Connect with us

Kerala

സംഘ്പരിവാറുകാരെ ന്യായീകരിക്കുന്ന പി സി ജോര്‍ജ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: സജി മഞ്ഞക്കടമ്പില്‍

കത്തോലിക്കാ സഭയെയും മുസ്‌ലിം മതവിഭാഗത്തെയും ആക്ഷേപിക്കുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് പി സി ജോര്‍ജും ആര്‍ എസ് എസും പിന്തിരിയണം.

Published

|

Last Updated

കോട്ടയം | മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്കു നേരെ അകാരണമായി ആക്രമണം നടത്തിയ സംഘ്പരിവാറുകാരെ ന്യായീകരിക്കാന്‍ ഇറങ്ങിയിരിക്കുന്ന പി സി ജോര്‍ജ് തീക്കൊള്ളി കൊണ്ട് തല ചെറിയുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.

തീര്‍ഥാടനത്തിന് പോയവര്‍ ക്ഷേത്രത്തിന് മുമ്പില്‍ ചെന്ന് മര്യാദകേടു കാട്ടി എന്ന കള്ളപ്രചാരണം നടത്തി തീവ്രവാദികളെ വെള്ളപൂശാനാണ് ജോര്‍ജിന്റെ ശ്രമം. ഒഡിഷാ ജൂബ ഇടവക വികാരി ഫാദര്‍ ജോഷി വലിയ കുളത്തിനെയും അസി. വികാരി ഫാദര്‍ ദയനുദിനെയും പള്ളി കോമ്പൗണ്ടില്‍ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സജി കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പൂഞ്ഞാറിലെ മുസ്‌ലിം സഹോദരന്മാരുടെ വോട്ടു വാങ്ങി ജയിച്ച ശേഷം മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം ചീത്ത വിളിച്ച് വെറുപ്പിച്ച് അവര്‍ക്കെതിരെ നിരന്തര അധിക്ഷേപം നടത്തി ക്രിസ്ത്യന്‍- ഹിന്ദു വിഭാഗങ്ങളുടെ വോട്ട് നേടനുള്ള കുതന്ത്രമാണ് ജോര്‍ജ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം കുടുംബത്തില്‍ മതംമാറ്റം നടത്തിയ ജോര്‍ജിന് ലൗ ജിഹാദിനെക്കുറിച്ച് പറയാന്‍ അര്‍ഹത ഇല്ല. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ വേലിചാട്ടക്കാരാണെന്ന പ്രചാരണം നടത്തുന്ന ജോര്‍ജ് കത്തോലിക്കാ സമൂഹത്തിന് അപമാനമാണ്.

കത്തോലിക്കാ സഭയെ തകര്‍ക്കാനും ആക്ഷേപിക്കാനുമുള്ള ആസൂത്രിത നീക്കമാണ് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. കത്തോലിക്കാ സഭയെയും മുസ്‌ലിം മതവിഭാഗത്തെയും ആക്ഷേപിക്കുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് പി സി ജോര്‍ജും ആര്‍ എസ് എസും പിന്തിരിയണം.

കിഴിവിന്റെ പേരില്‍ മില്ലുടമകള്‍ നടത്തുന്ന ചൂഷണത്തില്‍ നിന്നും നെല്‍കര്‍ഷകരെ സംരക്ഷിക്കണമെന്നും സംഭരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സജിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റ് തൃണമൂല്‍ നേതാക്കളും ആവശ്യപ്പെട്ടു.