Connect with us

Articles

പി സി ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റ് മാത്രമാണ്

നിയമസഭയില്‍ ആകെ ഉണ്ടായിരുന്ന ഒരു പ്രതിനിധി പോലും ഇല്ലാതായെങ്കിലും മലയാളക്കരയുടെ പൊതു മനസ്സിനെ മലിനമാക്കാന്‍ സംഘ്പരിവാര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മാന്‍പേടകള്‍ തമ്മില്‍ കൊമ്പുകോര്‍ത്താല്‍ അവയെ കൊന്നു തിന്നാന്‍ ഏറെ വിയര്‍ക്കേണ്ടതില്ലെന്ന് അറിയുന്ന സിംഹത്തിന്റെ നയമാണ് ഇപ്പോള്‍ കേരളത്തില്‍ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നത്. ക്രിസ്ത്യന്‍ - മുസ്ലിം സമുദായങ്ങളെ തമ്മില്‍ തെറ്റിക്കുന്നതാണ് ആദ്യ ചുവട്. അത്യന്തം ആപത്കരമാണിത്.

Published

|

Last Updated

കേരളവും രാജ്യവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. രാജ്യത്തിന്റെ പരമ്പരാഗത സ്വത്തുക്കള്‍ മിക്കവാറും വിറ്റ് കാശാക്കിയിട്ടും കേന്ദ്ര സര്‍ക്കാറിന് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. കരുതല്‍ ശേഖരങ്ങളെല്ലാം മെലിഞ്ഞു തുടങ്ങി. കര്‍ഷകരെ പത്ത് മാസം തെരുവില്‍ സമരം ചെയ്യിച്ചവര്‍ ഇപ്പോഴത്തെ ഭക്ഷ്യക്ഷാമം വിളിച്ചു വരുത്തിയതാണ്. കേരളത്തിലെ മുഖ്യ ഭക്ഷ്യധാന്യമായ അരി മാര്‍ക്കറ്റില്‍ വരാതായിരിക്കുന്നു. ഇന്ധനം മുതല്‍ ചന്ദനത്തിരി വരെ എല്ലാത്തിനും തീ പിടിച്ച വിലക്കയറ്റം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഈ വിലക്കയറ്റത്തില്‍ നമുക്കും കിട്ടണം പണം എന്ന നിലപാടാണ് എടുത്തിട്ടുള്ളത്. നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലാതായിരിക്കുന്നു. ചൈന നിരന്തരം നമ്മുടെ ഭൂമി കൈയേറിക്കൊണ്ടേയിരിക്കുന്നു. പാക്കിസ്ഥാന്‍ നമ്മുടെ നാട്ടില്‍ അസ്വാസ്ഥ്യം വിതച്ച് സ്വന്തം നാട്ടില്‍ രാഷ്ട്രീയ ലാഭം കൊയ്യുന്നു. നേപ്പാളും ഭൂട്ടാനും മുമ്പെങ്ങുമില്ലാത്ത വിധം ഇന്ത്യയുടെ മണ്ണിലേക്ക് അതിര്‍ത്തികള്‍ വിശാലമാക്കുന്നു.

വ്യവസായ, വാണിജ്യ, വ്യാപാര മേഖലകളെല്ലാം തകര്‍ന്നു കൊണ്ടിരിക്കുന്നു. എന്തെങ്കിലും പരിഹാരമാര്‍ഗം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാന്‍ കാത്തിരുന്നവരോട് അമിത് ഷാ പറഞ്ഞത് കൊവിഡ് തരംഗം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. എല്ലാ വിഭാഗം ജനപ്രതിനിധികളുടെയും വോട്ട് ലഭിക്കാന്‍ പാകത്തില്‍ എന്തെങ്കിലും ആശ്വാസ പ്രഖ്യാപനത്തിന് കാതോര്‍ത്തപ്പോള്‍ കേട്ടത് അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഏക സിവില്‍ കോഡ് കൊണ്ടുവരുമെന്നാണ്. പൗരത്വ നിയമത്തിനും ഏക സിവില്‍ കോഡിനും രാജ്യത്തിന്റെ പട്ടിണി മാറ്റാന്‍ കഴിയുമോ? ഇനിയും നമ്പറിട്ട് വെച്ചിരിക്കുന്ന പള്ളികള്‍ പൊളിഞ്ഞു വീണാല്‍ അത് രാജ്യത്ത് സാമ്പത്തിക ഭദ്രത ഉണ്ടാക്കുമോ?

കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം ഇതൊന്നുമല്ലെന്ന് വ്യക്തം. അവര്‍ രാജ്യത്തെ പ്രജകളെ തമ്മില്‍ തല്ലിക്കുന്ന, കൊല്ലിക്കുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഒരു ജനതയെ എങ്ങനെ ഉന്മൂലനം ചെയ്യാമെന്നതാണ് അവരുടെ ഗവേഷണം. മനുഷ്യ ജീവന് ചാണകത്തിന്റെ വിലയില്ലാതാക്കുന്ന ഉത്തരേന്ത്യന്‍ കുടില തന്ത്രങ്ങള്‍ പക്ഷേ കേരളത്തില്‍ മാത്രം എന്തുകൊണ്ട് ക്ലച്ച് പിടിക്കുന്നില്ല എന്നത് അവരുടെ ഉറക്കം കെടുത്തുന്നു. മലയാളികള്‍ ഇപ്പോഴും മമ്പുറം തങ്ങന്‍മാരുടെയും ആലി മുസ്ലിയാരുടെയും ഗുരുദേവന്റെയും മന്നത്തപ്പന്റെയും അനുയായികള്‍ തന്നെയാണ്. മലയാളക്കരയെ കാവി പുതപ്പിക്കാന്‍ ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് കാരണവും മറ്റൊന്നല്ല. നിയമസഭയില്‍ ആകെ ഉണ്ടായിരുന്ന ഒരു പ്രതിനിധി പോലും ഇല്ലാതായെങ്കിലും, തിരഞ്ഞെടുപ്പുകളില്‍ കെട്ടിവെച്ച കാശ് നിരന്തരം നഷ്ടമാകുന്നെങ്കിലും മലയാളക്കരയുടെ പൊതു മനസ്സിനെ മലിനമാക്കാന്‍ അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മാന്‍പേടകള്‍ തമ്മില്‍ കൊമ്പുകോര്‍ത്താല്‍ അവയെ കൊന്നു തിന്നാന്‍ ഏറെ വിയര്‍ക്കേണ്ടതില്ലെന്ന് അറിയുന്ന സിംഹത്തിന്റെ നയമാണ് ഇപ്പോള്‍ കേരളത്തില്‍ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നത്. ക്രിസ്ത്യന്‍ – മുസ്ലിം സമുദായങ്ങളെ തമ്മില്‍ തെറ്റിക്കുന്നതാണ് ആദ്യ ചുവട്. അത്യന്തം ആപത്കരമാണിത്. കണ്ണന്താനത്തിന്റെ കേന്ദ്ര മന്ത്രി സ്ഥാനം കേരളത്തിലെ ക്രിസ്ത്യന്‍ സഭകളിലേക്കുള്ള സംഘി പാലമായിരുന്നു. ഡല്‍ഹിയിലെ വിവിധ ഡയോസിസുകള്‍ അതിന് വേദികളായി. സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള തമിഴ്നാട് മോഡല്‍ പരീക്ഷണവും കേരളത്തില്‍ ഫലം കണ്ടില്ല. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറായി ഇറക്കുമതി ചെയ്തും അബ്ദുല്ലക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനാക്കിയുമുള്ള കളികളെ മുസ്ലിം സമുദായം തമാശയായാണ് കാണുന്നത്.

അതിനിടെ കേരളീയ സാമൂഹിക ജീവിതത്തിന്റെ പാര്‍ശ്വങ്ങളിലൂടെ പതുക്കെപ്പതുക്കെ സംഘ്പരിവാരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പ്ലാന്‍-ബി യാണ് ഇപ്പോള്‍ ചെറിയ ചലനങ്ങള്‍ ഉണ്ടാക്കുന്നത്. കേരളത്തിലെ സംസ്‌കാര ചിത്തരായ മുന്നാക്ക ജാതി സമൂഹങ്ങളും അവര്‍ക്ക് നേതൃത്വം നല്‍കുന്ന എന്‍ എസ് എസും എന്നോ തള്ളിക്കളഞ്ഞതാണീ പ്ലാന്‍ – ബി. ഇവര്‍ വിഭാവന ചെയ്യുന്ന ബ്രാഹ്‌മണിക്കല്‍ ആധിപത്യത്തെ തള്ളിക്കളഞ്ഞ ചട്ടമ്പിസ്വാമികളുടെ അതേ ആര്‍ജവത്തോടെ ചങ്ങനാശ്ശേരി ഇന്നും മുഖ്യധാരയില്‍ ഉണ്ട്.

