Connect with us

Kerala

പി സി ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങി

ഇന്ന് വൈകിട്ടാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയത്.

Published

|

Last Updated

തിരുവനന്തപുരം | വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കേസില്‍ ജാമ്യം ലഭിച്ച പി സി ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഇന്ന് വൈകിട്ടാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയത്. ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി വൈകിയതിനാല്‍ ജോര്‍ജിന് ഇന്ന് പുറത്തു വരാന്‍ കഴിയില്ലെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. എന്നാല്‍, തുടര്‍ നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയും അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തെത്താന്‍ സാഹചര്യമൊരുങ്ങുകയായിരുന്നു.

തന്നെ ജയിലിലടച്ചത് പിണറായിയുടെ കളിയുടെ ഭാഗമാണെന്ന് പുറത്തു വന്ന ശേഷം പി സി ജോര്‍ജ് പറഞ്ഞു. പിണറായിക്കുള്ള മറുപടി തൃക്കാക്കരയില്‍ നല്‍കും. പ്രതിപക്ഷ നേതാവിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്കായി രംഗത്തിറങ്ങുമെന്നും ജോര്‍ജ് വ്യക്തമാക്കി. നിരവധി ബി ജെ പി പ്രവര്‍ത്തകരാണ് ജോര്‍ജിനെ സ്വീകരിക്കാന്‍ ജയിലിനു സമീപത്തെത്തിയത്. ഷാളും പൂമാലയുമണിയിച്ച് മുദ്രാവാക്യം മുഴക്കിയായിരുന്നു സ്വീകരണം.

നേരത്തെ, പ്രായവും രോഗാവസ്ഥയും പരിഗണിച്ച് ഹൈക്കോടതി അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് നിര്‍ദേശിച്ചു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും. ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പി സി ജോര്‍ജിനെ ആര് നിയന്ത്രിക്കുമെന്ന ചോദ്യമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ജോര്‍ജിനെ കസ്റ്റഡിയില്‍ വേണമെന്നും ശബ്ദ പരിശോധന നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.