Kerala
പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റിന് കോടതിയുടെ അനുമതി
പി സിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും
തിരുവനന്തപുരം | തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കി. ആവശ്യമെങ്കില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് നടപടി. ഈ കേസിൽ പി സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു.
പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. ജാമ്യം റദ്ദാക്കിയതിനാൽ പി സിയെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്‌തേക്കും.
വെൺമല വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജ് ഇന്ന് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയിട്ടുണ്ട്. സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് പി.സി. ജോർജിന് നോട്ടീസ് നൽകിയിരുന്നു. ഈ ഘട്ടത്തിൽ പി സിയെ ഇവിടെ വെച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഇതിനായി വിഴിഞ്ഞം പോലീസ് പാലാരിവട്ടത്തേക്ക് പുറപ്പെട്ടു. വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് നേരത്തേ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
അതിനിടെ, പി സി ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിൽ പി ഡി പി പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പി സി ജോർജിന് പിന്തുണയുമായി ബിജെപി പ്രവർത്തകരും സ്റ്റേഷന് മുന്നിൽ സംഘടിച്ചിട്ടുണ്ട്. പി സി ജോർജിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം മുഴക്കിയാണ് ബിജെപി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്.
ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് പി സി ജോർജ് വർഗീയ വിഷം ചീറ്റിയ പ്രസംഗം നടത്തിയത്. തുടര്‍ന്ന് മെയ് ഒന്നിന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.