Connect with us

cover story

ആത്മധൈര്യത്തിന്റെ കൊടുമുടികൾ

അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ ഷെയ്ഖ് ഹസന്‍ ഖാന്‍, തന്റെ അടുത്ത ലക്ഷ്യവും ആറാമത്തേതുമായ അര്‍ജന്റീനയിലെ മൗണ്ട് അക്കോണ്‍കാഗ്വാ കയറിത്തുടങ്ങും. ആഗോള താപനവും തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴ് വന്‍കരകളിലെയും ഉയരം കൂടിയ കൊടുമുടികള്‍ കയറുന്ന പര്യവേഷണ ദൗത്യത്തിലാണ് ഇദ്ദേഹം. ഇതിന്റെ ഭാഗമായി കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിന്‍സണ്‍.

Published

|

Last Updated

വെല്ലുവിളികളെ ധീരമായി നേരിടാനുള്ള ഷെയ്ഖ് ഹസന്‍ ഖാന്റെ കഴിവ് ആരേയും അതിശയിപ്പിക്കും. ഏതു ദുര്‍ഘടാവസ്ഥയെയും അനായാസം തരണം ചെയ്യാനുള്ള കരുത്താണ് ഈ സാഹസികനെ ഗിരിശിഖരങ്ങളുടെ ഇഷ്ടക്കാരനാക്കിയത്. 2023 ഡിസംബറില്‍ അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ ഷെയ്ഖ് ഹസന്‍ ഖാന്‍, തന്റെ അടുത്ത ലക്ഷ്യവും ആറാമത്തേതുമായ അര്‍ജന്റീനയിലെ മൗണ്ട് അക്കോണ്‍കാഗ്വാ കയറിത്തുടങ്ങും. ആഗോള താപനവും തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴ് വന്‍കരകളിലെയും ഉയരം കൂടിയ കൊടുമുടികള്‍ കയറുന്ന പര്യവേഷണ ദൗത്യത്തിലാണ് ഇദ്ദേഹം. ഇതിന്റെ ഭാഗമായി അദ്ദേഹം കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിന്‍സണ്‍. “ഹര്‍ ദേശ് തിരംഗ’ എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ അഞ്ചുവര്‍ഷം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിൽ ഇന്ത്യന്‍ ദേശീയ പതാക പാറിക്കാനാണ് ഷെയ്ഖ് ഹസന്‍ ലക്ഷ്യമിടുന്നത്. ചിലിയില്‍ നിന്നും അര്‍ജന്റീനയിലേക്കുള്ള യാത്രക്കുള്ള തയ്യാറെടുപ്പിനിടയിലാണ് തന്റെ സാഹസിക യാത്രാനുഭവങ്ങൾ അദ്ദേഹം പങ്ക് വെച്ചത്.

പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായ ഷെയ്ഖ് ഹസന്‍ ഖാന്‍, സംസ്ഥാന ധനകാര്യ വകുപ്പില്‍ അസിസ്റ്റന്റ് സെക്്ഷന്‍ ഓഫീസറാണ്. പന്തളം കൂട്ടംവെട്ടിയില്‍ അലി അഹമ്മദിന്റെയും ഷാഹിദ ഖാന്റെയും രണ്ട് മക്കളില്‍ മൂത്തവനായ ഷെയ്ക്ക് ഹസ്സന്‍ ബി ടെക്കും എം ടെക്കും പാസായതിനുശേഷം പോസ്റ്റല്‍ വകുപ്പില്‍ അസിസ്റ്റന്റായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പില്‍ അസിസ്റ്റന്റായി ജോലി ലഭിച്ചു. ജോലിയുടെ ഭാഗമായി ദല്‍ഹിയിലെ കേരള ഹൗസില്‍ ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കവേയാണ് പർവതാരോഹണത്തെക്കുറിച്ചുള്ള ചിന്ത മനസ്സിലുദിക്കുന്നത്. ഡല്‍ഹിയില്‍നിന്നും ഡാര്‍ജിലിംഗിലേക്കുള്ള ഒരു യാത്രയാണ് ഇതിന് പ്രചോദനമായത്. അവിടെ ചെന്നപ്പോള്‍ ടൂറിസ്റ്റുകള്‍ക്ക് മുപ്പത് രൂപ നല്‍കിയാല്‍ വാള്‍ ക്ലൈംബിംഗ് ചെയ്യാമായിരുന്നു. ആ കയറ്റമാണ് എന്തുകൊണ്ട് തനിക്കും എവറസ്റ്റ് കയറിക്കൂടാ എന്ന ചിന്തയുണ്ടാക്കിയത്. എല്ലാവരുടെയും മനസ്സില്‍ ഒരു എവറസ്റ്റ് ഉണ്ടെന്നും ഉറങ്ങിക്കിടക്കുന്ന ഇത്തരം ലക്ഷ്യങ്ങളെ തിരിച്ചറിയുന്നില്ലെന്നതുമാണ് സത്യമെന്ന് ഷെയ്ഖ് ഹസന്‍ ഖാന്‍ പറയുന്നു. എല്ലാവരുടെയും ഉള്ളില്‍ ഇത്തരത്തിലുള്ള ജിജ്ഞാസയുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അത് തട്ടിയുണര്‍ത്തുമ്പോഴാണ് നമ്മുടെ ലക്ഷ്യം തിരിച്ചറിയുന്നത്. ആരുടെയെങ്കിലും പിന്തുണ കൂടിയുണ്ടെങ്കില്‍ ഇത്തരം സ്വപ്‌നങ്ങള്‍ വിദൂരമല്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

