Editorial
ജാമ്യം റദ്ദാക്കി പി സി ജോര്‍ജിനെ ജയിലിലടക്കണം
ഇപ്പോഴും മതസൗഹാര്‍ദാന്തരീക്ഷത്തിന് കാര്യമായ ക്ഷതമേല്‍ക്കാത്ത സംസ്ഥാനമാണ് കേരളം. ഇത് താറുമാറാക്കി വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് വഴിയൊരുക്കുന്ന അപകടകരമായ അജന്‍ഡയാണ് പി സി നടത്തിക്കൊണ്ടിരിക്കുന്നത്.

അന്ധമായ മുസ്‌ലിം വിരോധം അടക്കിനിര്‍ത്താന്‍ കഴിയുന്നില്ല പി സി ജോര്‍ജിന്. മുസ്‌ലിംവിരുദ്ധ വിദ്വേഷ പരാമര്‍ശങ്ങളെ ചൊല്ലി അറസ്റ്റിലായി കോടതി ജാമ്യത്തിലിറങ്ങിയ പി സി, പോലീസും കോടതിയും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണിപ്പോള്‍. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം വരുന്ന പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ മതം മാറ്റിയെന്നും ലവ് ജിഹാദുകാരില്‍ നിന്ന് രക്ഷിക്കാന്‍ ക്രിസ്തീയ കുടുംബങ്ങള്‍ പെണ്‍മക്കളുടെ വിവാഹം 24 വയസ്സിനു മുന്നേ നടത്തണമെന്നുമാണ് പാലായില്‍ നടന്ന ലഹരിവിരുദ്ധ യോഗത്തില്‍ പി സി ജോര്‍ജ് തട്ടിവിട്ടത്. കോണ്‍ഗ്രസ്സ്, മുസ്‌ലിം ലീഗ് തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്്. ജാമ്യം റദ്ദാക്കി പി സിയെ വീണ്ടും ജയിലിലടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് നിരവധി തവണ നിയമ നടപടികള്‍ക്ക് വിധേയനാകുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത വ്യക്തിയാണ് പി സി ജോര്‍ജ്. സംഘ്പരിവാര്‍ ചാനലായ ജനം ടി വിയില്‍ ജനുവരി ആറിന് നടന്ന ചര്‍ച്ചയില്‍ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് ഏറ്റവുമൊടുവില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. “ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒന്നടങ്കം വര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അവര്‍ കൊലപ്പെടുത്തിയിട്ടുണ്ട്്. തുണി പൊക്കിനോക്കി മുസ്‌ലിമല്ലെന്നു കണ്ടാല്‍ കൊല്ലുന്നതാണ് അവരുടെ രീതി’ എന്നിങ്ങനെ പോകുന്നു പ്രസ്തുത ചര്‍ച്ചയിലെ പി സി ജോര്‍ജിന്റെ വിഷം ചീറ്റല്‍. തുടക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിമുഖത കാണിച്ചു. വ്യാപകമായ പ്രതിഷേധത്തിനു പിന്നാലെയാണ് പോലീസ് നിയമ നടപടികളിലേക്ക് നീങ്ങിയത്.
2022 ഏപ്രില്‍ 29ന് തിരുവനന്തപുരത്ത് വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിലും പിന്നീട് പാലാരിവട്ടം വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ചടങ്ങിലും വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു പി സി. മുസ്‌ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു, മുസ്‌ലിം കച്ചവടക്കാര്‍ അമുസ്‌ലിം മേഖലകളില്‍ കച്ചവടം തുടങ്ങി അമുസ്‌ലിംകളുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, മുസ്‌ലിം ഹോട്ടലുകളില്‍ നിന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഭക്ഷണം കഴിക്കരുത് തുടങ്ങിയ പരാമര്‍ശങ്ങളാണ് വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തില്‍ പി സി നടത്തിയത്. ഈ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ്, 2022 മെയ് ഒന്നിന് അയാളെ അറസ്റ്റ് ചെയ്‌തെങ്കിലും ആരോഗ്യ പ്രശ്‌നത്തിന്റെ പേരില്‍ താമസിയാതെ ജാമ്യം ലഭിച്ചു. ഈ ജാമ്യവേളയിലായിരുന്നു തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗം. 2023 നവംബറില്‍ തിരുവല്ലയില്‍ നടന്ന “ഹമാസ്‌വിരുദ്ധ കൂട്ടായ്മ’യിലും കഴിഞ്ഞ വര്‍ഷാവസാനം പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പി സി വിദ്വേഷ പ്രസംഗം നടത്തുകയുണ്ടായി.