ഇടക്കാലത്ത് വെള്ളാപ്പള്ളി കൊത്തിയ ചൂണ്ടയാണത്. പക്ഷേ പ്രബുദ്ധരായ ഈഴവ സമൂഹം വെള്ളാപ്പള്ളിയുടെ പിന്നാലെ പോയില്ല. ബി ജെ ഡി എസ് ഇന്നും രാഷ്ട്രീയ കമ്പോളത്തില്‍ എടുക്കാത്ത നാണയമായി അവശേഷിക്കുന്നത് അതുകൊണ്ടാണ്. ചാതുര്‍ വര്‍ണ്യത്തിന്റെ ചോരപൊടിഞ്ഞ പീഡനങ്ങള്‍ ഈഴവ പിന്നാക്ക വിഭാഗങ്ങള്‍ക്ക് മറക്കാനായിട്ടില്ല. സ്ത്രീകള്‍ ഉടുപ്പിടണമെങ്കില്‍ കരം കൊടുക്കണമായിരുന്നു. മുലക്കരം കൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെ തമ്പ്രാക്കന്മാര്‍ക്ക് മുമ്പില്‍ സ്വന്തം മാറുകള്‍ അറുത്ത് എറിഞ്ഞു പ്രതിഷേധിച്ച ചേര്‍ത്തലയിലെ നങ്ങേലിയെ അവരെങ്ങനെ മറക്കും. എത്ര എതിര്‍പ്പുകളെ അതിജീവിച്ചാണ് കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങള്‍ മുഖ്യധാരയിലെത്തിയത്! സ്‌കൂളില്‍ പോകാന്‍ നടത്തിയ സമരം വിജയിച്ച് ദളിത് കുട്ടി പഠിക്കാന്‍ വരുന്നതറിഞ്ഞ് ഹൃദയസ്തംഭനം വന്ന് ഹെഡ് മാസ്റ്റര്‍ മരിച്ച പത്തനംതിട്ടയിലെ പുല്ലാട് സ്‌കൂള്‍ അവരെങ്ങനെ മറക്കും? മുട്ടിനു താഴെ മുണ്ടുടുക്കാന്‍, പൊതുവഴിയേ നടന്നു പോകാന്‍, ഒരേ പന്തിയിലിരുന്ന് ഭക്ഷണം കഴിക്കാന്‍ എല്ലാം പോരാട്ടമായിരുന്നല്ലോ. 1812ലാണ് പുര ഓട് മേയാന്‍ അനുമതി നേടിയത്. അതുവരെ ആറ് കാലില്‍ പൊക്കിയ ചെറ്റക്കുടിലേ പാടുണ്ടായിരുന്നുള്ളൂ. 1815ലാണ് ദേഹത്ത് സ്വര്‍ണം അണിയാം എന്നായത്. പശു പ്രസവിച്ചാല്‍ ഈഴവനും ദളിതനും അതിനെ തമ്പുരാന് കാഴ്ചവെക്കണം. കറവ വറ്റി തടിപ്പശുവായാല്‍ ദക്ഷിണ കൊടുത്ത് തിരികെ കൊണ്ടുവന്ന് തീറ്റണം. ഈ അന്യായത്തിനെതിരെ അവകാശ സമരം നടത്തി വിജയിച്ച ആലപ്പുഴ തണ്ണീര്‍മുക്കം ഉഴുതുമ്മല്‍ കിട്ടനെ ഓര്‍ത്ത് ഈഴവ സമുദായം ഇന്നും അഭിമാനം കൊള്ളുന്നു! അങ്ങനെ അങ്ങനെ തമ്പ്രാക്കന്മാരുടെ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോരായ പഴയ ജീവിതത്തില്‍ നിന്ന് മുഖ്യധാരയിലെത്താന്‍ നിണമണിഞ്ഞ സമരങ്ങളുടെ നിരവധി കഥകള്‍ അവര്‍ക്ക് അയവിറക്കാനുണ്ട്. ആ കെട്ട കാലത്തേക്ക് മടങ്ങിപ്പോകാന്‍ അവര്‍ക്ക് മനസ്സില്ല എന്ന് സമീപകാല തിരഞ്ഞെടുപ്പുകള്‍ തെളിയിച്ചു.

ഈ തിരിച്ചറിവ് സംഘിക്കൂട്ടത്തിന്റെ പ്രവര്‍ത്തന ദിശ മാറ്റിയിരിക്കുന്നു. ചതിയുടെ വഴിയേ സഞ്ചരിച്ച ചരിത്രമുള്ളവരെയാണ് അവരിപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നത്. വെള്ളിക്കാശിന്റെ കിലുക്കം കേട്ടാല്‍ തനിസ്വരൂപം പുറത്തു വരുന്നവരുടെ പുറത്തേറിയാണ് ഇപ്പോഴത്തെ സഞ്ചാരം.

ഇതൊരു തിരക്കഥയുടെ നിറഞ്ഞാട്ടമാണ്. മൈക്ക് കാണുമ്പോള്‍ നാവിന്‍ തുമ്പില്‍ വികട സരസ്വതി വിളയാടുന്ന പി സി ജോര്‍ജിനെ ഹിന്ദു മത സമ്മേളനത്തില്‍ ഉദ്ഘാടകനാക്കിയത് യാദൃച്ഛികമല്ലല്ലോ. ജോര്‍ജ് ഈ തിരക്കഥയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് മാത്രമാണ്. ഹിന്ദുസമ്മേളനത്തിന്റെ മുഖ്യാതിഥിയാകാന്‍ എന്ത് യോഗ്യതയാണ് അയാള്‍ക്കുള്ളത്. ഹിന്ദു പണ്ഡിതനല്ല. വേദങ്ങളിലും ഉപനിഷത്തുകളിലും അവഗാഹമില്ല. സനാതന ധാര്‍മിക മൂല്യങ്ങളുടെ പ്രചാരകനുമല്ല. ഒരു തിരഞ്ഞെടുപ്പ് പരാജയത്തില്‍ പകമൂത്ത് ഒരു സമുദായത്തിനെതിരെ അതിരുവിട്ട വര്‍ത്തമാനങ്ങള്‍ പറയുന്ന ജോര്‍ജിനെ ഹിന്ദുമഹാസമ്മേ ളനത്തിന്റെ ഉദ്ഘാടകനാക്കിയ സംഘാടകരുടെ മനസ്സിനും രോഗമുണ്ട്.

കേരളത്തില്‍ പാലാ എന്ന പ്രദേശത്ത് മുസ്ലിംകള്‍ക്ക് വ്യാപാരം നടത്താന്‍ സ്ഥലം നല്‍കില്ല എന്നതില്‍ വര്‍ഗീയത ലേശവും കാണാത്ത ജോര്‍ജ് മൂന്ന് പതിറ്റാണ്ട് തനിക്ക് വോട്ടു ചെയ്ത സമുദായം ഒരു പ്രാവശ്യം മാറിച്ചിന്തിച്ചത് കൊടും വര്‍ഗീയതയായി വിശദീകരിക്കുകയാണ്. ഏഴ് പ്രാവശ്യം ഈരാറ്റുപേട്ടയിലെ മുസ്ലിംകള്‍ ജോര്‍ജിനെ ജയിപ്പിച്ചു. അങ്ങനെ 33 കൊല്ലം അയാള്‍ നിയമസഭയിലിരുന്നു. ഇതിനിടെ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പായി. അപ്പോഴെല്ലാം ജോര്‍ജിന് മുസ്ലിംകള്‍ നല്ലവരായിരുന്നു. മുസ്ലിംകളിലെ തീവ്രസ്വഭാവമുള്ള ചില സംഘടനകളോട് പോലും അയാള്‍ ചങ്ങാത്തത്തിലായിരുന്നു. അവരുടെ പതാക പോലും തോളിലേറ്റി നടന്നു. അറബിയിലെ അഭിവാദ്യ വചനങ്ങള്‍ കാണാതെ പഠിച്ചു. അത് മുസ്ലിംകളുടെ വേദികളില്‍ പറഞ്ഞ് കൈയടി നേടി. പ്രവാചകനെ വാനോളം പുകഴ്ത്തി. തിരുനബിയുടെ ചികിത്സാ രീതിയിലെ ഹിജാമ പല പ്രാവശ്യം ചെയ്തു.

പല തവണ അയാള്‍ പാര്‍ട്ടി മാറി. കേരള കോണ്‍ഗ്രസ്സ്, പിന്നെ ജോസഫ് ഗ്രൂപ്പ്. തുടര്‍ന്ന് മാണി ഗ്രൂപ്പ്, ശേഷം കേരള കോണ്‍. സെക്യുലര്‍. അപ്പോഴൊന്നും ഈരാറ്റുപേട്ടക്കാര്‍ മാറിയില്ല. ജോര്‍ജിനെ കട്ടയ്ക്ക് പിന്തുണച്ചു കൊണ്ടിരുന്നു. ഒടുവില്‍ അയാളിലെ സംഘി ചങ്ങാത്തം മറനീക്കി പുറത്തുവന്നപ്പോള്‍ ഈരാറ്റുപേട്ടക്കാര്‍ ജനാധിപത്യത്തില്‍ അനുവദനീയമായ ഒരു ചോയ്സ് എടുത്തു എന്നല്ലാതെ മറ്റൊരു പാതകവും ചെയ്തില്ല.

ഈരാറ്റുപേട്ടയില്‍ മുസ്ലിംകളുടെ ചായക്കടയില്‍ വന്ധ്യംകരണത്തിനുള്ള സത്ത് ചേര്‍ക്കുന്നു എന്ന് ജോര്‍ജ് പറഞ്ഞത് കല്ലുവെച്ച നുണയാണെന്ന് അറിയാത്തവരായി ആരാണുള്ളത്. സ്വന്തം സമുദായം അന്യം നിന്നു പോകാന്‍ കാരണക്കാരനാകുന്ന അയാളെ പോലീസിന് കാട്ടിക്കൊടുക്കാന്‍ ജനപ്രതിനിധിയായിരുന്ന കുഞ്ഞുമോനച്ചായന് ബാധ്യതയുണ്ടായിരുന്നു. ഇനി കുഞ്ഞുമോന്‍ പറഞ്ഞതാണ് കളവെങ്കില്‍ അയാളെ തുറുങ്കിലടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തള്ളിപ്പറയാനെങ്കിലും കുഞ്ഞുമോന്റെ സമുദായ നേതൃത്വം മുന്നോട്ടു വരണമായിരുന്നു. സഭകളും അച്ചന്മാരും മുന്‍കൈയെടുത്ത് ജോര്‍ജിന് സ്വീകരണം നല്‍കുകയല്ലേ ചെയ്തത്. ഇതിലൂടെ ക്രിസ്ത്യന്‍ നേതൃത്വം എന്ത് സന്ദേശമാണ് കേരളത്തിന് നല്‍കുന്നതെന്ന് വ്യക്തം. കസ്റ്റഡിയിലിരുന്ന പി സി ജോര്‍ജിന് പിന്തുണയുമായി സര്‍ക്കാര്‍ ചെലവില്‍ കേന്ദ്ര മന്ത്രി ഔദ്യോഗിക

വാഹനവും പരിവാരങ്ങളുമായി തലസ്ഥാനത്ത് നന്ദാവനത്തെ എ ആര്‍ ക്യാമ്പില്‍ എത്തിയത് ജോര്‍ജിനും ആവേശം പകര്‍ന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രി ആകില്ല എന്ന തോന്നല്‍ വന്നതോടെ യു ഡി എഫില്‍ നിന്നകന്നു തുടങ്ങിയ ക്രിസ്ത്യന്‍ സഭകളെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള ബന്ധപ്പാടിലാണ് എല്‍ ഡി എഫും ബി ജെ പിയും. ഇതു തിരിച്ചറിയുന്ന സഭാ നേതാക്കള്‍ ഒരേ സമയം ഇരു വിഭാഗത്തില്‍ നിന്നും കിട്ടാവുന്നതെല്ലാം വാരിക്കൂട്ടുകയാണ്. സത്യത്തില്‍ സംഘ്പരിവാരത്തെ സംഘടിതമായി എതിര്‍ക്കേണ്ടവരാണ് മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും. ഈ മൂന്ന് വിഭാഗത്തെയും ക്രമപ്രകാരം ഉന്മൂല നാശം വരുത്തുകയാണ് സംഘിന്റെ പ്രഖ്യാപിത ലക്ഷ്യം. അതില്‍ ആദ്യത്തേത് മാത്രമാണ് മുസ്ലിംകള്‍. അതിനിപ്പോള്‍ കേരളത്തില്‍ കരുവാകുന്നത് ക്രിസ്ത്യാനികളും.

 

nahahakkim@gmail.com

Latest