russia-ukraine peace talk
സമാധാന ചര്‍ച്ച; റഷ്യ- യുക്രൈന്‍ വിദേശകാര്യ മന്ത്രിമാര്‍ തുര്‍ക്കിയിലെത്തി
ഇതാദ്യമായാണ് ഇരുരാജ്യത്തെയും മുതിര്‍ന്ന നേതാക്കള്‍ ഒരു മേശക്ക് ചുറ്റുമിരിക്കുന്നത്.
ഇസ്താംബൂള്‍ | റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ സമാധാനം കൈവരുമെന്ന പ്രതീക്ഷ ലോകത്തിന് സമ്മാനിച്ച് ഇന്ന് തുര്‍ക്കിയില്‍ ചര്‍ച്ച. ഇതിനായി യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും തുര്‍ക്കിയിലെത്തി. തുര്‍ക്കിഷ് നഗരമായ അന്താല്യയില്‍ വെച്ചാണ് ചര്‍ച്ച.
തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കവുസോഗ്ലുവിന്റെ ക്ഷണപ്രകാരമാണ് ഇരുവരും എത്തിയത്. തുര്‍ക്കി പ്രസിഡന്റ് റജപ് ത്വയ്യിബ് ഉര്‍ദുഗാനാണ് മധ്യസ്ഥത വഹിക്കുന്നത്. സംഘര്‍ഷം ആരംഭിച്ച് ഇതാദ്യമായാണ് ഇരുരാജ്യത്തെയും മുതിര്‍ന്ന നേതാക്കള്‍ ഒരു മേശക്ക് ചുറ്റുമിരിക്കുന്നത്.
നേരത്തേ, ബെലറൂസില്‍ വെച്ച് ഇരു രാജ്യത്തെയും പ്രതിനിധികള്‍ പലപ്രാവശ്യം ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ്, സാധാരണക്കാരെ ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴി അടക്കമുള്ള വിട്ടുവീഴ്ചക്ക് റഷ്യ തയ്യാറായത്. അതിനിടെ യുക്രൈനിലെ മരിയുപോള്‍ നഗരത്തില്‍ അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയില്‍ റഷ്യ വ്യോമാക്രമണം നടത്തിയത് വംശഹത്യയുടെ അന്തിമ തെളിവാണെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.