പർവതാരോഹണത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ചിന്ത ഇദ്ദേഹത്തെ കൊണ്ടെത്തിച്ചത് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഉത്തര കാശിയിലെ നെഹ്‌റു പർവതാരോഹണ പരിശീലന കേന്ദ്രത്തിലായിരുന്നു. ഒരു മാസത്തെ പരിശീലനത്തിനുശേഷം പശ്ചിമ സിക്കിമിലെ ഒരു കൊടുമുടിയാണ് ആദ്യം കീഴടക്കിയത്. പിന്നീട് അഫ്രിക്കന്‍ ഭുഖണ്ഡത്തിലെ ടാന്‍സാനിയയിലെ കിളിമഞ്ചാരോ കൊടുമുടിയും കീഴടക്കി. തുടര്‍ന്ന് എവറസ്റ്റ് കീഴടക്കുക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപ്‌നം. എന്നാല്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നതിലുപരി മറ്റൊരു വരുമാനമാര്‍ഗവുമില്ലായിരുന്നു. ഒടുവില്‍ ഭാര്യയുടെ വിവാഹ ആഭരണങ്ങളും സുഹൃത്തുക്കള്‍ കടമായി നല്‍കിയ പണവും ബേങ്ക് വായ്പയുമെല്ലാമായി മുപ്പത് ലക്ഷം രൂപ ചെലവിട്ടാണ് എവറസ്റ്റ് കീഴടക്കാനുള്ള പണം സ്വരൂപിച്ചത്. എവറസ്റ്റില്‍ കയറാനുള്ള വേഷവിധാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും യാത്രാ ചെലവിനുമെല്ലാമായിരുന്നു ഈ തുക. 2022 ഏപ്രില്‍ മാസത്തിലായിരുന്നു എവറസ്റ്റ് കീഴടക്കി അവിടെ ഇന്ത്യന്‍ പതാക പാറിച്ചത്. കേരളത്തിലെ പതിനാല് ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍നിന്നും മലകയറ്റം വിഷയമാക്കി നടത്തിയ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും ബേസ് ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എവറസ്റ്റിനു മുകളില്‍ കൊടുങ്കാറ്റായതിനാലാണ് ചിത്രങ്ങള്‍ ബേസ് ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചത്. എവറസ്റ്റ് കീഴടക്കാനുള്ള യാത്രയില്‍ 13 പേര്‍ ഉണ്ടായിരുന്നെങ്കിലും ഏഴുപേര്‍ മാത്രമായിരുന്നു മുകളിലെത്തിയത്. ബാക്കിയുള്ളവരില്‍ പലരും പല ക്യാമ്പുകളില്‍നിന്നും പിന്മാറുകയായിരുന്നു. കേരളത്തില്‍നിന്നും ഷെയ്ക്ക് ഹസന്‍ ഖാന്‍ മാത്രമാണ് അക്കൂട്ടത്തില്‍ എവറസ്റ്റ് കീഴടക്കിയവരോടൊപ്പമുണ്ടായിരുന്നത്.

എവറസ്റ്റ് കീഴടക്കിയതിനുശേഷമുള്ള പര്‍വതാരോഹണമായിരുന്നു വടക്കേ അമേരിക്കയിലെ അലാസ്‌കയിലെ മൗണ്ട് ഡെനാലിയിലേത്. 20310(6,190 മീറ്റര്‍) അടിയാണ് ഉയരം. നോര്‍ത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് ഡെനാലി. ഇന്ത്യ, യു എസ് ഫ്രണ്ട്ഷിപ്പ് എക്‌സ്‌പെഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പർവതാരോഹണ ദൗത്യ സംഘത്തില്‍ ഖാനും യു എസില്‍ നിന്നുള്ള മൂന്നുപേരുമാണുള്ളത്. എവറസ്റ്റിനേക്കാള്‍ ദുര്‍ഘടമായിരുന്നു ഡെനാലി പര്‍വതത്തിലേക്കുള്ള കയറ്റം. 51 ഡിഗ്രി സെല്‍ഷ്യസായിരുന്നു തണുപ്പ്. പോരാത്തതിന് ശക്തമായ കാറ്റും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു അവിടെ കാറ്റ് വീശിയിരുന്നത്. എവറസ്റ്റ് യാത്രയില്‍ വഴിമധ്യേയുള്ള കുഴികള്‍ അറിയാനുള്ള മാർഗമുണ്ടായിരുന്നു. മാത്രമല്ല, കുഴിയില്‍ അകപ്പെട്ടാല്‍ കരകയറാനുള്ള ഏണിയുമുണ്ടായിരുന്നു. എന്നാല്‍ ഡെനാലിയില്‍ അത്തരം സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. വഴികാട്ടികളായി ഷെര്‍പ്പകളും ഉണ്ടായിരുന്നില്ല. മൂന്ന് അമേരിക്കക്കാരായിരുന്നു കൂട്ടിനുണ്ടായിരുന്നത്. അഗാധമായ കുഴികള്‍ ശ്രദ്ധിച്ചുവേണം കയറാന്‍. 20 നാള്‍ നീണ്ടു നിന്ന ദൗത്യമായിരുന്നു ലോകത്തിലെ തണുപ്പേറിയ പര്‍വതങ്ങളിലൊന്നായ മൗണ്ട് ഡെനാലി കീഴടക്കുകയെന്നുള്ളത്. മുഴുവന്‍ സമയവും മഞ്ഞു മൂടിക്കിടക്കുന്ന , രാവെന്നോ പകലെന്നോ ഭേദമില്ലാതെ സദാസമയവും സൂര്യനുദിച്ചുനില്‍ക്കുന്ന ഡെനാലി. കഴിഞ്ഞ വര്‍ഷം എവറസ്റ്റ് കീഴടക്കിയ പിന്‍ബലമാണ് ഈ പര്‍വതാരോഹകനെ അമേരിക്കയിലെ ഡെനാലിയിലെത്തിച്ചത്.

7200 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പിലേക്കുള്ള യാത്ര വിമാനത്തിലായിരുന്നു. അവിടെനിന്നാണ് യാത്ര തുടങ്ങുന്നത്. ഐസില്‍ കൂടിയാണ് നടത്തം. സൂര്യരശ്മികള്‍ നേരിട്ട് പതിക്കുന്നതിനാല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ പതിച്ച് മുഖവും ദേഹമാസകലവും പൊള്ളലുണ്ടാകും. ഉയരം കൂടുന്തോറും ഈ രശ്മികള്‍ മഞ്ഞില്‍ പതിച്ച് അതിന്റെ പ്രതിഫലനം വളരെയധികം അലോസരങ്ങളുണ്ടാക്കിയിരുന്നു. കാലാവസ്ഥയാണെങ്കില്‍ വളരെ മോശമായിരുന്നു. ഓരോ ദിവസത്തെയും കാലാവസ്ഥയെ അടിസ്ഥാനമാക്കിയായിരുന്നു ഉയരങ്ങളിലേക്കുള്ള യാത്ര ക്രമീകരിച്ചിരുന്നത്. എല്ലാവരുടെയും കൈയില്‍ റേഡിയോ ഉണ്ടായിരിക്കും. രാത്രി എട്ട് മണിയാകുമ്പോള്‍ റേഞ്ച് ഓഫീസര്‍ അടുത്ത ദിവസത്തെ കാലാവസ്ഥയെക്കുറിച്ച് റേഡിയോയിലൂടെ സൂചന നല്‍കും. എന്നാല്‍ പലപ്പോഴും ഇത്തരം പ്രവചനങ്ങള്‍ക്കപ്പുറത്തായിരുന്നു കാര്യങ്ങള്‍. ശക്തമായ കാറ്റും അതിശൈത്യവും അള്‍ട്രാ വയലറ്റ് രശ്മികളുടെ അതിപ്രസരവും അഗാധമായ കുഴികളുമെല്ലാമായിരുന്നു പ്രതിബന്ധങ്ങളായുണ്ടായിരുന്നത്. ഇരുപത് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും ചൂടാക്കാനുള്ള പാത്രവുമെല്ലാമായി എഴുപത് കിലോയോളം ഭാരവും വഹിച്ചായിരുന്നു യാത്ര. ഒരു പ്ലാസ്റ്റിക് ബാഗിലാക്കി കെട്ടിവലിച്ചാണ് സാധനങ്ങളെത്തിച്ചിരുന്നത്. ടെന്റ് കെട്ടാനുള്ള സാമഗ്രികളും ഇക്കൂട്ടത്തിലുണ്ടാകും. ക്ഷീണം തോന്നിയാല്‍ വെള്ളം തിളപ്പിച്ച് കുടിക്കും. അതിനായി അവിടെത്തന്നെയുള്ള ഐസ് ശേഖരിച്ചാണ് വെള്ളമാക്കിയിരുന്നത്. പന്ത്രണ്ട് ദിവസമെടുത്താണ് മൗണ്ട് ഡെനാലിയുടെ മുകളിലെത്തിയത്. 2023 ജൂണ്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയോടെയാണ് ഞങ്ങള്‍ പര്‍വതശിഖരത്തില്‍ കാലുകുത്തിയത്. മുകളിലെത്തിയപ്പോള്‍ ശക്തമായ കാറ്റില്‍ മുന്പില്‍ നില്‍ക്കുന്നയാളെ പോലും കാണാനാകാത്ത അവസ്ഥയായിരുന്നു. പർവതത്തിനു മുകളില്‍ കൊടുങ്കാറ്റായതിനാല്‍ തൊട്ടുതാഴെയുള്ള ക്യാമ്പിലാണ് ഇന്ത്യന്‍ പതാക പാറിച്ചത്. മടക്കയാത്ര തുടങ്ങിയപ്പോഴേക്കും എല്ലാവരുടെയും ഫോണ്‍ നിശ്ചലമായിരുന്നു. യാതൊരുവിധ ആശയവിനിമയവും സാധ്യമല്ലാത്ത അവസ്ഥ. ദുര്‍ഘടമായ യാത്രയില്‍ സുരക്ഷിതമായി താഴെയെത്തുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. കൂടെയുണ്ടായിരുന്ന മൂന്ന് അമേരിക്കക്കാരില്‍ ഒരാള്‍ എവറസ്റ്റ് യാത്രയിലും കൂടെയുണ്ടായിരുന്നു. യാത്രക്കായി 18 ലക്ഷം രൂപയോളം ചെലവായി. താന്‍ പഠിച്ചിരുന്ന പത്തനംതിട്ട മലയാലപ്പുഴ മുസലിയാര്‍ കോളജ് മാനേജ്‌മെന്റും യാത്രക്കുള്ള പണത്തിന്റെ ഒരു ഭാഗം നല്‍കി സഹായിച്ചു. അമേരിക്കയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ അവിടെയുള്ള ചെലവും വഹിച്ചു. അതുകൊണ്ടുതന്നെ വലിയ സാമ്പത്തിക ബാധ്യത അനുഭവിക്കേണ്ടിവന്നില്ല. മടക്കയാത്രയില്‍ കൊളറാഡോയിലുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിന്റെ കൂടെയാണ് താമസിച്ചത്. ഞങ്ങളെല്ലാവരുമൊന്നിച്ച് റോക്കി പര്‍വതനിരയിലെ മൗണ്ട് എല്‍ബര്‍ട്ട് പര്‍വതത്തിന്റെ മുകളിലും എത്തിയിരുന്നതായും ഖാന്‍ പറഞ്ഞു. കൊളറാഡോയിലെ ഏറ്റവും വലിയ കൊടുമുടിയാണ് മൗണ്ട് എല്‍ബര്‍ട്ട്.

അടുത്ത ലക്ഷ്യം റഷ്യയിലെ മൗണ്ട് എല്‍ബ്രൂസായിരുന്നു. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. തെക്കുപടിഞ്ഞാറന്‍ റഷ്യയില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് എല്‍ബ്രസ് കോക്കസസ് പര്‍വതനിരകളുടെ ഭാഗമാണ്. മൗണ്ട് എല്‍ബ്രൂസിന് 5590 മീറ്റര്‍ ഉയരമുണ്ട്. മൗണ്ട് എല്‍ബ്രൂസും 2023ല്‍ എട്ട് ദിവസത്തെ യാത്ര കൊണ്ട് ഷെയ്ഖ് ഹസന്‍ ഖാന്‍ കീഴടക്കി.
അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി വിന്‍സണ്‍ പര്‍വതത്തിന് മുകളില്‍ ഈ മാസം 12ന് പ്രാദേശിക സമയം രാത്രി 8.40നാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ എത്തുന്നത്. 4892(16050 അടി) മീറ്ററാണ് ഉയരം. മൈനസ് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന താപനിലയിലാണ് താന്‍ കൊടുമുടി കയറിയതെന്ന് അദ്ദേഹം പറഞ്ഞു.

