dhoni elephant
ധോണിയുടെ ശരീരത്തിൽ പെല്ലറ്റുകൾ കണ്ടെത്തി; വെടിയേറ്റത് നാടൻ തോക്കിൽ നിന്ന്
15 പെല്ലറ്റുകളാണ് കണ്ടെത്തിയത്.
പാലക്കാട് | ധോണിയിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ ധോണി എന്ന പി ടി7ൻ്റെ ശരീരത്തിൽ പെല്ലറ്റുകൾ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 15 പെല്ലറ്റുകളാണ് കണ്ടെത്തിയത്. നാടന്‍ തോക്കില്‍ നിന്നാണ് ആനക്ക് വെടിയേറ്റത്. അവയിൽ ചിലത് പെല്ലറ്റ് ചീളുകളാണ്. ധോണിയെ അക്രമാസക്തമാക്കുന്നതിൽ ശരീരത്തിലേറ്റ പെല്ലറ്റുകളുടെ വേദനയും പ്രധാന ഘടകമായിട്ടുണ്ട് എന്നാണ് വനം വകുപ്പിൻ്റെ വിലയിരുത്തൽ. വനം വകുപ്പ് ചികിത്സ തുടങ്ങിയിട്ടുണ്ട്.
ധോണി ഇന്നലെയും കൂട്ടിലെ രണ്ട് തൂണുകള്‍ കൊമ്പ് കൊണ്ട് ഇടിച്ച് തകര്‍ക്കാൻ ശ്രമിച്ചിരുന്നു. കൂടുതല്‍ ഭാഗം തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പാപ്പാന്മാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തടയുകയായിരുന്നു. തുടർന്ന് തകർത്ത രണ്ട് തൂണുകള്‍ക്ക് പകരം തൂണ് സ്ഥാപിച്ചതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പിടികൂടിയ പി ടിക്ക് മദപ്പാടിന്റെ ലക്ഷണമുണ്ടായിരുന്നു. ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശാന്തനായെങ്കിലും ഇന്നലെ വീണ്ടും അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം കൂട്ടിലടക്കുന്ന ആനകള്‍ ചെറിയ പരാക്രമം കാണിക്കുക പതിവാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ കൂട് പൊളിക്കാന്‍ ശ്രമം നടത്തിയിരുന്നു. പരാക്രമം പൂർണമായി അവസാനിച്ചാല്‍ പരിശീലനം നല്‍കാന്‍ തുടങ്ങും. പി ടി ഏഴാമനെ മെരുക്കുന്നതിന് പറമ്പിക്കുളം കോഴികമിത്തി സ്വദേശികളായ മണികണ്ഠനെയും മാധവനെയും മുത്തങ്ങയില്‍ നിന്ന് ചന്ദ്രനെയും ഗോപാലനെയും പാപ്പാന്മാരായി നിയമിച്ചിട്ടുണ്ട്. ഇവര്‍ ആനയുമായി സൗഹൃദം സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ്. പാപ്പാന്മാരുമായി അടുത്തില്ലെങ്കിലും അവര്‍ നല്‍കുന്ന ഭക്ഷണവും പുല്ലും ഇലകളും കഴിച്ച് തുടങ്ങി. ആരോഗ്യനിലയും മെച്ചപ്പെട്ട് വരുന്നതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.