Connect with us

punjab congress issue

പി സി സി അധ്യക്ഷ സ്ഥാനം ആലങ്കാരികം; സിദ്ധുവിന്റെ രാജിക്ക് കാരണങ്ങളേറെ

പഞ്ചാബില്‍ സര്‍ക്കാറിലോ പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നതിലോ തന്നെ ഹൈക്കമാന്‍ഡും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും വിശ്വാസത്തിലെടുക്കുന്നില്ലെന്ന തിരിച്ചറിവിലാണ് രണ്ട് മാസവും ഒരാഴ്ചയും മാത്രം നീണ്ടു നിന്ന സ്ഥാനം രാജിവെച്ച് സിദ്ധുവിന് ഇറങ്ങിപ്പോകേണ്ടിവന്നിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷനെന്നതിലുപരി മുതിര്‍ന്ന നേതാവെന്ന പരിഗണനപോലും ലഭിക്കുന്നില്ലെന്ന തോന്നലിലാണ് വ്യക്തിത്വം പണയപ്പെടുത്തിയും സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ലെന്ന തീരുമാനത്തിലേക്ക് സിദ്ധു എത്തുന്നത്

Published

|

Last Updated

പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്ത് രണ്ട് മാസവും ഒരു ദിവസവും പൂര്‍ത്തയാക്കിയതിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് പി സി സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരിക്കുകയാണ്. സിദ്ധുവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഡല്‍ഹിയിലെത്തി ബി ജെ പി നേതാക്കളെ കണ്ടേക്കും എന്ന വാര്‍ത്ത പുറത്ത് വന്ന അതേ ദിവസമാണ് സിദ്ധു പി സി സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് എന്നതാണ് പ്രഖ്യാപനത്തെ കൂടുതല്‍ നാടകീയമാക്കിയത്.

മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് സ്ഥാനത്തുണ്ടായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ കടുത്ത വിമര്‍ശനങ്ങളും പ്രചാരണങ്ങളുമായിരുന്നു സിദ്ധു ക്യാമ്പ് നടത്തിയത്. ഈ പ്രചാരണങ്ങള്‍ക്കൊടുവില്‍ അമരീന്ദര്‍ സിംഗിന് രാജിവെക്കേണ്ടിയും വന്നു. എന്നാല്‍, ആറ് മാസത്തിനപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ താനില്ലെന്ന് മനസിലാക്കിയ സിദ്ധു ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സിദ്ധുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ഏത് വിധേനയും തടയും എന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കൂടി പ്രഖ്യാപിച്ചതോടെ തന്റെ നേതൃത്വത്തിന് സംസ്ഥാനത്ത് വിലകല്‍പ്പിക്കുന്നില്ല എന്ന തോന്നല്‍ സിദ്ധുവില്‍ ശക്തമായി. നിലവിലെ ഉപമുഖ്യമന്ത്രിയായ സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉയര്‍ച്ച തടയാനാണ് പഞ്ചാബിന്റെ ആദ്യ ദലിത് മുഖ്യമന്ത്രി എന്ന കാര്‍ഡിറക്കി ചന്നിയെ സിദ്ധു ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. എന്നാല്‍, ചന്നിയുമായും സിദ്ധുവിന് അത്ര സുഖകരമായ ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

ഉദ്യോഗസ്ഥ വൃന്ദത്തില്‍ സ്വാധീനമാര്‍ക്കാണോ അവര്‍ സര്‍ക്കാറിനെ നിയന്ത്രിക്കുക എന്നതാണ് പഞ്ചാബ് ഭരണത്തിലെ പൊതുരീതി. കലാപക്കൊടിക്കൊടുവില്‍ ക്യാപ്റ്റന്‍ രാജിവെച്ചതോടെ അദ്ദേഹത്തോട് അടുത്ത സംസ്ഥാനത്തെ ഉദ്യോഗസ്ഥ വൃന്ദം സിദ്ധുവുമായി പൂര്‍ണ്ണ നിസ്സഹകരണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം തന്റെ ആഞ്ജാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ വേണമെന്ന് സിദ്ധു ആഗ്രഹിച്ചെങ്കിലും ചന്നിക്ക് ഇതുമായി യോജിച്ച് പോകാന്‍ കഴിഞ്ഞില്ല. മാസങ്ങള്‍ക്കപ്പുറത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി പ്രസിഡന്റിന്റെ റബ്ബര്‍ സ്റ്റാമ്പ് ആയി പ്രവര്‍ത്തിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ചന്നി വ്യക്തമാക്കിയതോടെ തനിക്ക് ഭരണത്തില്‍ പിടിവിടുന്നതായി സിദ്ധുവിന് മനസ്സിലായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡി ജി പി സ്ഥാനങ്ങളിലേക്ക് ചന്നി തന്റെ വിശ്വസ്തരെ തന്നെ നിയോഗിച്ചു.

തന്റെ അടുത്ത ചില അനുയായികളെ പുതിയ മന്ത്രിസഭയില്‍ മന്ത്രിമാരാക്കാന്‍ സിദ്ധുവിന് സാധിച്ചെങ്കിലും അവിടെയും അദ്ദേഹം അതൃപ്തനായിരുന്നു. വകുപ്പ് വീതം വെപ്പില്‍ തന്റെ ഇഷ്ടക്കാര്‍ക്ക് സുപ്രധാന വകുപ്പുകള്‍ ലഭിക്കാന്‍ വേണ്ടികരുക്കള്‍ നീക്കിയ സിദ്ധുവിന് അവിടെയും പാളി. വകുപ്പ് തീരുമാനിക്കുന്നതില്‍ സിദ്ധുവിന്റെ ആഗ്രഹങ്ങളെ ചന്നി നേരത്തേ തടയിട്ടു. സിദ്ധുവിന്റെ അഭിലാഷങ്ങള്‍ക്ക് എതിരായി ഉപമുഖ്യമന്ത്രി രണ്‍ധാവയെ ചന്നി ആഭ്യന്തര മന്ത്രിയായി നിയമിച്ചു. ഇത് കൂടെ പൂര്‍ത്തിയായതോടെ താന്‍ തീര്‍ത്തും അരികുവത്കരിക്കപ്പെട്ടതായി സിദ്ധുവിന് തോന്നി.

ഇതിന് പുറമേ സിദ്ധുവിന് കൂടുതല്‍ ക്ഷീണമുണ്ടാക്കുന്ന നടപടികള്‍ മന്ത്രിസഭാ രൂപീകരണത്തിലുണ്ടായി. 2018 ല്‍ അനധികൃത മണല്‍ ഘനന കേസില്‍ കുറ്റാരോപിതനായ റാണാ ഗുര്‍ജിത് സിംഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ സിദ്ധുവിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഇതിനെതിരെ ആറ് എം എല്‍ എമാര്‍ പി സി സി പ്രസിഡന്റ് ആയ സിദ്ധുവിന് കത്ത് നല്‍കുകപോലുമുണ്ടായി. ഇവിടെയും പി സി സി പ്രസിഡന്റായ തന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാതെ തന്റെ അടുത്ത സഹായിയായ കുല്‍ജിത് സിംഗ് നാഗ്രയെ മന്ത്രിസ്ഥാനത്തുനിന്നും ഒഴിവാക്കി റാണാ ഗുര്‍ജിത് സിംഗിനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഇതിന് പുറമെ സിദ്ധുവിന്റെ കടുത്ത വിമര്‍ശകനായ രാജ് കുമാര്‍ വെര്‍ക്കയെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് തനിക്കെതിരെ അമരീന്ദര്‍ പക്ഷത്തിന് പുറമെ മറ്റൊരു അച്ചുതണ്ട് രൂപപ്പെടുന്നു എന്ന തിരിച്ചറിവിലേക്ക് സിദ്ധുവിനെക്കൊണ്ടെത്തിച്ചു.

സര്‍ക്കാറിന്റെ പുതിയ അഡ്വക്കേറ്റ് ജനറലിനെ തീരുമാനിച്ചതിലും സിദ്ധു തൃപ്തനായിരുന്നില്ല. ഒടുവില്‍ പഞ്ചാബില്‍ സര്‍ക്കാറിലോ പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നതിലോ തന്നെ ഹൈക്കമാന്‍ഡും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും വിശ്വാസത്തിലെടുക്കുന്നില്ലെന്ന തിരിച്ചറിവിലാണ് രണ്ട് മാസവും ഒരാഴ്ചയും മാത്രം നീണ്ടു നിന്ന സ്ഥാനം രാജിവെച്ച് സിദ്ധുവിന് ഇറങ്ങിപ്പോകേണ്ടിവന്നിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷനെന്നതിലുപരി മുതിര്‍ന്ന നേതാവെന്ന പരിഗണനപോലും ലഭിക്കുന്നില്ലെന്ന തോന്നലിലാണ് വ്യക്തിത്വം പണയപ്പെടുത്തിയും സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ലെന്ന തീരുമാനത്തിലേക്ക് സിദ്ധു എത്തുന്നത്.

Latest