ആറാമത്തെ ലക്ഷ്യം അര്‍ജന്റീനയിലെ മൗണ്ട് അക്കോണ്‍കാഗ്വായാണ്. ഹിമാലയത്തിന് പുറത്തുള്ള ലോകത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് അക്കോണ്‍കാഗ്വാ. സൗത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഇതാണ്. മൗണ്ട് അക്കോണ്‍കാഗ്വാ ലക്ഷ്യമാക്കി അര്‍ജന്റീനയിലേക്കുള്ള യാത്ര യിലാണ് ഷെയ്ഖ് ഹസന്‍ ഖാന്‍.
കാലാവസ്ഥാ വ്യതിയാനം കൊടുമുടികളില്‍ പ്രകടമാണെന്ന് ഖാന്‍ പറയുന്നു. വളരെ പെട്ടെന്ന് കൊടുമുടികള്‍ക്ക് മുകളില്‍ നിന്നും മഞ്ഞുരുകി മാറുന്ന പ്രതിഭാസം നേരിട്ടനുഭവിച്ചതായും ഖാന്‍ പറഞ്ഞു. തന്റെ ദൗത്യത്തില്‍ ഗൈഡായി വരുന്നവരും ഇക്കാര്യം വ്യക്തമാക്കുന്നു. അവര്‍ പല പ്രാവശ്യം ഇത്തരം ദൗത്യങ്ങളുടെ ഭാഗമായിട്ടുള്ള പരിണിത പ്രജ്ഞരാണ്. അവരും പറയുന്നു കാലാവസ്ഥ വ്യതിയാനം കാരണം കൊടുമുടികള്‍ക്ക് മുകളില്‍ നിന്നും വളരെ പെട്ടെന്ന് മഞ്ഞുരുകി മാറുകയാണെന്നാണ്. ഇതുമൂലം മഞ്ഞിന്റെ അടിയിലുള്ള പാറകള്‍ കൊടുമുടികളുടെ ഭാഗത്ത് തെളിഞ്ഞുവന്നിരിക്കുന്നതായും ഗൈഡുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഗോള താപനത്തില്‍ ഒന്നര മുതല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വ്യതിയാനം പോലും കടുത്ത ആഘാതമാണ് പ്രകൃതിയില്‍ സൃഷ്ടിക്കുക. അത് ലോകത്തിലെ പ്രധാന പര്‍വതങ്ങളെ തന്നെയാണ് ആദ്യം ബാധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയെയും ജലാശയങ്ങളെയും അവസാനം കുടിവെള്ളം മുട്ടിക്കുമെന്നും ഖാന്‍ പറഞ്ഞു. അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകിയാല്‍ ലോകം തന്നെ മുങ്ങിപ്പോകുമെന്ന് ഭയക്കുന്നതായും ഷെയ്ഖ് ഹസന്‍ ആശങ്ക പ്രകടിപ്പിച്ചു.
സ്‌പോണ്‍സര്‍മാരുണ്ടെങ്കിലേ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ എന്നാണ് ഇദ്ദേഹം പറയുന്നത്. യാത്രകളിലൂടെ ലഭിക്കുന്ന ഊര്‍ജം മറ്റുള്ളവരിലേക്കുകൂടി പകര്‍ന്നുനല്‍കാന്‍ ഈ പര്‍വതാരോഹകന്‍ ശ്രമിക്കാറുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസുകളും നല്‍കാറുണ്ട്. യാത്രയുടെ ബാക്കിപത്രമെന്നു പറയാന്‍ പത്ത് കിലോ ഭാരം കുറഞ്ഞു എന്നുള്ളതാണ്. മാത്രമല്ല, മുഖമെല്ലാം പൊള്ളിപ്പോയിരുന്നു. ബി ടെക്കുകാരിയായ ഖദീജാറാണിയാണ് ഭാര്യ. മകള്‍ ജഹനാരാ മറിയം. മാതാപിതാക്കളും ഭാര്യയും മകളും നല്‍കുന്ന കരുത്താണ് തനിക്ക് പ്രചോദനമെന്ന് ഇച്ഛാശക്തിയുള്ള ഈ പർവതാരോഹകൻ പറയുന്നു.
.

Latest