Kerala
പി സി ജോര്‍ജിന് ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയില്‍ ഒരു മണിക്കൂര്‍ നിരീക്ഷണം
അറസ്റ്റിനു ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം അനുഭവപ്പെട്ടത്.

കൊച്ചി | വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് ശാരീരികാസ്വാസ്ഥ്യം. അറസ്റ്റിനു ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം അനുഭവപ്പെട്ടത്. ഇതോടെ ഒരു മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ ഡി സി പിയുടെ വാഹനത്തില്‍ സിറ്റി എ ആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി. വെണ്ണല കേസില്‍ മൊഴി എടുക്കാനാണ് പി സിയെ കൊണ്ടുപോയത്. പിന്നീട് അദ്ദേഹവുമായി പോലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു.
നാളെ ഹൈക്കോടതിയെ സമീപിക്കും
കിഴക്കേക്കോട്ട വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ പി സി ജോര്‍ജ് നാളെ ഹൈക്കോടതിയെ സമീപിക്കും. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് നാളെ ഹൈക്കോടതിയില്‍ ഹരജി നല്‍കുക. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരത്തെ കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും.