Kerala
പി സി ജോര്‍ജിന്റെ മതവിദ്വേഷ പ്രസംഗം; വീഡിയോ തിങ്കളാഴ്ച ഉച്ചക്ക് 12ന് കോടതി നേരിട്ട് കാണും
ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. പ്രസംഗത്തിന്റെ ഡി വി ഡി പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
തിരുവനന്തപുരം | വിവാദ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം നേരിട്ട് കാണുമെന്ന് വ്യക്തമാക്കി കോടതി. പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. പ്രസംഗത്തിന്റെ ഡി വി ഡി പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഈ പ്രസംഗം കാണാനായി തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടിന്റെതാണ് നിര്‍ദേശം. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പോലീസ് രാഷ്ട്രീയ പ്രേരിതമായി കേസെടുക്കുകയായിരുന്നുവെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ജനാധിപത്യ മര്യാദകള്‍ പാലിക്കാത്ത വ്യക്തിയാണ് പി സി ജോര്‍ജെന്നും ജാമ്യവ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷന്‍ എതിര്‍ വാദത്തില്‍ പറഞ്ഞു.