീഷണിക്കത്തിന് ഹേതുവായിരിക്കുന്നത്.
ഭീഷണിക്ക് വഴങ്ങുന്നില്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടിവരുമെന്നും ഭീഷണിക്കത്തിലുണ്ട്. കേസ് പിന്‍വലിക്കാനും മാപ്പ് പറയാനും ഒരു മാസത്തെ അവധിയാണ് നല്‍കിയിരിക്കുന്നത്. അല്ലെങ്കില്‍ അടുത്ത മാസം 20നുള്ളില്‍ തീരുമാനം നടപ്പാക്കുമെന്നും ഭീഷണിക്കത്തിലുണ്ട്. പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടെത് എന്ന് നിനക്ക് നല്ലപോലെ അറിയാമല്ലോ എന്ന ഓര്‍മപ്പെടുത്തലോടെയാണ് കത്ത് അവസാനിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിലും രമക്ക് ‘പയ്യന്നൂർ സഖാക്കളുടെ പേരിൽ ഭീഷണിക്കത്ത് വന്നിരുന്നു. ഇപ്പോഴത്തെ കത്തുമായി ബന്ധപ്പെട്ട് നിയമനടപടികൾക്കൊരുങ്ങുകയാണ് രമ.