Connect with us

pc george absconding

പി സി ജോര്‍ജ് പൂഞ്ഞാറിലെ വീട്ടിലില്ല; പോലീസ് സംഘം മടങ്ങി

പി സി ജോര്‍ജ് ഒളിവില്‍ പോയെന്ന നിഗമനത്തിലാണ് പോലീസ്.

Published

|

Last Updated

കോട്ടയം | വിദ്വേഷ പ്രസംഗ കേസില്‍ പ്രതിയായ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ പൂഞ്ഞാറിലെ വീട്ടില്‍ പോലീസിന് കണ്ടെത്താനായില്ല. ഇതോടെ, ഇവിടെ നിന്ന് പോലീസ് സംഘം മടങ്ങി. പി സി ജോര്‍ജിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആക്കിയ നിലയില്‍ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

പി സി ജോര്‍ജ് ഒളിവില്‍ പോയെന്ന നിഗമനത്തിലാണ് പോലീസ്. ഉച്ചക്ക് ഒന്നരയോടെ പി സി ജോര്‍ജ് വീട്ടില്‍ നിന്ന് പോയെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഉപയോഗിക്കുന്ന കാറിലല്ല പോയത്. സമീപത്തെ ബന്ധുവീട്ടുകളിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം വൈകിട്ട് നാലോടെയാണ് പൂഞ്ഞാറിലെ വീട്ടിലെത്തിയത്. മകന്‍ ഷോണ്‍ ജോര്‍ജും കുടുംബവും പി സി ജോര്‍ജിന്റെ ഭാര്യയുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് സംഘം ഈരാറ്റുപേട്ടയിലെത്തിയത്. അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന് കഴിഞ്ഞ മാസം തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പി സി ജോര്‍ജിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു.

Latest