സംസ്ഥാന, ദേശീയ തലത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധമുയര്‍ത്തിയതാണ് പി സിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍. വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് 2023 മെയില്‍ അമേരിക്ക പ്രസിദ്ധീകരിച്ച “അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപോര്‍ട്ട് 2022’ല്‍ പി സി യുടെ വിദ്വേഷ പ്രസ്താവനകളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിം ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്ന പി സിയുടെ പരാമര്‍ശമാണ് റിപോര്‍ട്ടില്‍ എടുത്തുദ്ധരിച്ചത്.
മധ്യകേരളത്തിലെ പൂഞ്ഞാർ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ വിജയിച്ച രാഷ്ട്രീയ നേതാവാണ് പി സി ജോര്‍ജ്. പൂഞ്ഞാര്‍ ഒരു ഹിന്ദുഭൂരിപക്ഷ മണ്ഡലമെങ്കിലും എല്ലാ മതവിഭാഗങ്ങളുമായും നല്ല ബന്ധം സ്ഥാപിച്ച് അവരുടെയൊക്കെ സഹകരണത്തോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറാറുള്ളത്. എന്നാല്‍ 2021ല്‍ പൂഞ്ഞാറില്‍ സി പി എം സ്ഥാനാര്‍ഥിയോട് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു പി സിക്ക്. തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വരുടെ വോട്ട് നേടുന്നതിന് അദ്ദേഹം സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനമാണ് വിനയായത്. മുസ്‌ലിം വോട്ടര്‍മാരുടെ നിസ്സഹകരണമാണ് തന്റെ പരാജയത്തിനു കാരണമെന്ന വിശ്വാസത്തില്‍, അന്ന് തൊട്ടാണ് അദ്ദേഹം തന്റെ മുസ്‌ലിം വിരോധം പുറത്തെടുക്കാന്‍ തുടങ്ങിയത്. പി സിയുടെ ബി ജെ പിയിലേക്കുള്ള ചേക്കേറ്റം ഇതിന്റെ തുടര്‍ച്ചയാണ്. ക്രിസംഘികളായ ചില ക്രിസ്തീയ പുരോഹിതരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. ക്രൈസ്തവ സഭാ മേധാവികളുമായി ആലോചിച്ച ശേഷവും അവരുടെ അനുഗ്രഹങ്ങള്‍ വാങ്ങിയുമാണ് താന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്ന് 2024 ഫെബ്രുവരിയില്‍ ഒരു പ്രസ്താവനയില്‍ പി സി തന്നെ വ്യക്തമാക്കിയതാണ്.
ബി ജെ പിയില്‍ ചേരുന്നതിനു മുമ്പേ സംഘ്പരിവാര്‍ സംഘടനകളുടെ പരോക്ഷ പിന്തുണയുമുണ്ടായിരുന്നു പി സിക്ക്. അടവുകള്‍ പതിനെട്ട് പയറ്റിയിട്ടും കേരള രാഷ്ട്രീയത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച വെക്കാന്‍ സാധിക്കാത്ത ബി ജെ പി, പി സിയെയും അനില്‍ ആന്റണിയെയും പോലെയുള്ളവരെ ഉപകരണമാക്കുകയാണ്. 2022ല്‍ വിദ്വേഷ പരാമര്‍ശക്കേസില്‍ പി സിയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വഴിയരികില്‍ കാത്തുനിന്ന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു.
ഇപ്പോഴും മതസൗഹാര്‍ദാന്തരീക്ഷത്തിന് കാര്യമായ ക്ഷതമേല്‍ക്കാത്ത സംസ്ഥാനമാണ് കേരളം. ഇത് താറുമാറാക്കി വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് വഴിയൊരുക്കുന്ന അപകടകരമായ അജന്‍ഡയാണ് പി സി നടത്തിക്കൊണ്ടിരിക്കുന്നത്. ഉപാധികളോടെ നല്‍കിയ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചും കോടതിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയും പിന്നെയും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പി സിയെ പോലുള്ളവര്‍ക്ക് അനുയോജ്യമായ ഇടം ജയിലാണ്. ജാമ്യം റദ്ദാക്കി അയാളെ എത്രയും വേഗം വീണ്ടും ജയിലിലേക്ക് തന്നെ തിരിച്ചയക്കാന്‍ കോടതിയും പോലീസും നടപടി സ്വീകരിക്കേണ്ടതുണ്ട്. പലപ്പോഴും പോലീസിന്റെ ഒത്താശയോടെയാണ് നിയമ നടപടികളില്‍ നിന്ന് പി സി തലയൂരുന്നതും ജാമ്യം നേടുന്നതും. പോലീസിലെ ഈ സംഘ്പരിവാര്‍ വിംഗിനെ നിലക്കു നിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.