pegasusspyware
വീണ്ടും പെഗാസസ്; ഫലസ്തീനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഫോണില്‍ സ്‌പൈവെയര്‍ സാന്നിധ്യം
ഫലസ്തീനില്‍ പെഗാസസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തലാണ് ഇത്
ജെറുസലേം | വിവാദമായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സ്‌പൈവെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്താനുള്ള ശ്രമം വീണ്ടും. ഫലസ്തീനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഫോണിലാണ് ഇത്തവണ സ്‌പൈവെയറിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായി നേരത്തെ ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ആരോപിച്ചിരുന്നു. ഇസ്രാഈല്‍ ചാരസോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ എന്‍ എസ് ഓ ഗ്രൂപ്പ് നിര്‍മ്മിച്ച പെഗാസസ് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ- സാമൂഹ്യ- മാധ്യമ പ്രവര്‍ത്തരുടെ ഫോണ്‍ ചോര്‍ത്താന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.
ഫലസ്തീനില്‍ പെഗാസസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തലാണ് ഇത്. മുഹമ്മദ് അല്‍ മസ്‌കറ്റി എന്ന ഗവേഷകനാണ് ഫലസ്തീനിയന്‍ പൊതു പ്രവര്‍ത്തകരുടെ ഫോണില്‍ സ്‌പൈവെയര്‍ സാന്നിധ്യം കണ്ടെത്തിയത്. 2020 ജൂലായ് മുതലാണ് ഇവരുടെ ഫോണില്‍ സ്‌പൈവെയര്‍ സാന്നിധ്യം കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും ഗവേഷകര്‍ അറിയിച്ചു.