Kerala
പി സി ജോര്‍ജിന് ആരോഗ്യ പ്രശ്‌നങ്ങള്‍; റിമാന്റ് മെഡിക്കല്‍ കോളജിലെ സെല്ലില്‍
പി സി ജോര്‍ജിന്റെ മെഡിക്കല്‍ രേഖകളടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയ ജഡ്ജി അതിന് ശേഷമാണ് മെഡിക്കല്‍ കോളജിലെ സെല്ലില്‍ റിമാന്‍ഡ് ചെയ്യാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്

കൊച്ചി | കോടതി 14 ദിവസം റിമാന്റ് ചെയ്ത പി സി ജോര്‍ജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെല്ലില്‍ കഴിയും. കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പായി നടത്തിയ വൈദ്യ പരിശോധനയില്‍ പി സി ജോര്‍ജിന്റെ ഇ സി ജിയില്‍ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
കസ്റ്റഡി അവസാനിച്ച പി സി ജോര്‍ജിന്റെ മെഡിക്കല്‍ രേഖകളടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയ ജഡ്ജി അതിന് ശേഷമാണ് മെഡിക്കല്‍ കോളജിലെ സെല്ലില്‍ റിമാന്‍ഡ് ചെയ്യാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇവിടെ ഐ സി യു അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അടക്കമുള്ള പ്രശ്‌നങ്ങള്‍ പി സിക്കുള്ളതിനാല്‍ രാത്രിയില്‍ ഓക്‌സിജന്‍ മാസ്‌ക് അടക്കമുള്ള സംവിധാനങ്ങള്‍ അദ്ദേഹത്തിന് ആവശ്യമാണ്. ഇതിനുള്ള സൗകര്യം നിലവില്‍ പാലാ സബ് ജയിലില്‍ ഇല്ലാത്തതിനാലാണ് പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.
മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസിലാണ് പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പി സി ജോര്‍ജിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.