PM security breach
കര്‍ഷക പ്രതിഷേധം അപായശ്രമമായി ചിത്രീകരിക്കുന്നു; ട്വിറ്ററില്‍ ട്രെന്‍ഡിംഗ് പഞ്ചാബ്
സംഘ്പരിവാര്‍ അനുകൂലികള്‍ കൂട്ടത്തോടെ പ്രധാനമന്ത്രിക്ക് അനുകൂലമായ പോസ്റ്റുകളുമായി രംഗത്തെത്തിയതോടെ ലോംഗ് ലിവ് പി എം മോദി എന്ന ഹാഷ്ടാഗ് ആണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ്
ന്യൂഡല്‍ഹി | കഴിഞ്ഞ ദിവസം പഞ്ചാബിലെ സന്ദര്‍ശനത്തിനിടെ നരേന്ദ്രമോദിക്കെതിരെയുള്ള കര്‍ഷക പ്രതിഷേധം പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമായി ചിത്രീകരിക്കാന്‍ സംഘ്പരിവാര്‍ ശ്രമം. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇത്തരത്തില്‍ കടുത്ത പ്രചരണമാണ് ബി ജെ പി ഹാന്‍ഡിലുകളില്‍ നിന്നും ഉണ്ടാവുന്നത്. സംഘ്പരിവാര്‍ അനുകൂലികള്‍ കൂട്ടത്തോടെ പ്രധാനമന്ത്രിക്ക് അനുകൂലമായ പോസ്റ്റുകളുമായി രംഗത്തെത്തിയതോടെ ലോംഗ് ലിവ് പി എം മോദി എന്ന ഹാഷ്ടാഗ് ആണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ്. മോദി ആയിരം വര്‍ഷം ജീവിക്കട്ടെ, പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന ആവശ്യങ്ങളുമായും ഹാഷ്ടാഗുകള്‍ ട്വീറ്ററില്‍ ട്രെന്‍ഡിംഗില്‍ ആദ്യ സ്ഥാനങ്ങളിലുണ്ട്.
കേന്ദ്ര മന്ത്രിമാരുള്‍പ്പടെയുള്ള ബി ജെ പി നേതാക്കള്‍ മോദിക്ക് ആയുരാരോഗ്യം നേര്‍ന്ന് വിവിധ ക്ഷേത്രങ്ങളില്‍ പൂജകളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ലോംഗ് ലിവ് പി എം മോദി എന്ന ഹാഷ്ടാഗ് ലോകത്തിലെ തന്നെ ട്രെന്‍ഡിംഗ് ടാഗ് ആക്കി മാറ്റണം എന്ന് പരസ്യമായി തന്നെ സംഘ് അനുകൂലികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതുവഴി പ്രധാനമന്ത്രി നേരെയുണ്ടായ കര്‍ഷക പ്രതിഷേധം പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ ബോധപൂര്‍വ്വം നടത്തിയ നീക്കമായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്.
പഞ്ചാബില്‍ തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെ ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. 130 കോടി ജനങ്ങള്‍ മോദിക്കൊപ്പമുണ്ടെന്നും എന്നാല്‍ ഒരു വിഭാഗം മോദിയെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുമെന്നും വരുത്തി തീര്‍ക്കാനാണ് ബി ജെ പി ശ്രമം.
പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായതിന് പിന്നാലെ സുരക്ഷാ വീഴ്ച സംസ്ഥാന സര്‍ക്കാറിന്റെ കഴിവുകേടായി ചിത്രീകരിക്കാന്‍ നേരത്തേ ബി ജെ പി ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് പിന്തുണയുമായി സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു.